Connect with us

International

സൈനിക ശക്തി ദുരുപയോഗപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കണം: യു എസിനോട് ചൈന

Published

|

Last Updated

ബീജിംഗ് | സൈനിക ശക്തിയെ ദുരുപയോഗപ്പെടുത്തുന്ന നടപടി അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈന. അമേരിക്കയുടെ അപകടകരമായ പ്രവര്‍ത്തന രീതികള്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന ചട്ടങ്ങളെ ലംഘിക്കുന്നതാണെന്ന് ചൈനീസ് വിദേശ മന്ത്രി വാങ് യി പറഞ്ഞു. പശ്ചിമേഷ്യയില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിനുള്ള സൃഷ്ടിപരമായ ശ്രമങ്ങള്‍ ബീജിംഗ് തുടരുമെന്ന് ഇറാന്‍ വിദേശ മന്ത്രി മുഹമ്മദ് ജവാദ് സാരിഫുമായി ഫോണില്‍ സംസാരിക്കവെ വാങ് വ്യക്തമാക്കി. ബഗ്ദാദില്‍ യു എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ പ്രമുഖ സൈനിക കമാന്‍ഡറും ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ തലവനുമായ ഖാസിം സുലൈമാനിയും ഇറാഖ് കമാന്‍ഡര്‍ ശിയ ഹാഷ് അല്‍ ഷാബിയും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇരു നേതാക്കളും തമ്മിലുള്ള ആശയവിനിമയം നടന്നത്.

“യു എസിന്റെ സൈനിക നടപടികള്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന ചട്ടങ്ങളെ ലംഘിക്കുന്നതും മേഖലയിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നതുമാണ്. ഇത്തരം വിഷയങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നതിനെ ചൈന എതിര്‍ക്കുന്നു.”-വാങ് യി വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ യു എസ് സ്വീകരിക്കുന്ന നയം പരാജയമാണെന്നതു വ്യക്തമാണ്. നിലവിലെ സര്‍ക്കാറിന് പിന്തുണ ലഭിക്കുന്നതിന് വോട്ടര്‍മാരെ എങ്ങനെ പ്രീണിപ്പിക്കാന്‍ കഴിയുമെന്നതാണ് വാഷിംഗ്ടന്റെ നോട്ടം. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാലാധിഷ്ഠിത പരിഹാരം കണ്ടെത്തുന്നതിന് അമേരിക്കക്ക് താത്പര്യമില്ല. അതിനു പകരം ഹ്രസ്വകാല സൈനിക നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.