നുണകൾ പൊളിച്ച് നമ്മള്‍ ജയിക്കും

പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും വഴി തങ്ങൾ മുന്നിൽ കണ്ടിരുന്ന ലക്ഷ്യങ്ങൾ നേടാൻ പോകുന്നില്ലെന്നു ബോധ്യമായതുകൊണ്ടാകാം ആർ എസ് എസ് തന്നെ ഇപ്പോൾ ബോധവത്കരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
Posted on: January 5, 2020 11:33 am | Last updated: January 12, 2020 at 11:49 am

ആഴ്ചകളായി ഇന്ത്യൻ ജനത തെരുവിലാണ്. ആസാദി മുദ്രാവാക്യങ്ങൾ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ മുഴങ്ങികൊണ്ടേയിരിക്കുന്നു. മത, ജാതി, ഭാഷാ വൈവിധ്യങ്ങളുടെ മതിൽക്കെട്ടുകൾ തകർത്താണ് ജെ എൻ യു വഴി പരിചിതമായി ആസാദി മുദ്രാവാക്യങ്ങൾ ഇപ്പോൾ രാജ്യം വിളിച്ചുകൊണ്ടിരിക്കുന്നത്. പുതുവത്സര പിറവി പോലും ഈ നാട്് വരവേറ്റത് ദേശീയ ഗാനമാലപിച്ചും പ്രതിഷേധമുദ്രാവാക്യങ്ങൾ വിളിച്ചുമായിരുന്നു. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിലൂടെ ഭരണകൂട ബുദ്ധികേന്ദ്രങ്ങൾ ലക്ഷ്യം വെച്ചിരുന്ന എല്ലാ തന്ത്രങ്ങളും ഈ ജനത തോൽപ്പിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും വഴി തങ്ങൾ മുന്നിൽ കണ്ടിരുന്ന ലക്ഷ്യങ്ങൾ നേടാൻ പോകുന്നില്ലെന്നു സ്വയം ബോധ്യമായതുകൊണ്ടാകാം ആർ എസ് എസ് തന്നെ ഇപ്പോൾ ബോധവത്കരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

അസം എൻ ആർ സി ഒരു പരീക്ഷണമായിരുന്നു. ഇതിൽ നിന്നുള്ള പാഠമാണ് മുസ്‌ലിംകളല്ലാത്തവർക്കുള്ള പൗരത്വം ഉറപ്പുവരുത്തുന്നതിന് പൗരത്വ ഭേദഗതി നിയമം ഉപയോഗിക്കാമെന്ന തീരുമാനത്തിൽ അമിത് ഷായെ എത്തിച്ചത്. അമിത് ഷാ ഇക്കാര്യം പൊതുവേദികളിൽ പരസ്യമായി പറഞ്ഞിരുന്നു. രാജ്യമെമ്പാടും എൻ ആർ സി നടപ്പാക്കുമെന്നും അസമിലെ പൗരത്വം നേഷ്ടപ്പെട്ട ഹിന്ദുക്കൾ ഭയപ്പെടേണ്ടതില്ലെന്നും പൗരത്വ ഭേദഗതി വഴി നിങ്ങൾക്കു പൗരത്വം നൽകുമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. എന്നാൽ പ്രതിഷേധങ്ങൾ അമിത് ഷായുടെ തന്ത്രങ്ങളെ തകർത്ത് രാജ്യമൊട്ടാകെ നിറഞ്ഞു. പൗരത്വ നിയമഭേദഗതി കൊണ്ടുവരുമ്പോൾ ഭരണകൂടം ആകെ പ്രതീക്ഷിച്ചത് മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് ചെറിയ പ്രതിഷേധങ്ങളും വടക്ക് കിഴക്കൻ മേഖലയിൽ നിന്നുള്ള പ്രതിഷേധവും മാത്രമായിരുന്നു.

മുസ്‌ലിംകളുടെ പ്രതിഷേധങ്ങളെ അവഗണിക്കുകയോ അടച്ചമർത്തുകയോ ചെയ്യാമെന്നും വടക്കു കിഴക്കൻ മേഖലയിൽ ചില ഒത്തു തീർപ്പ് ശ്രമങ്ങൾ നടത്താമെന്നുമായിരുന്നു കരുതിയിരുന്നത്. ഇക്കാര്യം കേന്ദ്ര മന്ത്രിമാർ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനു വേണ്ടിയുള്ള നീക്കങ്ങൾ അമിത് ഷാ നടത്തുകയും ചെയ്തു. എന്നാൽ, നിയമം പാസ്സാക്കിയതിന് പിന്നാലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ സമരം രൂപപ്പെട്ടുവന്നു. ആ പ്രതിഷേധങ്ങൾ ഭരണകൂടം നടത്തിയ ഒത്തുതീർപ്പു ശ്രമങ്ങൾ പൊളിച്ചു കളയുന്നതുകൂടിയായിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിഷേധം പൗരത്വ നിയമം വഴി ഇന്ത്യയിൽ ഒരാൾക്കും പൗരത്വം നൽകരുതെന്നായിരുന്നു.
ഈ സമരം തീർക്കുന്നതിന് ബി ജെ പിയും കേന്ദ്ര ഭരണകൂടത്തിന്റെ സകല മിഷണറികളും തന്ത്രങ്ങൾ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് രാജ്യത്തെ ക്യാമ്പസുകളിൽ നിന്ന്, മുസ്‌ലിംകൾക്കെതിരെയുള്ള വിവേചനമാണ് ഈ നിയമമെന്നു ചൂണ്ടിക്കാണിച്ച് പ്രതിഷേധങ്ങൾ ഉയർന്നുവന്നത്. ജാമിഅ മില്ലിയ്യ സർവകലാശാലയിലെ വിദ്യാർഥികൾ ക്യാമ്പസ് വിട്ട് സമരം തെരുവിലേക്ക് വ്യാപിപ്പിച്ചു. ഇതോടെ രാജ്യം ഈ സമരം ഏറ്റെടുത്തു. എല്ലാ പ്രതിഷേധങ്ങളും ആസാദി എന്ന ഒറ്റ മുദ്രാവാക്യത്തിലേക്ക് ഒതുങ്ങി. ഭരണകൂട പ്രതീക്ഷകൾ തെറ്റിച്ചു രാജ്യത്തിന്റെ തെരുവുകൾ രാത്രിയും പകലും ഒന്നിച്ചു സമരം ചെയ്തു. ബി ജെ പി വിരുദ്ധ സംസ്ഥാന സർക്കാറുകൾ കേന്ദ്രത്തിനു നേരെ വിരൽ ചൂണ്ടി. ന്യൂസ് ഡിബേറ്റുകളിൽ ഭരണകൂട വക്താക്കൾ തങ്ങളുടെ വാദം ഉന്നയിക്കാനാകാതെ വിയർത്തു. സമരത്തിന്റെ ആദ്യ ആഴ്ചകളിൽ അമിത് ഷായടക്കമുള്ള കേന്ദ്ര മന്ത്രിമാർ ഒരക്ഷരം മിണ്ടിയില്ല. ഒടുവിൽ പിന്തുണ പ്രതീക്ഷിച്ചിരുന്നവരിൽ നിന്നുപോലും തിരിച്ചടി നേരിട്ടതോടെ കേന്ദ്ര സർക്കാർ പക്ഷക്കാർ പെരും നുണകളുമായി രംഗത്തെത്തി.

എൻ ഡി എയിൽ ആദ്യം അടി തുടങ്ങിയത് ജെ ഡി യുവിൽ നിന്നായിരുന്നു. മുസ്‌ലിംകൾ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ വോട്ടു വാങ്ങി അധികാരത്തിലെത്തിയ ജെ ഡി യു ഈ ക്രൂരമായ നിയമത്തെ വെളുപ്പിച്ചെടുക്കാൻ പാർലിമെന്റിൽ ബി ജെ പിക്കൊപ്പം നിന്ന കക്ഷിയായിരുന്നു. എന്നാൽ ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ ആർ ജെ ഡി പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിച്ചതോടെ ജെ ഡി യു നിലപാട് മാറ്റി. തമിഴ്‌നാട്ടിൽ ഡി എം കെ പ്രക്ഷോഭത്തിനിറങ്ങിയതോടെ എ ഐ എ ഡി എം കെയിലും അടിതുടങ്ങി. എൻ ഡി എയുടെ ഭാഗമായ പട്ടാളി മക്കൾ കച്ചിയും നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചാബിൽ അമരീന്ദർ സിംഗിന്റെ കോൺഗ്രസ് കൃത്യമായ നിലപാടു വിശദീകരിച്ച് ജനങ്ങളിലേക്കിറങ്ങിയതോടെ അകാലിദൾ കാലുമാറി. എൻ ഡി എയിൽ ഇപ്പോൾ ബി ജെ പി മാത്രമാണ് നിയമത്തെ പിന്തുണക്കുന്നവരായി ബാക്കിയുള്ളത്.

പാർട്ടിയിൽ ചർച്ച ചെയ്യാതെയുള്ള തീരുമാനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന പ്രതിഷേധം ബി ജെ പിക്കകത്തും ഉയർന്നുവന്നു വെന്നാണ് കേൾക്കുന്നത്. ബാബരി ഭൂമിതർക്കകേസിൽ നടത്തിയ മുന്നൊരുക്കം പോലും പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കുന്നതിൽ നടത്തിയില്ലെന്നാണ് വിമർശം. ഇത്രയും വിമർശങ്ങൾ ഉയർന്നതോടെയാണ് ബി ജെ പി വ്യാജ പ്രചാരണങ്ങൾ ആരംഭിച്ചത്. ആസാദി മുദ്രാവാക്യം രാജ്യവിരുദ്ധമാണെന്നായിരുന്നു ആദ്യ നുണ. പിന്നെ പ്രധാനമന്ത്രി തന്നെ നുണ പറയാനിറങ്ങി.
എൻ ആർ സി തന്റെ മന്ത്രിസഭ ആലോചിച്ചിട്ടു പോലുമില്ലെന്നും പാർലിമെന്റിൽ ചർച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി രാം ലീല മൈതനത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞത്. ഇതിന്റെ തൊട്ടുപിന്നാലെ പൂർണ വിശദീകരണമെന്ന മട്ടിൽ അമിത് ഷാ ഒരു ഇന്റർവ്യൂ സംഘടിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്നു ആവർത്തിച്ചു.

എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ കീഴിലുള്ള മന്ത്രിമാരും എന്താണു പറഞ്ഞുകൊണ്ടിരുന്നതെന്നു രേഖകൾ കാണിച്ചു മാധ്യമങ്ങൾ വിശദീകരിച്ചു. ദേശീയ പൗരത്വ രജിസ്റ്റർ (എൻ ആർ സി)യും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ)ഉം തമ്മിൽ ബന്ധമില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഏറ്റവും ചുരുങ്ങിയത് എട്ടോ ഒമ്പതോ തവണയാണ് കേന്ദ്രം ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാജ്യത്ത് എൻ ആർ സി നടപ്പാക്കുമെന്നും ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നതെന്നു മാധ്യമങ്ങൾ വ്യക്തമാക്കി.
2014 ജൂലൈ എട്ടിന് കിരൺ റിജിജു കോൺഗ്രസ് എം പി രാജീവ് സതവിന്റെ ചോദ്യത്തിന് എൻ ആർ പി പൂർത്തിയാക്കി അത് വ്യക്തമായ നിഗമനത്തിലെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ എൻ ആർ സി നടപ്പാക്കുമെന്നും പറഞ്ഞിരുന്നു. പിന്നീട് 2014 ജൂലൈ 15നും 22നും ഇതുതന്നെ ആവർത്തിച്ചു. ജൂലൈ 23നു വീണ്ടും ഇവ രണ്ടും ബന്ധമുണ്ടെന്ന് പാർലിമെന്റിൽ വ്യക്തമാക്കി.
2014 നവംബർ 29നു രാജ്യസഭയിൽ കിരൺ റിജിജു വളരെ വ്യക്തമായി എൻ ആർ സിയിലേക്കുള്ള ആദ്യ പടിയാണ് എൻ പി ആർ എന്നു വ്യക്തമാക്കി. ഓരോ സാധാരണ താമസക്കാരന്റെയും പൗരത്വ നില പരിശോധിക്കുന്ന എൻ ആർ സി നിർമിക്കുന്നതിലേക്കുള്ള ആദ്യപടിയാണ് എൻ പി ആർ. 2015ൽ കേന്ദ്ര സഹമന്ത്രിയായിരുന്ന ഹരിഭായ് പാർത്ഥിഭായ് ചൗധരി ഇവ രണ്ടും ബന്ധമുണ്ടെന്നു വ്യക്തമാക്കി. ഇതേ വർഷം മെയിൽ കിരൺ റിജിജു തന്റെ പ്രസ്താവനകൾ ശരിവെച്ചു പാർലിമെന്റിൽ വീണ്ടും പ്രസ്താവന നടത്തി.

2016 നവംബർ 11ന് കിരൺ റിജിജു രാജ്യസഭയിൽ ഒരു ചോദ്യത്തിനു ഉത്തരമായി ഇങ്ങനെ പറഞ്ഞു: രാജ്യത്തെ സാധാരണ താമസക്കാരുടെ വിശദാംശങ്ങൾ അടങ്ങിയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. 1995ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ, 2003ലെ പൗരത്വ ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവ തയ്യാറാക്കുന്നത്. ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവയെല്ലാം നിഷേധിച്ചായിരുന്നു പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വിശീദകരണങ്ങൾ. എന്നാൽ എല്ലാം പൊളിഞ്ഞുപോയതോടെ ആർ എസ് എസ് തന്നെ നേരിട്ടിറങ്ങി രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധങ്ങളെ നേരിടാനാണ് ശ്രമം.

ആദ്യ ഘട്ടത്തിൽ വീടുകൾ തോറും കയറി ഇറങ്ങിയുള്ള ലഘുലേഖ വിതരണങ്ങൾക്കാണ് ശ്രമിക്കുന്നത്. എന്നാൽ ആർ എസ് എസ് പ്രചാരണങ്ങളെ ഉത്തരേന്ത്യയിൽ ഇപ്പോൾ തന്നെ ജനം നേരിട്ടു തുടങ്ങിയിട്ടുണ്ട്. ലഘു ലേഖകളുമായി വിശദീകരിക്കാനെത്തുന്ന ആർ എസ് എസ് പ്രചാരകരെ ജനം ആട്ടിയോടിക്കുകയാണ്. ഹിന്ദുക്കളെ പൗരത്വ ഭേദഗതി എന്താണെന്നു കൃത്യമായി ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം തെറ്റായ രീതിയിലാണ് അവരോട് ഇതേ കുറിച്ച് പറഞ്ഞിട്ടുള്ളതെന്നുമാണ് ആർ എസ് എസ് പറയുന്നത്. ഹിന്ദുവും മുസ്‌ലിമും രാജ്യത്തെ നാനാ മതങ്ങളും മറ്റെല്ലാ കൊടികളും ഉപേക്ഷിച്ച് ദേശീയ പതാകയേന്തിയാണ് സമരം ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഓർമകൾ അയവിറക്കിയാണ് സമരം.

അതുകൊണ്ടു തന്നെ ആർ എസ് എസും ബി ജെ പിയും എത്ര വിശദീകരിച്ചാലും തെരുവുകളിൽ പ്രതിഷേധം നയിക്കുന്ന ഇന്ത്യൻ യുവത ലക്ഷ്യം കാണാതെ പിൻമാറില്ല.
അക്കാര്യം ഭരണകൂടങ്ങൾക്ക് കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് സമരത്തിന്റെ പശ്ചാത്തലത്തിൽ അവധി നൽകിയ ക്യാമ്പസുകൾക്ക് അവധി നീട്ടി നൽകാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. അവകാശങ്ങൾ ചോദിക്കാനായി ഒരു ജനത തെരുവിൽ ഇറങ്ങിയാൽ തടുക്കാൻ ഒരു ഭരണകൂടത്തിനും കഴിയില്ലെന്നു ഇന്ത്യൻ ജനത തെളിയിക്കാൻ പോകുകയാണ്.