Connect with us

National

ബിഹാറില്‍ പ്രക്ഷോഭത്തിനിടെ യുവാവിന്റെ കൊലപാതകം; ആറു ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

പാറ്റ്‌ന | ബിഹാറില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആര്‍ ജെ ഡി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകരായ ആറുപേര്‍ അറസ്റ്റില്‍. ഹിന്ദു പുത്ര സംഘാതന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ നാഗേഷ് സാമ്രാട്ട് (23), ഹിന്ദു സമാജ് സംഘാതന്റെ വികാസ് കുമാര്‍ (21) എന്നിവര്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്.

ബാഗ് തുന്നുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന 18കാരനായ അമീര്‍ ഹാന്‍സില എന്ന യുവാവാണ് ഡിസംബര്‍ 21ന് നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. പ്രതിഷേധ മാര്‍ച്ച് പിരിച്ചുവിടാന്‍ പോലീസ് നടപടി തുടങ്ങിയതോടെ തിരിച്ചു പോകുകയായിരുന്ന യുവാവിനെ ഒരു സംഘം യുവാക്കള്‍ പിടിച്ചു കൊണ്ടുപോയി മര്‍ദിച്ചു. തുടര്‍ന്ന് ഇയാളെ കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ഡിസംബര്‍ 31ന് യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇഷ്ടിക കൊണ്ടും മൂര്‍ച്ചയുള്ള ആയുധം കൊണ്ടും മറ്റുമാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികള്‍ അക്രമം നടത്തിയതു സംബന്ധിച്ച ഫേസ്ബുക്ക് വീഡിയോ ഉള്‍പ്പടെ പോലീസ് പരിശോധിച്ചു വരികയാണ്.

ഡിസംബര്‍ 21ന് വീട്ടില്‍ നിന്ന് സൈക്കിളില്‍ പോയ ആമിര്‍, ആര്‍ ജെ ഡിയുടെ സമരത്തെ തുടര്‍ന്ന് താന്‍ ജോലി ചെയ്യുന്ന സ്ഥാപനം അടച്ചിട്ടതായി കണ്ട് മടങ്ങുകയും തുടര്‍ന്ന് പ്രക്ഷോഭത്തില്‍ പങ്കുചേരുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാവിലെ 11.45നാണ് ആമിര്‍ അവസാനമായി കുടുംബാംഗങ്ങളോട് ഫോണില്‍ സംസാരിച്ചത്. ആമിറിന്റെ ഫോണ്‍ സ്വിച്ച് ഓഫായ നിലയില്‍ ഫുല്‍വാരി ശരീഫ് ബ്ലോക്ക് ഓഫീസിനു മുമ്പില്‍ നിന്ന് കണ്ടെടുത്തിരുന്നു. തുടര്‍ന്നു നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്.