Connect with us

Editorial

എന്‍ ഡി എ ഘടക കക്ഷികള്‍ക്കു വീണ്ടുവിചാരം

Published

|

Last Updated

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ നിരയിലും പൊതു സമൂഹത്തിലും ആളിപ്പടര്‍ന്ന പ്രതിഷേധത്തിന്റെ പുകപടലങ്ങള്‍ എന്‍ ഡി എക്കുള്ളിലേക്കും കടന്നു കയറുകയാണ്. പാര്‍ലിമെന്റില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച എന്‍ ഡി എയിലെ 13 ഘടക കക്ഷികളില്‍ പത്ത് പാര്‍ട്ടികള്‍ ഇതിനകം എന്‍ ആര്‍ സി രാജ്യവ്യാപകമായി നടപ്പാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തു വന്നു കഴിഞ്ഞു. ജനതാദള്‍ യുനൈറ്റഡ് ബിഹാറില്‍ എന്‍ ആര്‍ സി നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി ജെ പി ഘടക കക്ഷികളും എന്‍ ആര്‍ സിയെ തള്ളിപ്പറയുന്നു. തമിഴ്‌നാട്ടില്‍ അത് നടപ്പാക്കരുതെന്നു എന്‍ ഡി എ സഖ്യകക്ഷിയായ പാട്ടാളി മക്കള്‍കക്ഷിയുടെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസ്സാക്കിയത് രണ്ട് ദിവസം മുമ്പാണ്. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ എത്തിയപ്പോള്‍ പാര്‍ട്ടി അംഗം അന്‍പുമണി രാംദാസ് അനുകൂലിച്ചായിരുന്നു വോട്ട് ചെയ്തിരുന്നത്. തമിഴ്‌നാട്ടില്‍ നിയമം നടപ്പാക്കില്ലെന്ന് കേന്ദ്ര മന്ത്രിസഭയിലെ ബി ജെ പി പ്രതിനിധി നിലോഫര്‍ കഫീലും പ്രഖ്യാപിച്ചു. ദേശീയ പൗരത്വ രജിസ്‌ട്രേഷനെതിരെയും ചില എന്‍ ഡി എ ഘടക കക്ഷികള്‍ രംഗത്തു വന്നിട്ടുണ്ട്.

ബി ജെ പിയില്‍ തന്നെയും ഇതുസംബന്ധിച്ചു അപസ്വരങ്ങളുയര്‍ന്നിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയിലെ മതവിവേചനത്തെ പശ്ചിമ ബംഗാള്‍ ബി ജെ പി വൈസ് പ്രസിഡന്റും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനുമായ ചന്ദ്രകുമാര്‍ ബോസ് ട്വിറ്റിലൂടെ ചോദ്യം ചെയ്യുകയുണ്ടായി. നിയമ ഭേദഗതി മതവുമായി ബന്ധപ്പെട്ടതല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുമ്പോള്‍ എന്തുകൊണ്ട് ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന മതങ്ങളെ മാത്രം ഉള്‍പ്പെടുത്തുകയും മുസ്‌ലിംകളെ ഒഴിവാക്കുകയും ചെയ്തു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സ്വന്തം നാട്ടില്‍ വേട്ടയാടപ്പെടുന്നില്ലെങ്കില്‍ അയല്‍ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് വരില്ലായിരുന്നുവെന്നും അവരെ മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്നും ഇന്ത്യയെ മറ്റൊരു രാജ്യവുമായി താരതമ്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ചന്ദ്രകുമാര്‍ ബോസ് പറയുന്നു. എന്‍ ആര്‍ സിക്കെതിരെ പ്രതിഷേധിക്കുന്ന മുസ്‌ലിംകളോട് പാക്കിസ്ഥാനില്‍ പോകണമെന്നു ആക്രോശിച്ച യു പി പോലീസ് സൂപ്രണ്ട് അഖിലേഷ് നാരായണ സിംഗിനെതിരെ നടപടി വേണമെന്ന ബി ജെ പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവനയില്‍ നിയമ ഭേദഗതിയോടുള്ള അനിഷ്ടം വായിച്ചെടുക്കുന്നുണ്ട് നിരീക്ഷകര്‍. ബി ജെ പിയുടെ ന്യൂനപക്ഷ വിംഗായ ന്യൂനപക്ഷ മോര്‍ച്ചയുടെ കേരളഘടകം എക്‌സിക്യൂട്ടീവ് അംഗം താഹ ബാഫഖി തങ്ങള്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടു.

നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്നു വന്ന പ്രക്ഷോഭത്തിന്റെ തീഷ്ണതയും വ്യാപനവും ജനപങ്കാളിത്തവുമാണ് ആദ്യം ഇതിനെ അനുകൂലിച്ച എന്‍ ഡി എ ഘടക കക്ഷികളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പ്രതിഷേധം മുസ്‌ലിം പോക്കറ്റുകളിലും സമുദായത്തിലും ഒതുങ്ങുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഡല്‍ഹി ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികള്‍ തുടക്കം കുറിച്ച പ്രതിഷേധവും പ്രക്ഷോഭവും വളരെ പെട്ടെന്നാണ് രാജ്യത്തെ മറ്റു ഉന്നത കലാലയങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും ആളിപ്പടര്‍ന്നത്. മുസ്‌ലിംകള്‍ക്കൊപ്പം ഇതര സമുദായക്കാരും കൂട്ടത്തോടെ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിലയുറപ്പിക്കുകയും ചെയ്തു. പശ്ചിമബംഗാളില്‍ സനാതന്‍ ബ്രാഹ്മണ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹൈന്ദവ സന്യാസിമാര്‍ പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. കൊല്‍ക്കത്ത നഗരത്തിലെ മയോറോഡിലെ ഗാന്ധിപ്രതിമക്കരികില്‍ സമ്മേളിച്ചാണ് അവര്‍ ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കുമെതിരെ ശക്തിയായി പ്രതികരിച്ചത്. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായുള്ള, ഒരു മതവിഭാഗത്തെ മാത്രം രാജ്യത്ത് നിന്ന് പുറംതള്ളാന്‍ ലക്ഷ്യമിട്ടുള്ള ഈ നിയമം അംഗീകരിക്കാനാകില്ലെന്നു പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ സനാതന്‍ ബ്രാഹ്മണ ട്രസ്റ്റ് സെക്രട്ടറി ശ്രീധര്‍ മിശ്ര വ്യക്തമാക്കി. കേരളവും പശ്ചിമബംഗാളും നിയമം നടപ്പാക്കില്ലെന്ന പിണറായിയുടെയും മമതാ ബാനര്‍ജിയുടെയും ധീരമായ പ്രഖ്യാപനം പ്രക്ഷോഭ നിരകള്‍ക്ക് ആവേശം പകരുകയും ചെയ്തു.

എന്‍ ആര്‍ സിക്ക് പിന്തുണ ശേഖരിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടു സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍ സംഘടിപ്പിച്ചതും ഇത്ര വലിയ പ്രതിഷേധം പ്രതീക്ഷിച്ചില്ലെന്നു ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ സഞ്ജീവ് ബല്യാന് തുറന്നു പറയേണ്ടി വന്നതും പ്രതിഷേധത്തിന്റെ തീഷ്ണതയും അത് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൃഷ്ടിച്ച അങ്കലാപ്പും വ്യക്തമാക്കുന്നു.

എന്‍ ആര്‍ സി ബില്‍ പാര്‍ലിമെന്റിന്റെ പരിഗണനക്കു വന്നപ്പോള്‍, അതിന്റെ പ്രത്യാഘാതവും സമൂഹത്തില്‍ അത് സൃഷ്ടിച്ചേക്കാവുന്ന വിള്ളലുകളും എന്‍ ഡി എയിലെ ബി ജെ പി ഇതര കക്ഷി നേതാക്കളില്‍ പലരും വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല. അയല്‍പക്ക മുസ്‌ലിം രാഷ്ട്രങ്ങളില്‍ മതപരമായ വിവേചനത്തിനു വിധേയരായതിനെ തുടര്‍ന്ന് അഭയാര്‍ഥികളായി എത്തിയവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഒരു നല്ല തീരുമാനമെന്ന മോദിയുടെയും അമിത് ഷായുടെയും പ്രചാരണം വിശ്വസിച്ചു പല നേതാക്കളും. ബില്ലിന്റെ ആഴങ്ങളിലേക്കും അകത്തളങ്ങളിലേക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇറങ്ങിച്ചെല്ലാതിരിക്കാന്‍ സര്‍ക്കാര്‍, പാര്‍ലിമെന്റില്‍ ഇതു സംബന്ധിച്ച ചര്‍ച്ചക്ക് സമയം നന്നേ പരിമിതപ്പെടുത്തുകയും പാര്‍ലിമെന്ററി സമിതിയുടെ പരിശോധനക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിക്കുകയും ചെയ്തു. നിയമ ഭേദഗതിക്കെതിരെ സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം ഉയര്‍ന്നുവരികയും എന്‍ ഡി എക്കകത്തും ബി ജെ പിക്കുള്ളില്‍ തന്നെയും അപസ്വരങ്ങള്‍ ഉയരുകയും ചെയ്തിട്ടും പ്രശ്‌നത്തില്‍ പുനരാലോചനക്കു മുതിരാതെ, നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തെയും അനുവദിക്കുകയില്ലെന്ന ഭീഷണിയുമായി രംഗത്തു വന്നിരിക്കുകയാണ് കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ധിക്കാരപരവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ നിലപാട്.

Latest