Connect with us

National

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ നിശ്ചല ദൃശ്യവും ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു പ്രമേയം. ബിജെപി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ ഒഴിവാക്കിയതു സംബന്ധിച്ചു വിവാദം മുറുകുന്നതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്.

പൗരത്വബില്‍ എതിര്‍ത്തതിനാലാണ് ബംഗാളിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയതെന്ന് ബംഗാളിലെ പാര്‍ലമെന്ററികാര്യ മന്ത്രി തപസ് റോയ് ആരോപിച്ചിരുന്നു.
മുന്‍വിധികളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നതെന്നു എന്‍സിപി നേതാവ് സുപ്രിയ സുളെ പറഞ്ഞു. മഹാരാഷ്ട്രയുടെയും ബംഗാളിന്റെയും ടാബ്ലോ ഒഴിവാക്കിയത് അവിടുത്തെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും സുപ്രിയ പറഞ്ഞു.
കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നില്‍ അവതരിപ്പിച്ചത്. മൂന്നാം റൗണ്ടിലാണ് നിശ്ചല ദൃശ്യം ഒഴിവാക്കി!യത്.

ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 32 മാതൃകകള്‍ സമര്‍പ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് 24 മാതൃകകള്‍ നല്‍കി. ഇതില്‍ 16 സംസ്ഥാനങ്ങളുടേതുള്‍പ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്.

Latest