Connect with us

National

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ മരിച്ചത് നൂറിലധികം നവാജാത ശിശുക്കള്‍

Published

|

Last Updated

കൊറ്റ (രാജസ്ഥാന്‍) | രാജസ്ഥാനിലെ കൊറ്റയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ മരിച്ചത് നൂറിലധികം നവജാത ശിശുക്കള്‍. കൊറ്റയിലെ ജെ കെ ലോന്‍ ആശുപത്രിയിലാണ് സംഭവം. രണ്ട് ദിവസത്തിനുള്ളില്‍ ഇവിടെ മൂന്ന് കുട്ടികള്‍ മരിച്ചു. ഇതുവരെ 102 കുട്ടികള്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടികളാണ് മരിച്ചതെല്ലാം. ഐസിയുവിലെ ഇന്‍ക്യുബേറ്റര്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നതാണ് ഇത്രയേറെ കുട്ടികള്‍ മരിക്കാന്‍ കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം 963 കുട്ടികളാണ് ഈ ആശുപത്രിയില്‍ മരിച്ചത്. ആശുപത്രിയിലെ ഓക്‌സിജന്‍ പൈപ്പ്‌ലൈനിലെ കുറവും കാലാവസ്ഥാമാറ്റവുമാണ് മരണകാരണമെന്നാണ് ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ ആവശ്യത്തിന് ഇന്‍ക്യുബേഷന്‍ യൂണിറ്റ് ഉണ്ടായിരുന്നില്ലെന്നും പലതും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച എട്ട് കുട്ടികളുടെ മരണം പ്രായം തികയാതെയുള്ള പ്രസവമാണെന്ന് ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി അമൃത്‌ലാല്‍ ഭൈരവ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടര്‍മാരുടെ ഭാഗത്ത് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. കുട്ടികള്‍ക്ക് നന്നേ തൂക്കം കുറവായിരുന്നു. മാത്രവുമല്ല കുട്ടികളുടെ കാര്യത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ പാലിച്ചിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്ത് ഈ ആശുപത്രിയില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറവാണ് പുതിയ ഗവണ്‍മെന്റിന്റെ കാലത്ത് രേഖപ്പെടുത്തിയ മരണ നിരക്കെന്ന് മുഖ്യമന്ത്രി അശോക് ഘഹലോട്ട് പറഞ്ഞു. 2015ല്‍ ബിജെപി ഭരിച്ചിരുന്നപ്പോള്‍ 1260 കുട്ടികളാണ് ഇവിടെ മരിച്ചത്. 2019ല്‍ ഇത് 963 ആയി കുറഞ്ഞു. 2016ല്‍ ബിജെപി ഭരണകാലത്ത് 1193 കുട്ടികള്‍ മരിച്ചപ്പോള്‍ 2018ല്‍ അത് 1005 ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാറിന് എല്ലാ സഹായവും ലഭ്യമാക്കുമെന്നും ഉന്നതതല സംഘത്തെ അവിടേക്ക് അയക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

Latest