Connect with us

Kerala

ലോക കേരള സഭ ആരംഭശൂരത്വമല്ല; ലോകമാസകലമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന വേദി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ലോകമാസകലം വ്യാപിച്ചു കിടക്കുന്ന മലയാളികളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിനു കീഴില്‍ ഒരുമിപ്പിക്കുന്നതാണ് ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനും പ്രവാസികള്‍ക്കും ഈടുറ്റ വേദിയാണ് ഇതിലൂടെ ഒരുങ്ങിയിട്ടുള്ളത്. തിരുവനന്തപുരത്ത് രണ്ടാം ലോക കേരള സഭയുടെ പ്രതിനിധി സഭ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്ത് 31 ലക്ഷം പ്രവാസി മലയാളികളുണ്ട്. കുടുംബങ്ങളുടെ കണക്കെടുത്താല്‍ അത് അരക്കോടിയിലധികം വരും. ഇവരെയെല്ലാം ഒരുമിപ്പിക്കുകയാണ് ലോക കേരള സഭയുടെ ലക്ഷ്യവും കരുതലും. ലോക കേരള സഭയെന്നാല്‍ വെറും ആരംഭശൂരത്വം ആയിരുന്നില്ലെന്നും പിണറായി വ്യക്തമാക്കി.

രണ്ട് സമ്മേളനങ്ങള്‍ക്കിടയില്‍ വലിയ ദുരന്തങ്ങളെയാണ് കേരളം അതിജീവിച്ചത്. പ്രളയവും വെള്ളപ്പൊക്കവും ഓഖിയും നിപയുമെല്ലാം നേരിടേണ്ടി വന്നു. 31000 കോടി രൂപയുടെ നഷ്ടമാണ് പ്രളയം കേരളത്തില്‍ വരുത്തിയത്. അത് കാലം കൊണ്ട് പരിഹരിക്കാം. എന്നാല്‍, നഷ്ടപ്പെട്ട ജീവനുകളെ ഒരിക്കലും നികത്താനുമാകില്ല. ഈ ദുരന്തങ്ങളിലെല്ലാം കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ലോക കേരള സഭ ഒപ്പം നിന്നു. തുടക്കത്തില്‍ ആളും അര്‍ഥവും കൊണ്ട് സഹായമെത്തിച്ചു. സാമൂഹിക മാധ്യമങ്ങളും ഇലട്രോണിക് മാധ്യമങ്ങളും വഴി സഹായിച്ചവര്‍ വരെ കൂട്ടത്തിലുണ്ട്. ലോക കേരളസഭയുടെ കരുണയും കരുതലും ഒരുകാലത്തും മറക്കാന്‍ കഴിയില്ല. കേരള വികസന ഫണ്ട്, പ്രവാസി നിക്ഷേപം, സുരക്ഷ , പുനരധിവാസം, ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രവാസി പ്രശ്‌നങ്ങള്‍ എന്നിവയിലൊക്കെ ക്രിയാത്മക നിര്‍ദേശങ്ങളും കര്‍മ പദ്ധതികളുമുണ്ടായത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest