Connect with us

Kerala

പൗരത്വം തെളിയിക്കാന്‍ മനസ്സില്ല: പാണക്കാട് ഹൈദരലി തങ്ങള്‍

Published

|

Last Updated

കൊച്ചി | രാജ്യത്തിന് വേണ്ടി പോരാടിയവരുടെ പിന്‍മുറക്കാരായ മുസ്‌ലിംകളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍ മനസ്സില്ല എന്നാണ് മറുപടിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ദേശീയ പ്രസ്ഥാനം ശക്തിപ്പെടുന്നതിന് എത്രയോ കാലം മുമ്പ് നികുതി നിഷേധ സമരം നടത്തിയ ഉമര്‍ഖാസി(റ)യുടെ പാരമ്പര്യമാണ് ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് ശക്തികള്‍ക്കെതിരെ തോളോട് തോള്‍ചേര്‍ന്ന് പോരാടിയവരയാണ് ഇന്ത്യയിലെ മുസ്ലിംകള്‍. ബ്രിട്ടിഷുകാരെ ഇവിടെ നിന്നും തുരത്തിയ അതേ മനസ്സോടെ ഫാസിസത്തെ തുരത്താന്‍ നമുക്ക് കഴിയണം. പൗരത്വപ്രശ്‌നം മുസ്ലിംകളുടെ മാത്രം പ്രശ്‌നമല്ല. അത് മനുഷ്യന്റെ പ്രശ്‌നമാണ്. മനുഷ്യന്‍ അപാമാനിക്കപ്പെടുന്നതിന്റെയും പുറത്താക്കപ്പെടുന്നതിന്റെയും പ്രശ്‌നമാണ്. ഈ മണ്ണില്‍ ജനിച്ചിട്ടുണ്ടെങ്കില്‍ ജിവിക്കാനും മരിക്കാനും അവകാശമുണ്ട്. അതിന് തുരങ്കം വെക്കുന്നവര്‍ക്ക് മുന്നില്‍ ഇന്ത്യ ആരുടെയും തറവാടുസ്വത്തല്ലെന്ന് ബോധ്യപ്പെടുത്താനുള്ള അവസരമാണ് ഇതെന്നും തങ്ങള്‍ പറഞ്ഞു.

മുസ്ലിംകള്‍ക്ക് പൗരത്വം നിഷേധിക്കാനുള്ള നീചശ്രമമാണ് പൗരത്വ ഭേദഗതി നിയമം. രാജ്യത്തിന്റെ ബഹുസ്വരതക്കും പാരമ്പര്യത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും എതിരാണത്. ഇത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കും. ഇന്ന് മുസ്‌ലിംകള്‍ ആണെങ്കില്‍ നാളെ മറ്റു വിഭാഗങ്ങളാകും. ഈ തിരിച്ചറിവ് കൊണ്ടാണ് ജാതിയോ മതമോ നോക്കാതെ രാജ്യത്ത് ജനം ഒരുപോലെ തെരുവില്‍ ഇറങ്ങുന്നത്. പൂര്‍വികന്‍മാര്‍ ജീവന്‍ നല്‍കി നേടിയ സ്വതന്ത്ര്യം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും അദ്ദേഹം പറഞ്ഞു.

സമര പ്രഖ്യാപന റാലിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

Latest