Connect with us

National

മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണം: കോണ്‍ഗ്രസില്‍ അതൃപ്തി

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യ മന്ത്രിസഭ 36 അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ചപ്പോള്‍ അതൃപ്തര്‍ കടുത്ത പ്രതിഷേധത്തില്‍. മന്ത്രിസഭയില്‍ ഇടം കിട്ടാതെ പോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനടക്കമുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധമുള്ള കോണ്‍ഗ്രസ് എം എല്‍ എമാര്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെ, എന്‍ സി പി നേതാവും നേരത്തേ ബി ജെ പി സര്‍ക്കാറില്‍ ഉപ മുഖ്യമന്ത്രിയായയാളുമായ അജിത് പവാര്‍ തുടങ്ങിയവരടക്കം 36 പേരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

പൃഥ്വിരാജ് ചവാനെ കൂടാതെ, നസീം ഖാന്‍, പ്രണിതി ഷിന്‍ഡേ, സംഗ്രാം തോപ്തേ, അമീന്‍ പട്ടേല്‍, രോഹിദാസ് പാട്ടീല്‍ എന്നിവരാണ് ഖാര്‍ഗേയെ കണ്ട് പ്രതിഷേധം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാന്‍, ദിലീപ് വാല്‍സെ പാട്ടീല്‍, ധനഞ്ജയ് മുണ്ടെ, സുനില്‍ ഛത്രപാല്‍ കേദാര്‍, കെ സി പദ്വി എന്നിവരാണ് മന്ത്രിസഭാ വിപുലീകരണത്തില്‍ ഉള്‍പ്പെട്ടത്. ഇവര്‍ക്ക് വകുപ്പുകള്‍ നല്‍കിയിട്ടില്ല. മന്ത്രിസ്ഥാനം ഏറ്റെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയിലെ വീട്ടിലെത്തി കണ്ടിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പാര്‍ട്ടി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

Latest