Connect with us

Gulf

സഊദി സാംസ്‌കാരിക പൈതൃക പദ്ധതി: പുതിയ നാല് മ്യൂസിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി

Published

|

Last Updated

ദമാം | സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പടുത്തി പുതിയ നാല് മ്യൂസിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദിയുടെ വടക്കന്‍ പ്രദേശമായ അല്‍ജൗഫ്, തെക്കന്‍ പ്രവിശ്യയിലെ അസീര്‍, വടക്ക് പടിഞ്ഞാറു ഭാഗത്തെ തബൂക്ക്, ഹാഇല്‍ എന്നിവിടങ്ങളിലാണ് സാംസ്‌കാരിക പൈതൃക പരിപാലനത്തിനായുള്ള ദേശീയ പരിവര്‍ത്തന പദ്ധതിയുടെ (എന്‍ ടി പി) മേല്‍നോട്ടത്തില്‍ പുതിയ സാംസ്‌കാരിക മ്യൂസിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായത്. 224 ദശലക്ഷം സഊദി റിയാലാണ് ഇതിനായി ചെലവിട്ടത്.

പുതിയ മ്യൂസിയങ്ങളുടെ രൂപകല്‍പ്പന അതാത് പ്രദേശങ്ങളുടെ പൈതൃക-വാസ്തുവിദ്യയെയും അടയാളപ്പെടുത്തുന്നുണ്ട്. ആധുനിക രീതിയിലുള്ള ഇന്റീരിയര്‍ സംവിധാനിച്ചിട്ടുള്ള ഈ മ്യൂസിയങ്ങളില്‍ പുരാതന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അല്‍-ജൂഫിലെത് 12,000 ചതുരശ്ര അടിയും, അസീറിലെത് 7,000 ചതുരശ്ര അടിയും, ഹാഇല്‍ലിലെത് 11,000 അടിയും തബൂക്കിലെത് 12,854 ചതുരശ്ര അടിയും വിസ്തീര്‍ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

ഓരോ മ്യൂസിയത്തിലും എട്ട് ഹാളുകളാണുള്ളത്. സന്ദര്‍ശകരെ സ്വീകരിക്കുന്നതിനുള്ള ഹാള്‍, അതാത് പ്രദേശത്തിന്റെയും അതിന്റെ ആവിര്‍ഭാവ ചരിത്രത്തിന്റെയും പൈതൃകം, ചരിത്രാതീത ഇസ്‌ലാമിക കാലഘട്ടത്തിലെ ജനങ്ങളുടെ പൈതൃകം, വസ്തുക്കളുടെ പ്രദര്‍ശനം, കലാ പരിപാടികള്‍ എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ പൈതൃക സംസ്‌കാരം, നാഗരികത, പരമ്പരാഗത വ്യവസായങ്ങള്‍, പുരാതന വസ്തുക്കള്‍, ചരിത്രം തുടങ്ങിയവയില്‍ പുതു തലമുറക്ക് കൂടുതല്‍ അറിവുകള്‍ പകരുക ലക്ഷ്യമിട്ടാണ് പൈതൃക മ്യൂസിയങ്ങളുടെ നിര്‍മാണം.