Connect with us

International

ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൊബൈല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് ബംഗ്ലാദേശ്

Published

|

Last Updated

ധാക്ക | ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ മൊബൈല്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ബംഗ്ലാദേശ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയില്‍ കഴിയുന്ന ഒരുകോടിയോളം പേരെ ഇത് പ്രതികൂലമായി ബാധിക്കും. ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ ഒരുകിലോമീറ്റര്‍ വരുന്ന ഭാഗത്താണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതെന്ന് ധാക്ക ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഗ്രാമീണ്‍ ഫോണ്‍, ടെലിടോക്ക്, റോബി, ബംഗ്ലാലിങ്ക് എന്നിവയോടാണ് ഇനിയൊരുത്തരവുണ്ടാകുന്നതു വരെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ (ബി ടി ആര്‍ സി) നിര്‍ദേശിച്ചത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള സുരക്ഷയുടെ ഭാഗമായാണിതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാറിന്റെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ബി ടി ആര്‍ സി ചെയര്‍മാന്‍ ജഹുറുല്‍ ഹഖിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം വെളിപ്പെടുത്തി. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഹഖ് തയാറായില്ല. ഇന്ത്യ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കി ദിവസങ്ങള്‍ക്കകമാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ നടപടി.

Latest