ധനരാജ്: സാഹചര്യങ്ങളോട് പടപൊരുതിയ താരം

2004ൽ വിവാ കേരളയിലൂടെയാണ് പ്രൊഫഷനൽ ഫുട്‌ബോളറായി ധനരാജന്റെ അരങ്ങേറ്റം
Posted on: December 31, 2019 3:36 pm | Last updated: December 31, 2019 at 3:36 pm

മലപ്പുറം | പെരിന്തൽമണ്ണയിൽ നടന്ന ഖാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ മത്സരത്തിനിടെ അന്തരിച്ച ആർ ധനരാജ് ജീവിത സാഹചര്യങ്ങളോട് പടപൊരുതിയാണ് ദേശീയ ടീമിലേക്ക് ഉയർന്നത്. പത്താം ക്ലാസിന് ശേഷം വീട്ടിലെ സാഹചര്യങ്ങൾ മോശമായതിനാൽ വർക്ക് ഷോപ്പ് ജോലിക്കിറങ്ങി. എന്നാൽ ഒഴിവ് സമയങ്ങളിലെല്ലാം പന്ത് തട്ടി പരിശീലിച്ചു. എതിരാളികളുടെ മിന്നാലക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കരുത്താണ് ധനരാജിന് ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ തുടങ്ങി വമ്പന്മാരുടെ ജഴ്‌സിയണിയാൻ കഴിഞ്ഞത്.

പാലക്കാട് ജില്ലയിൽ തെക്കോണി കൊട്ടേക്കാട് സ്വദേശിയായ ധനരാജന് ബാല്യകാലത്ത് തന്നെ ഫുട്‌ബോളിനോടായിരുന്നു കൂട്ട്. ബാല്യത്തിൽ തന്നെ പാടത്തും പറമ്പിലും ഫുട്‌ബോൾ തട്ടി പഠിച്ചു. നാട്ടിലെ എല്ലാ ക്ലബുകളുടെയും ടൂർണമെന്റിൽ ഫുട്‌ബോൾ തട്ടി. അച്ഛൻ രാധാകൃഷ്ണനും അമ്മ മാരിയമ്മയും മകന് പൂർണ പിന്തുണ നൽകി. 2004ൽ വിവാ കേരളയിലൂടെയാണ് പ്രൊഫഷനൽ ഫുട്‌ബോളറായി ധനരാജന്റെ അരങ്ങേറ്റം. പാലക്കാട് സി എം എഫ് സി, പാലക്കാട് ഹൈമ, ചിരാഗ് യുനൈറ്റഡ് ടീമുകൾക്ക് വേണ്ടി കളിച്ചാണ് വിവയിലെത്തുന്നത്. 2008 മുതൽ 10 വരെ ചിരാഗ് യുനൈറ്റഡ് ജഴ്‌സിയിലായിരുന്നു. തുടർന്ന് രണ്ട് വർഷം മോഹൻബഗാന് വേണ്ടി കളിച്ചാണ് മുഹമ്മദൻസിലേക്ക് മാറുന്നത്. ഇവർക്കായി 2013ൽ ഡ്യൂറന്റ് കപ്പ് കളിച്ചു. 2014 ഫെഡറേഷൻ കപ്പിൽ നായകനായി. പിന്നെ ഈസ്റ്റ് ബംഗാളിലേക്ക്. സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി കുപ്പായമണിഞ്ഞ ധനരാജ് പശ്ചിമ ബംഗാളിന് വേണ്ടിയും കളിക്കാൻ അവസരം കിട്ടി.