Connect with us

Articles

ഇത് കാക്കി സ്‌പോണ്‍സേഡ് കലാപം

Published

|

Last Updated

ഉത്തര്‍ പ്രദേശില്‍ നിന്നുയര്‍ന്ന് കേള്‍ക്കുന്നത് മനുഷ്യത്വത്തിന്റെ പ്രാണവേദനയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരെ പോലീസിനെ കയറൂരി വിട്ട സര്‍ക്കാര്‍, നിയമവിരുദ്ധവും മൃഗീയവുമായ ചെയ്തികള്‍ക്ക് നിരന്തരം പ്രോത്സാഹനവും ആവേശവും പകരുകയാണ്.

വര്‍ഗീയ സംഘട്ടന വേളകളില്‍ രൂപപ്പെടുന്ന പോലീസിന്റെ പക്ഷപാതിത്വവും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അവരാവര്‍ത്തിക്കുന്ന അതിക്രമങ്ങളുമൊന്നും പുതിയ സംഗതിയല്ല. പോലീസിന്റെയും ഭരണകൂടത്തിന്റെയും തലോടലും ആശീര്‍വാദവുമില്ലാതെ ഒരു വര്‍ഗീയ സംഘര്‍ഷവും ഏതാനും മണിക്കൂറുകള്‍ക്കപ്പുറത്തേക്ക് നീണ്ടുപോകില്ലെന്നതാണ് പലപ്പോഴായിട്ടുള്ള സംഭവങ്ങള്‍ എന്നെ ബോധ്യപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും ക്രൂരമായ നിഷ്‌ക്രിയത്വം പുലര്‍ത്തിയാണ് പോലീസ് കലാപകാരികള്‍ക്ക് കുട പിടിക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ അഴിഞ്ഞാടുന്ന ആള്‍ക്കൂട്ടത്തിനൊപ്പം ചേര്‍ന്ന് അവര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്യുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പേരില്‍ നടത്തുന്ന വെടിവെപ്പിലൂടെ പോലീസ് ന്യൂനപക്ഷ വിഭാഗത്തിലെ ആളുകളെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ യോഗിയുടെ ഉത്തര്‍പ്രദേശില്‍ പോലീസ് തന്നെ കലാപകാരികളായി മാറുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ജില്ലാ ഓഫീസര്‍ എന്ന നിലയില്‍ 1984ലെ സിഖ് വിരുദ്ധ കലാപത്തെയും ബാബരി മസ്ജിദ് ധ്വംസനാനന്തരം രൂപപ്പെട്ട സംഘര്‍ഷങ്ങളെയും കൈകാര്യം ചെയ്തിട്ടുണ്ട്. സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം ഗുജറാത്ത്, മുസഫര്‍ നഗര്‍ വംശഹത്യകളില്‍ നിന്ന് രക്ഷപ്പെട്ടവരുമൊത്ത് പ്രവര്‍ത്തിക്കാനുമായിട്ടുണ്ട്. നെല്ലി, ഭഗല്‍പൂര്‍ വര്‍ഗീയ കൂട്ടക്കൊലകളെ അതിജീവിച്ച മനുഷ്യരുടെ രോദനവും തിരിച്ചറിഞ്ഞവനാണ് ഈയുള്ളവന്‍. യു പിയില്‍ അനാവൃതമാകുന്ന നിലവിലെ ഭീകരാവസ്ഥ കശ്മീരിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പുറത്ത് മറ്റെവിടെയും എനിക്ക് ദര്‍ശിക്കാനായിട്ടില്ല. ഭരണകൂടം പ്രതികാര ബുദ്ധിയോടെ പൗരന്മാരെ അടിച്ചൊതുക്കുന്നതിന്റെ ഹൃദയം നുറുങ്ങുന്ന വാര്‍ത്തകളാണ് അവിടെ നിന്നും പ്രവഹിച്ച് കൊണ്ടേയിരിക്കുന്നത്.

മിനുട്ടുകള്‍ക്കകം
ചാമ്പലാകുന്നു

യു പിയിലെ മുസ്‌ലിം വീടുകള്‍ക്കു സമീപം നടക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു കവിയുകയാണ്. ലജ്ജയാല്‍ തല കുനിഞ്ഞ് പോകുന്നു. യൂനിഫോമില്‍ വന്നിറങ്ങിയ പോലീസ് കലാപകാരികള്‍ അവിടെ ചെയ്തുകൂട്ടിയ ക്രൂരതകള്‍ അത്രമേല്‍ നിന്ദ്യവും ഭയാനകവുമാണ്.
കാറുകളും സ്‌കൂട്ടറുകളും തല്ലിത്തകര്‍ത്ത് അഗ്നിക്കിരയാക്കുകയായിരുന്നു അവര്‍. ടെലിവിഷന്‍ സ്‌ക്രീനുകളും വാഷിംഗ് മെഷീനുകളും അടിച്ചുടച്ചു. പണവും ആഭരണവുമെല്ലാം കൊള്ളയടിച്ചു. വീട്ടുപാത്രങ്ങള്‍ വലിച്ചിട്ടിട്ടും കലിതീരാത്ത അവര്‍ കളിപ്പാട്ടങ്ങളെപ്പോലും വെറുതെ വിട്ടില്ല. ആയുഷ്‌കാലത്തെ സമ്പാദ്യം മുഴുവനും മിനുട്ടുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്നത് കാണേണ്ടി വന്ന മനുഷ്യരെ ആശ്വസിപ്പിക്കാന്‍ ഒരത്ഭുത വാക്കും രക്ഷക്കെത്തുന്നുമില്ല.

1984, 2002, 2013 വര്‍ഷങ്ങളിലെ ദാരുണമായ ഇത്തരം ഒരുപാട് രംഗങ്ങള്‍ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ യു പിയില്‍ കാണുന്ന വ്യത്യാസം മുസ്‌ലിം വീടുകള്‍ തകര്‍ത്ത കവര്‍ച്ചാ സംഘങ്ങള്‍ യൂനിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥരായിരുന്നു എന്നതാണ്. താരതമ്യേനെ സമ്പന്നമായ മുസ്‌ലിം വീടുകളെയാണ് പോലീസ് കൂട്ടക്കൊലക്കായി തിരഞ്ഞെടുത്തത്. 40 മുതല്‍ 60 വരെ അംഗങ്ങളുള്ള കാക്കിക്കൂട്ടം വീടുകളില്‍ കയറി ഭീകര താണ്ഡവമാടി. അവരോടൊപ്പം യൂനിഫോം ധരിക്കാത്ത കലാപകാരികളും പങ്കുചേര്‍ന്നു. അവര്‍ കുതിച്ചു കയറി വാതിലുകള്‍ തകര്‍ത്തു. കാരുണ്യത്തിനായി യാചിച്ച വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെ പോലും ലാത്തി കൊണ്ടാണ് അവര്‍ നേരിട്ടത്. അവരുടെ ആക്രോശങ്ങള്‍ ഏറ്റവും അശ്ലീലമായിരുന്നു. “നിങ്ങള്‍ ചോദിക്കുന്ന ആസാദി പിടിച്ചോളൂ” എന്നാണവര്‍ ആര്‍ത്തട്ടഹസിച്ചത്.
അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ സായുധ പോലീസ് നേരിട്ടതും പള്ളികള്‍ നശിപ്പിച്ചതും ഇതേ രൂപത്തിലായിരുന്നു. മുസഫര്‍ നഗറിലെ മദ്‌റസയില്‍ റെയ്ഡ് നടത്തിയ അവര്‍ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീയിടുകയും ചെയ്തു.

സി എ എ ഭീഷണികള്‍

പല വീട്ടുകാരോടും പോലീസ് പറഞ്ഞത് ഇത് ഞങ്ങളുടെ വീടായി മാറിയിരിക്കുന്നുവെന്നാണ്. നിലവിലെ നിയമം തീര്‍ച്ചയായും നിങ്ങളെ പാക്കിസ്ഥാനിലേക്ക് പുറന്തള്ളുമെന്നും പോലീസ് ഭീഷണിപ്പെടുത്തി. ആര്‍ എസ് എസിന്റെ വിഭജന രാഷ്ട്രീയം സമ്പൂര്‍ത്തീകരിക്കാന്‍ പൗരത്വ നിയമ ഭേദഗതിക്ക് കഴിയുമെന്ന് പോലീസ് വിശ്വസിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. മീററ്റിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മുസ്‌ലിംകളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്ന വീഡിയോ വൈറലായതും ഇതോട് ചേര്‍ത്ത് വായിക്കണം.

ലാത്തിയടിയേറ്റുണ്ടായ മുറിവുകള്‍ സ്ത്രീകളും കുട്ടികളും ഞങ്ങള്‍ക്ക് കാണിച്ച് തന്നു. വൃദ്ധര്‍ പോലും ഈ അതിക്രമത്തില്‍ നിന്ന് രക്ഷ നേടിയിട്ടില്ല. കൗമാരക്കാരെ വളഞ്ഞിട്ട പോലീസ് ദിവസങ്ങളോളം അവരെ അനധികൃതമായി തടങ്കലില്‍ വെച്ചു. പോലീസ് അതിക്രമത്തില്‍ പരുക്കേറ്റവരാണെന്നറിഞ്ഞാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പോലും ചികിത്സ നല്‍കാന്‍ തയ്യാറാകാത്ത അതിഭീകരാവസ്ഥയും യു പിയിലുണ്ട്.

രാജ്യത്തിന്റെ മിക്കയിടങ്ങളിലും സി എ എക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുകയുണ്ടായി. എന്നാല്‍ യു പിയിലും കര്‍ണാടകയുടെ തീരദേശങ്ങളിലും മാത്രമാണ് ഇത് അക്രമാസക്തമായി മാറിയത്. ഈ കുറിപ്പെഴുതുന്ന സമയത്ത് യു പിയില്‍ മാത്രം ഇരുപതോളം ആളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. പോലീസിന്റെ നടപടികളും മനോഭാവവുമാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രക്ഷോഭകരെ സകല പ്രോട്ടോകോളും ലംഘിച്ചാണ് പോലീസ് നേരിടുന്നത്. മുന്നറിയിപ്പ് നല്‍കാനോ നിറയൊഴിക്കാതെ പിരിച്ചുവിടാനോ ശ്രമിക്കുന്നില്ല. പോലീസ് അരക്കെട്ടിന് മുകളിലൂടെ വെടിവെക്കുന്നത് വീഡിയോകളില്‍ വ്യക്തമായി കാണാം. പ്രതിഷേധമോ ജനക്കൂട്ടമോ ഇല്ലാത്ത ഇടുങ്ങിയ പാതകളിലൂടെ പിന്തുടര്‍ന്ന് വെടിവെക്കുന്ന ദൃശ്യങ്ങളും പുറത്ത് വരുന്നുണ്ട്. ആക്രമിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പാവപ്പെട്ട തൊഴിലാളികളാണ്. സമാധാനപരമായുള്ള പ്രക്ഷോഭങ്ങളില്‍ പോലും അവര്‍ പങ്കെടുത്തിട്ടില്ലെന്ന് കുടുംബങ്ങള്‍ തറപ്പിച്ച് പറയുന്നു.

ആഴത്തിലുള്ള പാടുകള്‍

ഉയര്‍ന്ന മുസ്‌ലിം ജനസംഖ്യയുള്ള നിരവധി നഗരങ്ങളില്‍ ആയിരക്കണക്കിന് കേസുകളാണ് പേരുകള്‍ രേഖപ്പെടുത്താതെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുസ്്ലിംകളെ ഇഷ്ടാനുസരണം തടവിലിടാനും പോലീസിനെതിരെ പരാതിപ്പെടുന്നവരെ നിശ്ശബ്ദരാക്കാനും അവരിത് ഉപയോഗിക്കുന്നു. ക്യാമറയുള്ള ആരോടും മുഖം മറക്കാതെ സംസാരിക്കാന്‍ ആളുകള്‍ ഭയപ്പെടുകയാണ്.
പ്രതികാരം ചെയ്യാനുള്ള രാഷ്ട്രീയ ആഹ്വാനങ്ങളെ പോലീസ് ആവേശത്തോടെ നടപ്പാക്കുകയാണ്. പൊതുമുതല്‍ നശിപ്പിച്ചെന്ന പേരില്‍ ഭീമമായ നഷ്ടപരിഹാരമാണ് മുസ് ലിംകള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. പോലീസിന്റെ ലാത്തി പോലും പൊതുമുതലിന്റെ ഭാഗമാണെന്നതാണ് ഏറ്റവും പരിഹാസ്യം. നിയമപരമായി ചെയ്യേണ്ട ജുഡീഷ്യല്‍ അന്വേഷണങ്ങളൊന്നും നടത്താതെയാണ് ഇത് അടിച്ചേല്‍പ്പിക്കുന്നത്.

പോലീസ് നരനായാട്ടിനെ നിരന്തരം പാടിപ്പുകഴ്ത്തുകയാണ് യോഗി ആദിത്യ നാഥ്. സര്‍ക്കാറിന്റെ കര്‍ശന നടപടികള്‍ക്കു മുന്നില്‍ പ്രക്ഷോഭകര്‍ വിറച്ചു പോയെന്നാണ് ട്വിറ്ററില്‍ അയാള്‍ കുറിച്ചത്.

കശ്മീരില്‍ മൂന്ന് പതിറ്റാണ്ടായി നടന്നുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയുടെ മൂര്‍ത്തീഭാവം യു പിയിലും ആവര്‍ത്തിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തെ വെറുപ്പിന്റെ പ്രതീകമാക്കി മാറ്റാനാണ് യോഗി സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമ്പോള്‍ യു പിയിലെ മുസ്‌ലിംകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെടുന്നുവെന്നത് അസ്വസ്ഥജനകമാണ്.

(കടപ്പാട്: ദി ഹിന്ദു
മൊഴിമാറ്റം: കെ കെ അലിഅക്ബര്‍)