നക്ഷത്രങ്ങൾ പൂക്കുന്ന ആകാശം

അടുക്കളപ്പുറങ്ങളിലെ നേർക്കാഴ്ചകളിൽ നിന്ന്, സിറിയൻ തെരുവുകളിലെ ദീനരോദനങ്ങൾ ലോകത്തിന്റെ കാതുകളിൽ മാറ്റൊലി കൊള്ളിച്ച സമർയാസ് ബക്കിലേക്കാണ് എഴുത്തുകാരി ചെന്നെത്തുന്നത്. വിലപിക്കുന്നവരോടുള്ള ഐക്യപ്പെടലല്ലാതെ മറ്റൊന്നുമാകില്ല, സമർയാസ് ബക്കിലേക്ക് എഴുത്തുകാരിയെ കൊണ്ടെത്തിച്ചത് "നിന്റെ അക്ഷരങ്ങളിലെ വേദനയെ ഞാനും സ്‌നേഹിക്കുന്നു' എന്നെഴുതുമ്പോൾ സമർയാസ് ബക്കിനോടൊ സിറിയൻ ജനതയോടൊ മാത്രമാകില്ല കവയിത്രി അക്ഷരങ്ങൾ കൊണ്ടെങ്കിലും ഐക്യപ്പെടാൻ ശ്രമിക്കുന്നത് വേദനിക്കുന്ന ഓരോ ജന്മങ്ങളോടുമാണ്.
Posted on: December 30, 2019 5:21 pm | Last updated: December 30, 2019 at 5:21 pm
പരാജിതരുടെ ആകാശം | റസീന കെ പി

തീക്ഷ്ണമാണ് ഭാവനകൾ അല്ലെങ്കിൽ ജീവിതാനുഭവങ്ങൾ. ബിംബകല്പനകളാൽ സമൃദ്ധം. വരികൾക്കിടയിൽ ഒളിപ്പിച്ച മൗനങ്ങൾ അനുവാചകനെ ഏതു കാലത്തേക്കും എത്ര ദൂരത്തേക്കും കൈപിടിച്ച് നടത്താൻ പ്രാപ്തം. ഇതായിരുന്നു റസീന കെ പിയുടെ രണ്ടാമത്തെ പുസ്തകം, “പരാജിതരുടെ ആകാശം’ കൈപ്പറ്റിയ മാത്രയിൽ ഒന്ന് കണ്ണോടിച്ചപ്പോൾ മനസ്സിൽ തോന്നിയ പ്രഥമ വിചാരങ്ങൾ. 40 കവിതകളും വായിച്ചു തീരുമ്പോൾ തിരിച്ചറിയാനാകുന്നു, എഴുത്തുകാരി നമുക്കു മുന്നിൽ തുറന്നിടുന്നത് അടുക്കള മുതൽ നീളുന്ന വിശാലമായ ഒരു ലോകം തന്നെയാണ്.
അടുക്കളപ്പുറങ്ങൾ ആത്മസാക്ഷാത്കാരത്തിന്റെ അവസാനവേദികയായി കണ്ട് സായൂജ്യമടയുന്ന, സ്വന്തം ജീവിതം ജീവിച്ചു തീർക്കുന്ന എണ്ണമറ്റ ജന്മങ്ങൾക്ക് വേണ്ടി ഉരുക്കഴിക്കപ്പെട്ടത് എന്ന് തോന്നിപ്പിക്കുന്ന വരികൾ യഥേഷ്ടമുണ്ട്, റസീനയുടെ രചനകളിൽ.

“അലമാരയിലെ കുപ്പിഭരണിയിൽ
നിറം വറ്റിയ കവിതകൾ, ഞാൻ ഉപ്പിലിട്ടു വെച്ചു’
“കളഞ്ഞു പോയ കവിതകൾ, ആത്മാക്കളായി, വെറിപൂണ്ട്, ചുരമാന്തി’ എന്നെഴുതിയ’ കളഞ്ഞുപോയ കവിതകൾ’ സമാഹാരത്തിലെ ആദ്യ കവിതയായത് ഒരുപക്ഷേ യാദൃച്ഛികമാകാം. എങ്കിൽ കൂടി സ്ത്രീപക്ഷരചനയുടെ, ശരാശരി മലയാള സ്ത്രീ സമൂഹത്തെ ശക്തമായി പ്രതിനിധാനം ചെയ്യാൻ “കളഞ്ഞു പോയ കവിതക്ക്’ സാധ്യമാകും.

“കണ്ണീരുപ്പ് കലക്കി, മോഹങ്ങൾ അച്ചാറിട്ടു വെച്ച, പളുങ്കു ജാറുകളിൽ നിന്ന്, ചുടുനീർകണങ്ങൾ പിഴിതെടുത്താൽ ഒരു മഴക്കാലം പിറവി കൊണ്ടേക്കാം’. (പെൺപ്രവാസി), “ചൊല്ലി നീ കവിതക്ക് കാകളിയില്ലത്രേ, കാല്പനികമല്ലത്രേ’ (സങ്കടപ്പെയ്ത്ത്),
“അടുപ്പരികിൽ, തീൻമേശയിൽ, പച്ചക്കറിക്കൂടയിൽ പിന്നേയും വാക്കുകൾ നോക്കിപ്പിടഞ്ഞു. (ജനനമില്ലാത്ത വാക്കുകൾ) മോഹങ്ങൾ അടക്കിപ്പിടിച്ച് ജീവിക്കാൻ സ്വയം ശ്രമിക്കുമ്പോഴും “ആത്മാവുമുടലും ചേരുന്ന കവിതകൾ ഉയിരെടുക്കും’ എന്ന പ്രത്യാശ പ്രപഞ്ചത്തെ തന്നെയും സാക്ഷിയാക്കി ആത്മാവിൽ ഏറ്റുവാങ്ങിയ എഴുത്തുകാരി പകർത്തിവെക്കുന്നത്, പുരോഗമിച്ചെന്ന് ഊറ്റം കൊള്ളുന്ന വർത്തമാനകാലത്തും “കുടുംബം’ എന്ന വ്യവസ്ഥിതിക്കുള്ളിൽ എളുപ്പം തളച്ചിടാവുന്ന സ്ത്രീ മനസ്സുകളെ തന്നെയാണ്.
“ഇവൾ സ്ത്രീ എന്ന ശീർഷകം ചാർത്തിയ കവിതയുടെ അവസാന വരികളിൽ പ്രതിഷേധത്തിന്റെയും ആത്മരോഷത്തിന്റെയും കെടാത്ത തീച്ചൂളകൾ കൊളുത്തി വെച്ചതായി അനുഭവപ്പെട്ടേക്കാം.

“എന്നിട്ടും മൂർച്ചയുള്ള വാക്കാൽ നീയവൾക്കു പേരിട്ടു ഇവൾ വെറും സ്ത്രീ’
അടുക്കളപ്പുറങ്ങളിലെ നേർക്കാഴ്ചകളിൽ നിന്ന്, സിറിയൻ തെരുവുകളിലെ ദീനരോദനങ്ങൾ ലോകത്തിന്റെ കാതുകളിൽ മാറ്റൊലി കൊള്ളിച്ച സമർയാസ് ബക്കിലേക്കാണ് എഴുത്തുകാരി ചെന്നെത്തുന്നത്. വിലപിക്കുന്നവരോടുള്ള ഐക്യപ്പെടലല്ലാതെ മറ്റൊന്നുമാകില്ല, സമർയിസ് ബക്കിലേക്ക് എഴുത്തുകാരിയെ കൊണ്ടെത്തിച്ചത് “നിന്റെ അക്ഷരങ്ങളിലെ വേദനയെ ഞാനും സ്‌നേഹിക്കുന്നു. എന്നെഴുതുമ്പോൾ സമർയാസ് ബക്കിനോടൊ സിറിയൻ ജനതയോടൊ മാത്രമാകില്ല കവയിത്രി അക്ഷരങ്ങൾ കൊണ്ടെങ്കിലും ഐക്യപ്പെടാൻ ശ്രമിക്കുന്നത് വേദനിക്കുന്ന ഓരോ ജന്മങ്ങളോടുമാണ്.
“പരിഭവമില്ലാതെ മണിമുഴക്കം നിലച്ചപ്പോഴാണ് വീട്ടിൽ ഒരു അലാറം ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് (അലാറം) നിലയ്ക്കപ്പെട്ട നാഴികമണികളുടെ നിശബ്ദതയിൽ നിന്നുണ്ടാവുന്ന ശൂന്യതയെ ആരാണാദ്യം തിരിച്ചറിയുന്നത് എന്ന് എവിടെയും പകർത്തിവെച്ചിട്ടില്ല. തീർച്ചയായും ഒരുൾനീറ്റലോടെ മാത്രം ബോധ്യപ്പെടാനാകുന്നുണ്ട്, നിലച്ചുപോകുന്ന അലാറം ആരാണെന്നും എന്താണെന്നും. എഴുത്തുകാരിയുടെ ഗൂഢമായ ഭാവനകൾ ഉമ്മയുടെ കാലടിയിലാണ് സ്വർഗം എന്ന പുണ്യസൂക്തങ്ങളെ എളുപ്പം ഓർമയിലെത്തിക്കുന്നുണ്ട്.

ഓർത്തെടുത്താൽ എത്ര വേണമെങ്കിലും കണ്ടെത്താവുന്ന അർഥങ്ങൾ ഒളിപ്പിച്ചു വെച്ചാണ് പരാജിതരുടെ ആകാശത്തിലെ ഓരോ രചനയും വായനക്കാരനെ അഭിമുഖീകരിക്കുന്നത്. സാർവദേശീയവും സമകാലികവുമായ വരികൾ കവയിത്രി എഴുതിച്ചേർക്കുന്നത് (ബോധപൂർവമാകാം.) തന്റെ പരിസരാനുഭവങ്ങളുടെ നേർക്കാഴ്ചയിൽ നിന്നാകാം. കേട്ടുകേൾവികളിൽ നിന്നാകാം. ആനമുഖമില്ലാത്ത കുറിപ്പിൽ പറയുന്നത് പോലെ. കണ്ണിലുടക്കിയ കാഴ്ചകൾ, ഉണർത്തുകയും ഉറക്കം കെടുത്തുകയും ചെയ്ത വരമൊഴികൾ, ഓർമകൾ, ചിന്തകൾ, കിനാവുകൾ എല്ലാമെല്ലാം പങ്കുവെക്കാൻ അക്ഷരങ്ങൾ കൊണ്ടേ സാധിക്കൂ എന്ന എന്റെ തോന്നലിന്റെ ഫലപ്രാപ്തിയാണ് എന്റെ കവിതകൾ എന്ന പ്രസ്താവന സത്യസന്ധവും ആത്മാർഥവുമാണെന്ന് സമാഹാരത്തിലെ കവിതകൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ലിപി ബുക്സാണ് പ്രസാധകർ. വില 100 രൂപ.