Connect with us

Thiruvananthapuram

സോയാ ചങ്‌സിൽ നിന്ന് പ്രകൃതി സൗഹൃദ സാനിറ്ററി നാപ്കിനുമായി ഫാത്വിമത്തു നഫ്‌റ

Published

|

Last Updated

തിരുവനന്തപുരം | പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഓർഗാനിക് സാനിറ്ററി നാപ്കിനുകൾ വിപണിയിൽ എത്തിക്കുക എന്ന ആശയവുമായി കണ്ണൂരിൽ നിന്ന് ഫാത്വിമത്തു നഫ്‌റ.

സോയാചങ്‌സ് ഉപയോഗിച്ച് രണ്ടു രൂപ ചെലവിൽ നിർമിക്കാവുന്ന ഓർഗാനിക് പാഡുകൾ വിപണിയിലെത്തിക്കുകയെന്ന സ്വപ്‌നവുമായാണ് ഈ കുട്ടി ശാസ്തജ്ഞയായ ഫാത്വിമ ദേശീയ ബാലശാസ്ത്ര കോൺഗ്രസിനെത്തിയത്.

മെൻസ്ട്രൽ കപ്പുകൾ യുവതലമുറക്കിടയിൽ വലിയ രീതിയിൽ പ്രചാരം നേടിയിട്ടുണ്ടെങ്കിലും ഇവക്കിടയിലേക്കാണ് ഓർഗാനിക്ക് നാപ്കിനുമായി ഈ വിദ്യാർഥിനിയുടെ കടന്നു വരവ്. ഒഴിവാക്കാൻ കഴിയാത്ത സാനിറ്ററി നാപ്കിനുകൾ പ്രകൃതിയോടിണങ്ങി നിൽക്കണമെന്നും ഈ വിദ്യാർഥിനിക്ക് നിർബന്ധമുണ്ട്.
വിപണിയിലെത്തുന്ന എല്ലാതരം പാഡുകളും ഉപയോഗശേഷം വലിച്ചെറിയുന്നതിലൂടെ 400 വർഷത്തിലധികം ഇവ മണ്ണിൽ ദ്രവിക്കാതെ കിടക്കും.

ദീർഘ നേരത്തെ ഉപയോഗ സാധ്യത മുന്നോട്ടുവെക്കുന്ന പാഡുകളിൽ ആരോഗ്യത്തിനു ഹാനികരമായ സോഡിയം പോളി അക്രിലേറ്റ് പോലുള്ള രാസവസ്തുക്കളാണ് അബ്‌സോർബന്റായി ഉപയോഗിക്കുന്നത്.
ഇതിൽ നിന്ന് വ്യത്യസ്തമായി ആഹാരത്തിനു ഉപയോഗിക്കുന്ന സോയ ചങ്‌സിന്റെ അബ്‌സോർബന്റെ് കപ്പാസിറ്റിയെ നാപ്കിനിൽ ഉപയോഗിക്കാനാണ് ഫാത്വമ ശ്രമിച്ചത്.
ആ ശ്രമം വിജയം കണ്ടുവെന്നതിന് തെളിവാണ് ഫാത്വിമയെ 27ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ വേദിയിലെത്തിച്ചത്. വിവിധ തട്ടുകളിലായി ആഗിരണ ശേഷിയുള്ള ബട്ടർപേപ്പർ, ബീ വാക്‌സ്, സോയാ ചങ്‌സ് എന്നിവ ക്രമീകരിക്കുന്നു.

തീർത്തും അണുവിമുക്തമാക്കിയ വസ്തുക്കൾ ശുചിത്വം ഉറപ്പു വരുത്തുന്നവയാണ്.
നാല് മണിക്കൂർ വരെ ഉപയോഗിക്കാവുന്ന നാപ്കിനിൽ 35 മില്ലിലിറ്റർ വരെ കപ്പാസിറ്റിയും ഫാത്വിമ ഉറപ്പു നൽകുന്നു.
ഇതിന് പുറമെ വിലയും ആകർഷകമാകുമെന്ന വിശ്വാസവും ഈ കുട്ടി ശാസ്ത്രജ്ഞക്കുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ഒരു പാഡിന് 1.50 രൂപ നിരക്കിൽ നിർമിക്കാൻ കഴിയുമെന്ന് ഫാത്വിമ അവകാശപ്പെടുന്നു.

ബംഗലൂരുവിലെ ഇന്റർടെക് സ്ഥാപനത്തിലയച്ച് ബി ഐ എസ് സർട്ടിഫിക്കേഷനും ഈ ഉത്പന്നം നേടിയെടുത്തിട്ടുണ്ട്. ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഫാത്വിമ കണ്ണൂരിലെ കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയാണ്.

---- facebook comment plugin here -----

Latest