Connect with us

Kasargod

ഇന്ത്യയിലെ മുസ്‌ലിംകള്‍ എവിടെ നിന്നെങ്കിലും കുടിയേറി പാര്‍ത്തവരല്ല: കാന്തപുരം

Published

|

Last Updated

കാസര്‍കോട് | ഇന്ത്യാ രാജ്യത്തെ മുസ്‌ലിംകള്‍ എവിടെ നിന്നെങ്കിലും കുടിയേറി പാര്‍ത്തവരല്ലെന്നും അവര്‍ ഈ ഭൂമിയില്‍ ജനിച്ചുവളര്‍ന്നവര്‍ ആണെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്ലിംകള്‍ മരണം വരെ ഇന്ത്യയില്‍ തന്നെ ജീവിക്കുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും കാന്തപുരം വ്യക്തമാക്കി. കാസര്‍കോട് ദേളി സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകായായിരുന്നു അദ്ദേഹം.

മുസ്ലിംകള്‍ ഇന്ത്യയില്‍ മനുഷ്യത്വത്തിന് എതിരായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. ഇന്ത്യക്ക് എതിരായോ മറ്റു രാജ്യങ്ങള്‍ക്ക് എതിരായോ പ്രവര്‍ത്തിച്ചിട്ടില്ല. വളരെ സമാധാനത്തിലും സൗഹൃദത്തിലും ജീവിച്ചുവന്നവരാണ് മുസ്ലിംകള്‍. പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് അതാണ്. ഒരു പ്രദേശത്ത് മുസ്ലിംകള്‍ മാത്രം താമസിക്കുന്ന സ്ഥലമാണെങ്കില്‍ അവിടേക്ക് മറ്റു മതത്തില്‍ പെട്ട ആരെങ്കിലും കടന്നുവന്നാല്‍ അവര്‍ക്ക് പൂര്‍ണ അഭയം നല്‍കണമെന്നാണ് ഖുര്‍ആന്റെ പ്രഖ്യാപനം. പ്രവാചകര്‍ (സ്വ) പഠിപ്പിച്ചതും അതുതന്നെയാണെന്നും കാന്തപുരം വ്യക്തമാക്കി.

സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ദുബൈ ഔഖാഫ് ഡയറക്ടര്‍ ഉമര്‍ ഖത്തീബ് ഉദ്ഘാടനം ചെയത്ു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും.

സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സനദ്ദാനം നിര്‍വഹിക്കും. സനദ്ദാന പ്രഭാഷണം ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ നിര്‍വഹിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ് ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, റാശിദ് ബുഖാരി സി എം ഇബ്‌റാഹീം പ്രസംഗിക്കും. ശൈഖ് മുഹമ്മദ് ശൈഖ് അല്‍ ഹാശിമി മുഖ്യാതിഥിയായിരിക്കും. കോടമ്പുഴ ബാവ ഉസ്താദിന് നൂറുല്‍ ഉലമാ അവാര്‍ഡ് സമ്മാനിക്കും. വൈ അബ്ദുല്ലക്കുഞ്ഞി ഹാജി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുര്‍റഹ്മാന്‍ ഹാജി കുറ്റൂര്‍, അബ്ദുല്‍ ജലീല്‍ ഹാജി അജ്മാന്‍ അവാര്‍ഡ് സമ്മാനിക്കും.വിദേശ പ്രതിനിധികളും സംബന്ധിക്കും.

രാവിലെ സഅദി സംഗമവും പണ്ഡിത സമ്മേളനവും നടന്നു. സ്ഥാനവസ്ത്ര വിതരണം സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.