ബലാത്സംഗത്തിനിരയായ മകളെയും ചുമലിലേറ്റി പിതാവ് ആശുപത്രിയിലേക്ക്; വീണ്ടും യുപി

Posted on: December 29, 2019 4:54 pm | Last updated: December 29, 2019 at 4:54 pm

ലക്‌നോ | പീഡനത്തിനിരയായ മകളെ ചുമലിലേറ്റി ആശുപത്രിയിലേക്ക് പോകുന്ന ഒരു അച്ഛന്റെ ചിത്രം കണ്ണ് നനയിക്കുന്നു. സ്ത്രീകള്‍ക്കെതിരായ നടുക്കുന്ന അതിക്രമങ്ങളുടെ വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത ഉത്തര്‍പ്രദേശില്‍ നിന്നാണ് ഈ രംഗവും പകര്‍ത്തിയത്.

വീട്ടിനുള്ളില്‍ അയല്‍വാസിയായ യുവാവിനാല്‍ ക്രൂരമായ ബലാത്സംഗത്തിനിരയായ മകളെ വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്ന പിതാവിന്റെതാണ് ദൃശ്യം. വീട്ടില്‍ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ 19കാരനാണ് 15 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി പെണ്‍കുട്ടിയുടെ കാല്‍ തല്ലിയൊടിക്കുകയും ചെയ്തു.

സംഭവമറിഞ്ഞെിയ പിതാവ് മകളെയുമായി ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് വൈദ്യപരിശോധനക്ക് കൊണ്ടുപോകാന്‍ സ്ട്രച്ചറോ വീല്‍ചെയറോ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ നല്‍കിയില്ല. തുടര്‍ന്നാണ് മകളെയും ചുമലിലേറ്റി അദ്ദേഹം വൈദ്യപരിശോദനക്കായി പോയത്.