Connect with us

National

ഹിന്ദു സഹോദരന് വെടിയേറ്റത് വർഗീയവത്കരിക്കാനുള്ള യു പി പോലീസ് ശ്രമം പൊളിഞ്ഞു

Published

|

Last Updated

ഓംരാജ് സൈനി, ഓംരാജ് സൈനിയുടെ ബന്ധുക്കൾ

മീററ്റ് | പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിനിടെ ഹിന്ദു യുവാവിന് വെടിയേറ്റത് വർഗീയവത്കരിക്കാനുള്ള ഉത്തർപ്രദേശ് പോലീസിന്റെ ശ്രമവും പൊളിഞ്ഞു. ബിജ്‌നൂരിലെ നേതൗർ നഗരത്തിൽ കഴിഞ്ഞ 20നുണ്ടായ പ്രതിഷേധത്തിനിടെയാണ് ഓംരാജ് സൈനിക്ക് വെടിയേറ്റത്. പോലീസിന്റെ ഭാഗത്ത് നിന്നാണ് വെടിവെപ്പുണ്ടായതെന്ന് ഓംരാജിന്റെ കുടുംബം പറയുന്നു. ഓംരാജിന്റെ ഉദരത്തിനാണ് വെടിയേറ്റത്. വെടിയുണ്ട ശരീരം തുളച്ച് പുറത്തെത്തിയിരുന്നു.

അതേ ദിവസം വെടിയേറ്റ സുലൈമാനെയും അനസിനെയും കയറ്റിയ ആംബുലൻസിൽ തന്നെയാണ് ഓംരാജിനെയും ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ് മടക്കി. സാമ്പത്തിക ഭദ്രതയുള്ള കുടുംബമായതിനാൽ ഓംരാജിനെ വേഗം സ്വകാര്യ ആശുപത്രിയിൽ എത്തിക്കാനായി. അനസിനെയും സുലൈമാനെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാനുള്ള ശേഷി കുടുംബത്തിനില്ലായിരുന്നു. ഇരുവരും മരിച്ചു.

കാട്ടിൽ നിന്ന് വീട്ടിലേക്കുള്ള വഴി ഒരുകൂട്ടം മുസ്‌ലിംകൾ ഓംരാജിനെ വെടിവെച്ചുവെന്നാണ് പോലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി അവകാശപ്പെടുന്നത്. ഓംരാജ് പരാതി നൽകിയിട്ടുണ്ടെന്നും വെടിവെച്ചവരുടെ മുഖം ഓംരാജിന് അറിയാമെന്നും വീണ്ടും കണ്ടാൽ തിരിച്ചറിയുമെന്നും ത്യാഗി പറയുന്നു. എന്നാൽ, ഇത് പച്ചക്കള്ളമാണെന്ന് ആശുപത്രിക്കിടക്കയിൽ വെച്ച് ആണയിടുകയാണ് ഓംരാജ്. കാട്ടിൽ നിന്ന് വരുന്ന വഴിയാണെന്നത് മാത്രമാണ് ത്യാഗി പറഞ്ഞതിൽ സത്യമുള്ളത്. “കാട്ടിൽ നിന്ന് വരുന്ന വഴി ഏജൻസി ചൗരക്ക് സമീപം ജനക്കൂട്ടത്തെ കണ്ടു. ഏറെ താമസിയാതെ വെടിയേറ്റു. പിന്നീട് ബോധം തെളിഞ്ഞപ്പോൾ ആശുപത്രിയിലായിരുന്നു. ആരാണ് വെടിവെച്ചതെന്ന് അറിയില്ല. അവരുടെ മുഖം കണ്ടിട്ടില്ല. അന്ന് പ്രതിഷേധമുള്ള കാര്യംപോലും അറിയില്ലായിരുന്നു. താൻ പരാതി നൽകിയിട്ടില്ല” ഓംരാജ് പറയുന്നു.

പോലീസ് നിന്നിരുന്ന ഭാഗത്ത് നിന്നാണ് വെടിവെപ്പുണ്ടായതെന്ന് ഓംരാജിന്റെ മരുമകൻ രമേശ് പറഞ്ഞു. ഇക്കാര്യം നാട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. പോലീസുകാർ മാത്രമാണ് വെടിവെച്ചതെന്നും രമേശ് പറഞ്ഞു. തങ്ങൾ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഓംരാജിന്റെ സഹോദരൻ സുഭാഷ് അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴും ആശുപത്രിയിലും താൻ കൂടെയുണ്ടായിരുന്നു. പോലീസ് വന്ന് മൊഴി രേഖപ്പെടുത്തുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. ആരാണ് വെടിവെപ്പ് നടത്തിയതെന്ന് അറിയില്ലെങ്കിലും ജനക്കൂട്ടത്തിന്റെ കൈയിൽ ഒരു തോക്കും കണ്ടിട്ടില്ലെന്ന് സുഭാഷ് പറയുന്നു.

സംഭവത്തിൽ വർഗീയത കണ്ടെത്തിയ ത്യാഗിയുടെ ആരോപണത്തെ സുഭാഷ് തള്ളിക്കളഞ്ഞു. ആ പ്രദേശത്ത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നത്. മുസ്‌ലിം കുടുംബങ്ങളാണ് അയൽക്കാരെല്ലാം. ഒന്നിച്ചാണ് ഉറങ്ങുന്നതും ഉണരുന്നതും. ഓംരാജിനെ കാണാൻ എല്ലാവരും ആശുപത്രിയിൽ വന്നിരുന്നുവെന്നും സുഭാഷ് പറഞ്ഞു.

അടുത്ത മാർച്ചിലോ ഏപ്രിലിലോ മകളുടെ വിവാഹം നടത്താനുള്ള പദ്ധതിയായിരുന്നു ഓംരാജിനും കുടുംബത്തിനും. അതിനിടെയുണ്ടായ ദുരിതം കാരണം വിവാഹം റദ്ദാക്കിയിരിക്കുകയാണ് കുടുംബം. കാണാനെത്തുന്നവരെല്ലാം സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, റൊക്കം പണമടക്കാതെ ഒരു ഗുളിക പോലും തരില്ലെന്ന ആശുപത്രിയുടെ നിലപാടാണ് വെടിയുണ്ട തറച്ചതിനേക്കാൾ വലിയ വേദന ഓംരാജിനും കുടുംബത്തിനുമുണ്ടാക്കുന്നത്.