സഅദാബാദ് മനുഷ്യ സാഗരമാകും; സഅദിയ്യ ഗോൾഡൻ ജൂബിലി സമാപന സമ്മേളനം ഇന്ന്

Posted on: December 29, 2019 1:35 pm | Last updated: December 29, 2019 at 1:40 pm
സഅദിയ്യ ഗോൾഡൻ ജൂബിലി സമ്മേളനത്തിൽ സയ്യിദ് ഇബ്്റാഹിം ഖലീൽ അൽ ബുഖാരി സംസാരിക്കുന്നു

ദേളി | ചന്ദ്രിഗിരി തീരത്തെ സഅദാബാദ് ഇന്ന് മനുഷ്യ സാഗരമാകും. അമ്പതാണ്ട് പിന്നിടുന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോൾഡൻ ജൂബിലി സമാപന സനദ്‌ദാന മഹാസമ്മേളനത്തിന് ഇന്ന് സമാപനം കുറിക്കും. ശരീഅത്ത്, ദഅ്‌വ, ഹിഫ്‌ളുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിൽ നിന്നും മത പഠനം പൂർത്തിയാക്കിയ യുവപണ്ഡിതർ ഇന്ന് സനദും സ്ഥാന വസ്ത്രവും ഏറ്റുവാങ്ങും.

ഇന്ന് വൈകീട്ട് 4.30ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ദുബൈ ഔഖാഫ് ഡയറക്ടർ ഉമർ ഖത്തീബ് ഉദ്ഘാടനം ചെയ്യും. സമാപന പ്രാർഥനക്ക് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ നേതൃത്വം നൽകും.

സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ സനദ്‌ദാനം നിർവഹിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. സനദ്‌ദാന പ്രഭാഷണം ബേക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ നിർവഹിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ് ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ, എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, റാശിദ് ബുഖാരി സി എം ഇബ്‌റാഹീം പ്രസംഗിക്കും. ശൈഖ് മുഹമ്മദ് ശൈഖ് അൽ ഹാശിമി മുഖ്യാതിഥിയായിരിക്കും. കോടമ്പുഴ ബാവ ഉസ്താദിന് നൂറുൽ ഉലമാ അവാർഡ് സമ്മാനിക്കും. വൈ അബ്ദുല്ലക്കുഞ്ഞി ഹാജി, എ പി അബ്ദുൽ കരീം ഹാജി ചാലിയം, അബ്ദുർറഹ്‌മാൻ ഹാജി കുറ്റൂർ, അബ്ദുൽ ജലീൽ ഹാജി അജ്മാൻ അവാർഡ് സമ്മാനിക്കും.വിദേശ പ്രതിനിധികളും സംബന്ധിക്കും.

രാവിലെ സഅദി സംഗമവും പണ്ഡിത സമ്മേളനവും നടന്നു. സ്ഥാനവസ്ത്ര വിതരണം സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ നിർവഹിച്ചു.