Connect with us

Articles

ഭരണഘടനക്ക് മുകളിലല്ല ഒരു ഗവര്‍ണറും

Published

|

Last Updated

ഗവര്‍ണറുടെ പദവിയെ പരാമര്‍ശിച്ചുകൊണ്ട് ഡോ. അംബേദ്കര്‍ ഇപ്രകാരം പ്രസ്താവിച്ചു: “തന്റെ സ്വന്തം വിവേചനത്താലോ വ്യക്തിപരമായ അഭിപ്രായത്താലോ നിര്‍വഹിക്കപ്പെടേണ്ട യാതൊരു ചുമതലകളും ഗവര്‍ണര്‍ക്കില്ല. ഭരണഘടനാ തത്വങ്ങളനുസരിച്ച് അദ്ദേഹം എല്ലാ കാര്യങ്ങളിലും മന്ത്രിമാരുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കണം.” സുനില്‍ബോസും സംഘവും പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിക്കെതിരെ ഫയല്‍ ചെയ്ത കേസില്‍, ഗവര്‍ണര്‍മാര്‍ മന്ത്രിമാരുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി വിധിക്കുകയുണ്ടായി. സുപ്രീം കോടതി ഈ വിധിയെ അനുകൂലിച്ചു. മറ്റൊരു കേസില്‍, ഗവര്‍ണര്‍ നാമമാത്ര ഭരണത്തലവനാണെന്നും അദ്ദേഹത്തിന്റെ സ്ഥാനം ഇംഗ്ലണ്ടിലെ രാജാവിന്റെ സ്ഥാനത്തിന് തുല്യമാണെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. മന്ത്രിസഭ നല്‍കുന്ന ഉപദേശങ്ങള്‍ക്ക് വിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജനാധിപത്യ വ്യവസ്ഥിതിയിലുള്ള സര്‍ക്കാറിന്റെ നിലനില്‍പ്പ് തന്നെ അസാധ്യമായിത്തീരും. സര്‍ക്കാറിന്റെ അധികാരങ്ങള്‍ ഔപചാരികമായി പ്രയോഗിക്കാന്‍ ഒരു ചിഹ്നമായിരിക്കണം എന്നതിലുപരി മറ്റൊന്നുമല്ല ഗവര്‍ണറുടെ ഭരണപരമായ സ്ഥാനം. ഗവര്‍ണര്‍പദം ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടമാണെന്ന വസ്തുത പറയാതിരുന്നാല്‍ അത് യാഥാര്‍ഥ്യം മറച്ചുവെക്കലാണ്.

ഭരണഘടനാപരമായോ അല്ലാതെയോ പാര്‍ലിമെന്ററി ആത്മസത്തക്കും ഉദ്ദേശ്യത്തിനും എതിരായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണറെ അധികാരപ്പെടുത്തിയിട്ടില്ല. സംസ്ഥാന ക്യാബിനറ്റിന്റെ തീരുമാനങ്ങള്‍ അതേപടി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. മന്ത്രിസഭാ തീരുമാനമോ ഒരു മന്ത്രിയുടെ തീരുമാനമോ ഭരണഘടനാവിരുദ്ധമോ രാജ്യത്ത് സംഘര്‍ഷങ്ങള്‍ക്ക് ഇടനല്‍കുന്നതോ ആണെങ്കില്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോടോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോടോ ആവശ്യപ്പെടാനുള്ള അവകാശം നിശ്ചയമായും ഗവര്‍ണര്‍ക്കുണ്ട്. വകുപ്പ് മന്ത്രിമാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് തോന്നിയാല്‍ വിശദീകരണം തേടാനുള്ള അവകാശവും ഗവര്‍ണര്‍ക്കുണ്ട്.
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഗവര്‍ണറാണ്. ചാന്‍സലര്‍ സ്ഥാനം ഒരു നോമിനല്‍ പദവിയുമാണ്. പ്രത്യേക അധികാര അവകാശങ്ങളൊന്നും ഇതുകൊണ്ട് ഗവര്‍ണര്‍ക്ക് ലഭിക്കുന്നില്ല.

യൂനിവേഴ്‌സിറ്റികളുടെ നയപരമായ തീരുമാനങ്ങള്‍ ഗവര്‍ണര്‍ അറിയണമെന്നാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. സര്‍വകലാശാലകളുടെ വിവിധ ഭരണ സമിതികളിലേക്കുള്ള നാമനിര്‍ദേശവും ഗവര്‍ണര്‍ അറിയണം. ഇത്തരം നാമനിര്‍ദേശങ്ങള്‍ നടത്തുന്നത് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയാണ്. കേരളത്തിലെ സര്‍വകലാശാലകളുടെ ഭരണസമിതികളിലെ നാമനിര്‍ദേശം ഈ നിലയില്‍ ഇന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി ഡോ. കെ ടി ജലീലിനാണ്. നാമനിര്‍ദേശത്തില്‍ മൗലികമായ എന്തെങ്കിലും പിശകുണ്ടെങ്കില്‍ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് ആവശ്യമായ മാറ്റം വരുത്താന്‍ ഉപദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ട്.

ഭരണഘടനാപരമായി കേരള സര്‍വകലാശാലയിലെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യേണ്ട സെനറ്റ് അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചുമതലയുള്ള പ്രോ ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടാണ് ആവശ്യപ്പെടേണ്ടത്. എന്നാല്‍ ഇവിടെ അതിന് പകരം മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം കേരള സര്‍വകലാശാല വൈസ് ചാന്‍സലറോടാണ് നാമനിര്‍ദേശം ചെയ്യേണ്ടവരുടെ പട്ടിക സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് ഭരണഘടനാ വിരുദ്ധമായ ഒരു നടപടിയാണ്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ സര്‍ക്കാറുമായി ആലോചിച്ച് പട്ടിക തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഭരണഘടനാപരമായി ഈ പട്ടിക അംഗീകരിക്കുക മാത്രമേ ഗവര്‍ണര്‍ക്ക് ചെയ്യേണ്ടതുള്ളൂ. നിര്‍ഭാഗ്യവശാല്‍ കേരള സര്‍വകലാശാലയിലെ നിലവിലുണ്ടായിരുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളായ രണ്ട് പേരെ അടക്കം പലരെയും പട്ടികയില്‍ നിന്ന് വെട്ടിമാറ്റുകയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത രണ്ട് പേരെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യുകയും ചെയ്തു. ഈ രണ്ട് പേര്‍ കേന്ദ്രത്തിലെ മുഖ്യ ഭരണകക്ഷിയുടെ പ്രവര്‍ത്തകരാണെന്നുള്ളത് അന്നത്തെ ഗവര്‍ണറായിരുന്ന ജസ്റ്റിസ് സദാശിവത്തിന്റെ രാഷ്ട്രീയ പക്ഷപാതിത്വം വ്യക്തമാക്കുകയും ചെയ്തു. തികച്ചും നിഷ്പക്ഷ നിലപാട് കൈക്കൊള്ളേണ്ട ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാറിനു വേണ്ടി വളരെ നഗ്നമായി പക്ഷപാതിത്വം പുറത്തെടുത്തു. സെനറ്റ് അംഗങ്ങളുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടവര്‍ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരായിരുന്നു. കേന്ദ്ര ഭരണകക്ഷിയുടെ ന്യൂനപക്ഷ- പിന്നാക്ക വിരുദ്ധ നിലപാടിന്റെയും സവര്‍ണ പ്രീണന നയത്തിന്റെയും പ്രത്യക്ഷമായ പ്രതിഫലനമായി ഇത്.

കേരളത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഭരണഘടനാപരമായി തനിക്ക് ഇടപെടേണ്ടതില്ലാത്ത പല വിഷയങ്ങളിലും നീതീകരണമില്ലാതെ നേരിട്ട് ഇടപെടുകയാണ്. പലപ്പോഴും ഗവര്‍ണര്‍ എന്ന പദവിക്ക് ഉപരിയായി ഒരു രാഷ്ട്രീയ നേതാവിന്റെ സ്വരമാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ കാണുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളവും പ്രതിഷേധത്തിലും പ്രക്ഷോഭത്തിലുമാണ്. ഭരണഘടനാവിരുദ്ധവും ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കുന്നതുമായ ഈ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയോടുള്ള പ്രതികരണം എന്ന നിലയിലാണ്, നിയമം നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ടെന്നും കേന്ദ്ര നിയമങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞ് മാറാന്‍ കഴിയുകയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൗരത്വ നിയമത്തിനെതിരായി പ്രക്ഷോഭം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞ് വെച്ചു. ഈ നിയമം കൊണ്ട് ആര്‍ക്കും ഒരു ദോഷവും ഉണ്ടാകുകയില്ലെന്ന് കൂടി ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണഘടനാധിഷ്ടിതമായ ഗവര്‍ണര്‍ സ്ഥാനത്തിന്റെ മഹത്തായ നിഷ്പക്ഷ സമീപനം പിച്ചിച്ചീന്തിയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാറിന് വേണ്ടി പരസ്യമായി തന്നെ രംഗത്തെത്തുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെ ന്യായീകരിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ പ്രസ്താവനകള്‍ ആ സ്ഥാനത്തോടുള്ള തികഞ്ഞ അവഹേളനമാണ്. നിയമം നടപ്പാക്കുന്നതിന് മുമ്പേ, ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഇതിനെ വെള്ളപൂശാന്‍ വേണ്ടിയുള്ള ഗവര്‍ണറുടെ വൃഥാശ്രമം അങ്ങേയറ്റം അപലപനീയമാണ്.

ഭരണഘടനാ പദവി വഹിക്കുന്ന കേരള ഗവര്‍ണര്‍ കേന്ദ്ര ഭരണകക്ഷിയുടെ വക്താവിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന കോണ്‍ഗ്രസിന്റെ പരാതിക്ക് തീര്‍ച്ചയായും അടിസ്ഥാനമുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളിലും ദൈനംദിന ഭരണ കാര്യങ്ങളിലുമുള്ള ഗവര്‍ണറുടെ നഗ്നമായ ഈ കടന്നുകയറ്റം, ഭരണഘടനയിലെ ഫെഡറല്‍ തത്വങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. നമ്മുടെ ഗവര്‍ണര്‍ ഏറ്റവും പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവും നിയമജ്ഞനുമൊക്കെയാണ്. ഭരണഘടനയെപ്പറ്റിയുള്ള അറിവില്ലായ്മയില്‍ നിന്നല്ല അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. കേന്ദ്ര ഭരണകൂടത്തെ വെള്ള പൂശുന്നതിന് വേണ്ടി തന്നെയാണ് ഇത്.
(ലേഖകന്റെ ഫോണ്‍ : 9847132428)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428