Connect with us

Kerala

ജയം മറന്ന് ബ്ലാസ്‌റ്റേഴ്‌സ്; കളിച്ച പത്തില്‍ അഞ്ചിലും സമനില

Published

|

Last Updated

കൊച്ചി |  ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരു ജയത്തിനായുള്ള കാത്തിരിപ്പ് ഇനിയും തുടരും. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരായി നടന്ന 2019ലെ അവസാന മത്സരത്തില്‍ ഓരോ ഗോള്‍ വീതം അടിച്ച് ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും പെനാല്‍റ്റിയിലാണ് ഗോള്‍ കണ്ടെത്തിയത്. കളിയുടെ തുടക്കം മുതല്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ജയം മാത്രം അകന്ന് നില്‍ക്കുകയായിരുന്നു. ഇതോടെ സീസണില്‍ കളിച്ച പത്ത് മത്സരങ്ങളില്‍ അഞ്ചിലും സമനിലയായ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

കളിയുടെ ആദ്യ പകുതി അവസാനിക്കാന്‍ ഏതാനും മിനുട്ട് മാത്രം ബാക്കിയിരിക്കെ നൈജീരിയന്‍ താരം ഒഗ്‌ബെച്ചേയാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ബോക്‌സില്‍ വെച്ച് തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഒഗ്‌ബെച്ചേ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കി. 50-ാം മിനുട്ടില്‍ അസമോ ജ്യാനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് സ്‌കോര്‍ ചെയ്തത്. ഹാന്‍ഡ് ബോളിനാണ് നോര്‍ത്ത് ഈസ്റ്റിന് പെനാല്‍റ്റി കിക്ക് അനുവദിച്ചത്. തുടര്‍ന്ന് മുന്നിലെത്താന്‍ നിരവധി അവസരങ്ങള്‍ നോര്‍ത്ത് ഈസ്റ്റിന് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
പത്ത് മത്സരങ്ങളില്‍ നിന്ന് നാല് തോല്‍വിയും അഞ്ച് സമനിലയും ഒരു ജയവുമായി എട്ട് പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണിപ്പോള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാമതും. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനത്തില്‍ നില്‍ക്കുന്ന ഹൈദരാബാദുമായി അഞ്ചാം തിയതിയാണ് ഇനി കേരളത്തിന്റെ മത്സരം.

---- facebook comment plugin here -----