Connect with us

National

ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട് 102 ചാക്ക് ഉള്ളി കൊള്ളയടിച്ചു

Published

|

Last Updated

പട്‌ന |  ബീഹാറില്‍ ആയുധധാരികളായ ആറംഗ സംഘം ഡ്രൈവറെ കെട്ടിയിട്ട് ഉള്ളി കയറ്റിവന്ന ട്രക്ക് കൊള്ളയടിച്ചു. ബിഹാറിലെ കയ്മൂര്‍ ജില്ലയിലാണ് ട്രക്കില്‍ നിന്ന് മൂന്നര ലക്ഷം രൂപയോളം വിലയുള്ള 102 ചാക്ക് കൊള്ളയടിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശിലെ അലഹബാദില്‍നിന്ന് ബിഹാറിലെ ജഹാനാബാദിലേക്ക് ഉള്ളിയുമായി പോയ ട്രക്കാണ് കൊള്ളയടിക്കപ്പെട്ടത്.

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ അക്രമികള്‍ ബന്ധിയാക്കിയ തന്നെ പുലര്‍ച്ചെ രണ്ടിനാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവര്‍ ദേശ്‌രാജ് പോലീസിന് മൊഴി നല്‍കി. യു പിയിലെ കൗഷംബി ജില്ലക്കാരനാണ് ട്രക്ക് ഡ്രൈവര്‍ ദേശ്‌രാജ്. അദ്ദേഹത്തിന്റെ പേരില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ആയുധധാരികള്‍ തന്നെ കെട്ടിയിട്ട സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു പ്രദേശത്തുവച്ചാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് ട്രക്ക് പരിശോധിച്ചപ്പോഴാണ് ഉള്ളി കവര്‍ച്ച ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ടത്.

ബിഹാറിലെ കയ്മൂര്‍ ജില്ലയില്‍ ഡിസംബര്‍ ആദ്യവാരവും സമാനമായ സംഭവം നടന്നിരുന്നു. വാഹനത്തില്‍ കൊണ്ടുപോയ 64 ചാക്ക് വെളുത്തുള്ളിയാണ് അന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും മോഷ്ടാക്കളെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല.

---- facebook comment plugin here -----

Latest