Articles
വരും, പല നിറമുള്ള പൗരത്വ കാര്‍ഡുകള്‍

മനുഷ്യന്റെ മാന്യതയും അസ്തിത്വവും കൈയിലെ കാർഡിന്റെ നിറത്തെ ആശ്രയിച്ചായി മാറുന്ന ഏറ്റവും ഭീതിദമായ അവസ്ഥയാണ് ഇന്ത്യയിൽ ഇന്ന് കാണുന്ന പൗരത്വ കോലാഹലങ്ങളുടെ ആത്യന്തിക ഫലം. ദേശീയ പൗരത്വ പട്ടിക കൊണ്ടുവരും മുമ്പേ പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത് രണ്ട് തരം പൗരൻമാരെ സൃഷ്ടിക്കാൻ വേണ്ടിയാണ്. രേഖകൾ ഉണ്ടായാലും ഇല്ലെങ്കിലും ഭരണകൂടത്തിന്റെ ഇഷ്ടക്കാർ പൗരത്വ പരീക്ഷ പാസ്സാകും. ചിലർ കരുതുന്നത് ഇത് ഹിന്ദു സഹോദരങ്ങളെ സംരക്ഷിക്കുമെന്നാണ്. എന്നാൽ ഇതിന്റെ അടുത്ത ഘട്ടം ജാതി വിവേചനത്തിന്റെതാണ്. ഹിന്ദുവാര് എന്ന ചോദ്യമാകും ആ ഘട്ടത്തിൽ ഉയർത്തുക. അപ്പോൾ നാട്ടിൽ പല നിറത്തിലുള്ള കാർഡുകൾ ഉണ്ടാകും. പൗരത്വത്തിൽ നിന്ന് പുറത്തായവരെ പാർപ്പിക്കാൻ തടങ്കൽ പാളയങ്ങളിൽ സ്ഥലം പോരാതെ വരികയും നാടുകടത്താൻ സാധിക്കാതിരിക്കുകയും ചെയ്യുമ്പോൾ അവർക്ക് കൊടുക്കും തൊഴിൽ കാർഡ് പോലെ ഒരെണ്ണം. പൂർണ പൗരത്വം സിദ്ധിച്ചവരുടെ കാർഡിന്റെ നിറമായിരിക്കില്ല, രണ്ടാം കിട പൗരൻമാർക്ക്. ജാതി തിരിച്ചായിരിക്കാം അവ നൽകുക. മുസ്‌ലിമേതര ന്യൂനപക്ഷങ്ങൾക്കുമുണ്ടാകും പ്രത്യേക കാർഡ്. മ്യാൻമറിലെ റോഹിംഗ്യൻ മുസ്‌ലിം അനുഭവം അതാണ് വ്യക്തമാക്കുന്നത്. ഐ എസ് സി ഐ മുന്നോട്ട് വെക്കുന്ന വംശഹത്യാ പഠനത്തിലെ മൂന്നാം ഘട്ടം ഈ പൗരത്വ വിവേചനം വിശദീകരിക്കുന്നു.
മൂന്നാം ഘട്ടം
റോഹിംഗ്യൻ മുസ്‌ലിംകൾക്ക് മേൽ കടുത്ത വിവേചനത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും ഘട്ടമാണിത്. പൗരത്വ കാർഡിലാണ് ഇത് ഏറ്റവും ഫലപ്രദമായി അരങ്ങേറിയത്.
1989ൽ വിവിധ നിറത്തിൽ കാർഡുകൾ നൽകിത്തുടങ്ങി. പൂർണ പൗരത്വമുള്ളവർക്ക് പിങ്ക് കാർഡും അസോസിയേറ്റ് പൗരത്വക്കാർക്ക് നീല കാർഡും നാച്ചുറലൈസ്ഡ് പൗരത്വമുള്ളവർക്ക് പച്ച കാർഡും നൽകി. ബുദ്ധർക്കാണ് പൂർണ പൗരത്വം. ക്രിസ്ത്യാനികൾ അടക്കമുള്ള വംശീയ വിഭാഗങ്ങൾക്ക് നീലയോ പച്ചയോ കിട്ടും. ചില മുസ്‌ലിംകൾക്ക് നാഷനൽ രജിസ്‌ട്രേഷൻ കാർഡ് ഉണ്ടായിരുന്നു. റോഹിംഗ്യകളെ പട്ടാള മേധാവി നേ വിൻ ദേശീയ വംശപ്പട്ടികയിൽ നിന്ന് പുറത്താക്കിയതോടെ ഈ കാർഡ് അസാധുവായി. കുറേ നിബന്ധനകൾ പാലിക്കുന്നവർക്ക് താത്കാലിക പൗരത്വ കാർഡ് നൽകുന്ന ഏർപ്പാടുമുണ്ടായിരുന്നു.
1990ൽ പലായനം ചെയ്ത ചിലരെ യു എൻ എച്ച് സി ആർ തിരികെ കൊണ്ടുവന്നു. അവർക്ക് റിട്ടേണി കാർഡ് നൽകി. മഞ്ഞ നിറം. ഇത് മ്യാൻമർ സർക്കാർ അംഗീകരിച്ചില്ല.
1995ൽ മുഴുവൻ മുസ്‌ലിംകൾക്കും വെള്ള കാർഡ് നൽകി. ഇത് കണക്കെടുക്കാൻ വേണ്ടി മാത്രമായിരുന്നു. പൗരത്വ കാർഡ് ആയിരുന്നില്ല. 2015ൽ വെള്ളക്കാർഡും പിൻവലിച്ചു.
പൗരത്വ നിയമത്തിന് പിറകേ മത വിശ്വാസത്തെ ലക്ഷ്യമിട്ടുള്ള നിരവധി നിയമനിർമാണങ്ങൾ നടന്നു. 2005 മെയിൽ പാസ്സാക്കിയ മൗംഗ്ഡൗ ടൗൺഷിപ്പ് പീസ് ഡെവലെപ്‌മെന്റ് കൗൺസിൽ പുറത്തിറക്കിയ റീജ്യനൽ ഉത്തരവ് (1/2005) കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നവർക്ക് മാത്രമേ വിവാഹത്തിന് അനുമതിയുള്ളൂ എന്ന് വ്യക്തമാക്കുന്നു. 2015ൽ നാല് നിയമങ്ങൾ പാസ്സാക്കി.
1- പോപ്പുലേഷൻ കൺട്രോൾ ആൻഡ് ഹെൽത്ത് കെയർ ലോ: ജനന നിയന്ത്രണ ചട്ടങ്ങൾ അടിച്ചേൽപ്പിക്കുന്നു ഈ നിയമം. നിയമവിരുദ്ധ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
2-ബുദ്ധിസ്റ്റ് വിമൻ സ്‌പെഷ്യൽ മാര്യേജ് ലോ: ഇത് ബുദ്ധമതക്കാരിക്ക് അന്യമതസ്ഥനെ വിവാഹം കഴിക്കാൻ അനുവദിക്കുന്നു. പക്ഷേ, വരൻ വധുവിന്റെ മതം സ്വീകരിക്കണം.
3-മോണോഗമി ലോ: ബഹുഭാര്യാത്വം നിരോധിക്കുന്നു ഈ നിയമം.
4- റിലീജ്യസ് കൺവെർഷൻ ലോ: മതപരിവർത്തനത്തിനെതിരെ കർശന വ്യവസ്ഥകൾ അടങ്ങിയതാണ് ഈ നിയമം. ഇത് ക്രിസ്ത്യൻ വംശീയ വിഭാഗങ്ങളെ കൂടി ലക്ഷ്യമിട്ടതായിരുന്നു.
ആഭ്യന്തര അഭയാർഥി ക്യാമ്പുകൾ (ഇന്റേണലി ഡിപ്ലേസ്ഡ് പീപ്പിൾ ക്യാമ്പ്- ഐ ഡി പി) ജയിലുകൾ തന്നെയാണ്. ഐ ഡി പി ക്യാമ്പുകളിൽ ചെന്നാൽ പുറത്തേക്കാൾ ദുരിത പൂർണമാണ് ജീവിതം. അവിടെ നിന്ന് പിന്നെ പുറത്തിറങ്ങാൻ സാധിച്ചെന്നു വരില്ല. മുസ്‌ലിംകളെ അരികുവത്കരിക്കാനുള്ള മാർഗമായി ഐ ഡി പി ക്യാമ്പുകൾ മാറി. യു എന്നും മറ്റ് അന്താരാഷ്ട്ര ഏജൻസികളും വല്ലാതെ കൊട്ടിഘോഷിച്ച് ഇത്തരം ക്യാമ്പുകൾ തുറക്കുന്നുണ്ട്. അക്രമികളിൽ നിന്ന് താത്കാലിക ആശ്വാസമാണ് ക്യാമ്പുകളെങ്കിലും ദീർഘകാലത്ത് അത് തടവിന് തുല്യമാണ്. രാഖിനെയിൽ അവശേഷിക്കുന്ന റോഹിംഗ്യാ മുസ്‌ലിംകളിൽ നല്ലൊരു ശതമാനവും ഇന്ന് അവർക്ക് മാത്രമുള്ള ചേരികളിലാണ് താമസിക്കുന്നത്. ആഭ്യന്തരമായ ആട്ടിയോടിക്കൽ പൂർത്തിയായിരിക്കുന്നു.
നാലാം ഘട്ടം
ക്രമാനുഗതമായ ക്ഷയിപ്പിക്കലിന്റെ ഘട്ടമാണിത്. ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ നിന്ന് റോഹിംഗ്യകളെ പുറത്താക്കിയിട്ട് കാലമേറെയായി. ഒരുതരം ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല. ആരോഗ്യ കാർഡുകൾ കിട്ടാൻ ആദ്യം പൗരത്വ കാർഡ് വേണം. വൃത്തിഹീനമായ സാഹചര്യത്തിൽ ചേരികളിൽ തിങ്ങിത്താമസിക്കുന്ന ആ മനുഷ്യരെ പകർച്ച വ്യാധികൾ ആക്രമിച്ചു കൊണ്ടേയിരിക്കുകയാണ്.
പോഷകാഹാരക്കുറവു മൂലം എൺപത് ശതമാനം കുഞ്ഞുങ്ങളും രോഗഗ്രസ്തരാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. ക്യാമ്പുകളിലെയും ചേരികളിലെയും ജീവിതം കടുത്ത മാനസികാഘാതമാണ് ഇവരിൽ സൃഷ്ടിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്. ഇവർക്കിടയിൽ പ്രവർത്തിക്കുന്ന മുഴുവൻ സന്നദ്ധ സംഘടനകളും പോലീസിന്റെ കടുത്ത നിയന്ത്രണത്തിലായിരിക്കും. തീവ്രവാദികളെ സഹായിക്കുന്നുവെന്ന കുറ്റമാണ് ചുമത്തുക.
സ്വാഭാവികമായ തൊഴിലുകളിൽ നിന്ന് റോഹിംഗ്യകളെ അകറ്റാൻ ബുദ്ധ വിഭാഗങ്ങളുടെ ആസൂത്രിത നീക്കങ്ങൾക്ക് സാധിച്ചിട്ടുണ്ട്. മീൻ പിടിച്ചാൽ കമ്പോളത്തിൽ വിൽക്കാനാകില്ല. ഭൂമി പോയതോടെ കൃഷിയും പോയി. ക്യാമ്പുകളിലും ചേരികളിലും ഒന്നും ചെയ്യാനില്ല. കുട്ടികളിൽ ചിലർ ചാണകമുണക്കി വിൽക്കും. സ്ത്രീകൾ പണ്ട് വീട്ടുവേലക്ക് പോയിരുന്നു. സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്ന് വിളിക്കുന്ന ബുദ്ധ സംഘങ്ങൾ വീട്ടുകാരെ കർശനമായി വിലക്കിയതോടെ അതും നിന്നു. പട്ടാളത്തിന്റെ വിവിധ നിർമാണ പ്രവൃത്തികൾക്ക് അത്യാവശ്യം കായിക ശേഷിയുള്ള പുരുഷൻമാർ പോകുന്നുണ്ട്. ഒരു തരം അടിമ വേലയാണ് അത്. മതിയായ കൂലി നൽകില്ല. വൻകിട പദ്ധതികളിലേക്കും ചിലരെ കൊണ്ടുപോകാറുണ്ട്.
അഞ്ചാം ഘട്ടം
2017ൽ അരങ്ങേറിയ അതിക്രമങ്ങളും അഭയാർഥി പ്രവാഹവും റോഹിംഗ്യൻ വംശഹത്യ അഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിച്ചതിന് തെളിവാണ്. മുമ്പൊരിക്കലും ഇല്ലാത്ത വിധം സർക്കാറും സൈന്യവും ഉദ്യോഗസ്ഥ സംവിധാനവും ബുദ്ധ തീവ്ര സമൂഹവും കൈകോർക്കുകയായിരുന്നു. (1952ൽ 12 ലക്ഷമായിരുന്നു റോഹിംഗ്യൻ ജനസംഖ്യ. 2008ൽ അത് 7,74,000 ആയി കുറഞ്ഞു (യു എൻ എച്ച് സി ആർ). ആറാം ഘട്ടം ചരിത്രത്തിൽ നിന്നുള്ള തുടച്ചു നീക്കലിന്റെതാണ്. മ്യാൻമറിൽ അത് എന്നേ തുടങ്ങിയതാണ്.
ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യരാജ്യത്ത് ഈ ഘട്ടങ്ങളെല്ലാം അതേ നിലയിൽ സംഭവിക്കുമെന്ന് ഭീതിപ്പെടുത്തുകയല്ല ഈ പഠനത്തിന്റെ ലക്ഷ്യം. എന്നാൽ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും വിവേചന ശ്രമങ്ങൾ ഭ്രാന്തമായ വേഗം കൈവരിക്കുന്നതിന്റെ നിദര്‍ശനമായി കാണണം. പ്രതിരോധം ശക്തമാകണം.
(അവസാനിച്ചു)