ആകാശത്ത് പൂർണ വലയഗ്രഹണം; വിസ്മയ കാഴ്ചയിൽ ലയിച്ച് കേരളം

Posted on: December 26, 2019 1:28 am | Last updated: December 26, 2019 at 8:02 pm
കാസർകോട് ചെറുവത്തൂരിലും കോഴിക്കോട്ടും ദൃശ്യമായ പൂർണ്ണ വലയഗ്രഹണം

കോഴിക്കോട് | നൂറ്റാണ്ടിലെ ഒടുവിലത്തെ വലയ സൂര്യഗ്രഹണത്തെ കൺകുളിർക്കെ കണ്ട് കേരളം. കേരളത്തിൽ പലയിടങ്ങളിലും പൂർണ വലയ ഗ്രഹണം ദൃശ്യമായി.കാസർകോട് ചെറുവത്തൂരിലാണ് ഗ്രഹണം ആദ്യം ദൃശ്യമായത്. ചെറുവത്തൂരിൽ ഗ്രഹണം കാണാൻ പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. കോഴിക്കോട്ടും ഗ്രഹണം വ്യക്തമായി ദൃശ്യമായി. കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നിരവധിപേരാണ് ഗ്രഹണം നേരിട്ട് കാണാൻ എത്തിയത്.

വലയ സൂര്യഗ്രഹണത്തിൻെറ വിവിധ ഘട്ടങ്ങൾ. ചെറുവത്തൂരിൽ നിന്നുള്ള കാഴ്ച

വടക്കൻ ജില്ലകളിൽ വലയ സൂര്യഗ്രഹണമാണ് ദൃശ്യമായത്. മറ്റു ജില്ലകളിൽ ഭാഗീക സൂര്യഗ്രഹണവും ദൃശ്യമായി. പരമാവധി മൂന്ന് മിനുട്ട് 13 സെക്കൻഡ് നേരമാണ് പൂർണ്ണ വലയ ഗ്രഹണം നീണ്ടുനിന്നത്. രാവിലെ ഏകദേശം 8.04ഓടു കൂടി വലയ സൂര്യഗ്രഹണത്തിന് തുടക്കമായെങ്കിലും 9.24 ഓടു കൂടിയായാണ് സൂര്യമധ്യത്തിലെ അത്ഭുതകരമായ കാഴ്ച തെളിഞ്ഞത്. ഈ സമയം സൂര്യൻ ചന്ദ്രനാൽ മറക്കപ്പെട്ടു തുടങ്ങുകയും ഒരു സ്വർണ വളയമായി മാറുകയും ചെയ്തു.

വലയ സൂര്യ ഗ്രഹണ സമയത്തെ വെളിച്ചം മരച്ചില്ലകൾക്കിടയിലൂടെ ഭൂമിയിൽ പതിച്ചപ്പോൾ ഉണ്ടായ കാഴ്ച്ച

രാവിലെ 11 മണി കഴിഞ്ഞ് എട്ട് മിനുട്ട് കഴിയുമ്പോഴേക്കും സൂര്യൻ സാധാരണ നില പ്രാപിക്കും. അതായത് മൂന്നു മണിക്കൂറിലേറെ വലയ സൂര്യഗ്രഹണം കൂടിയും കുറഞ്ഞും തോതിൽ ആസ്വദിക്കാനാവുമെന്നർത്ഥം.

130 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണ പാത. കേരളത്തിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലൂടേയാണ് വലയ ഗ്രഹണ പാതയുടെ മധ്യരേഖ കടന്നുപോകുന്നത്.

ആരോഗ്യ മന്ത്രി കെ കെ ഷൈലജ വലയ സൂര്യഗ്രഹണം വീക്ഷിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം

കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആറിടങ്ങളിൽ വലയ ഗ്രഹണം പൊതുജനങ്ങൾക്കായി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിരുന്നു. വയനാട് കൽപ്പറ്റയിലെ എസ് കെ എം ജെ ഹൈസ്‌കൂൾ, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട്, ചീങ്ങേരിമല, കണ്ണൂർ കൊളക്കാട് സാൻതോം ഹൈസ്‌കൂൾ ഗ്രൗണ്ട്, കാസർകോട് നീലേശ്വരത്തിനടുത്ത തൈക്കടപ്പുറം ബീച്ച്, കോഴിക്കോട് പ്ലാനറ്റോറിയം എന്നിവിടങ്ങളിലാണ് സൗകര്യമുള്ളത്.