Connect with us

Editorial

ഝാര്‍ഖണ്ഡ് ഫലം ബി ജെ പിക്കു നല്‍കുന്ന പാഠം

Published

|

Last Updated

ഒരു വര്‍ഷത്തിനിടെ ബി ജെ പിക്ക് അഞ്ചാമതൊരു സംസ്ഥാനവും കൂടി നഷ്ടമായി. ഝാര്‍ഖണ്ഡില്‍ ഭരണത്തുടര്‍ച്ച തേടി തിരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിയെ 25 സീറ്റുകളില്‍ ഒതുക്കി, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) കോണ്‍ഗ്രസ,് ആര്‍ ജെ ഡി മഹാസഖ്യം 81ല്‍ 47 സീറ്റ് നേടി കേവല ഭൂരിപക്ഷം നേടിയിരിക്കുകയാണ്. 41 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആര്‍ക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. ഇതടിസ്ഥാനത്തില്‍ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെയും എ ജെ എസ് യുവിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരണത്തിനു വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ബി ജെ പി ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. മഹാസഖ്യം കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെയാണ് ഈ ശ്രമത്തില്‍ നിന്ന് പാര്‍ട്ടി പിന്‍വലിഞ്ഞത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെയായി അഞ്ച് ഘട്ടങ്ങളിലായാണ് ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ തവണ ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയനു (എ ജെ എസ് യുമായി സഖ്യത്തില്‍ മത്സരിച്ച ബി ജെ പി സ്വന്തമായി 37 സീറ്റുകള്‍ നേടിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14ല്‍ 11 സീറ്റ് നേടി മേല്‍ക്കൈ കൈവരിച്ചതുമാണ്. അന്ന് 58 ശതമാനം വോട്ട് കരസ്ഥമാക്കിയ പാര്‍ട്ടിയുടെ വോട്ടിംഗ് നില ഇത്തവണ 33.6 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഭരണം നഷ്ടപ്പെട്ടതിനു പുറമെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന രഘുബര്‍ ദാസിന്റെയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയുടെയും കനത്ത പരാജയവും പാര്‍ട്ടിക്ക് ആഘാതമായി. ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ബി ജെ പി മന്ത്രി സരയു റായിയോട് പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രഘുബര്‍ ദാസ് തോറ്റത്. സരയു റായിക്ക് ഇത്തവണ പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്. കേന്ദ്രഭരണത്തിന്റെ കൂടി ആനുകൂല്യത്തോടെ 65 സീറ്റ് നേടുമെന്ന അവകാശവാദത്തിലും പ്രതീക്ഷയിലുമാണ് പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാറ്റിനിര്‍ത്തി വര്‍ഗീയതയിലൂന്നിയ വിഷയങ്ങളിലൂടെ എക്കാലവും ജനങ്ങളെ കൂടെ നിര്‍ത്താമെന്ന ബി ജെ പിയുടെ കണക്കുകൂട്ടലിനു തിരിച്ചടി കൂടിയാണ് ഝാര്‍ഖണ്ഡ് ഫലം. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു കളമൊരുങ്ങിയ സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പെന്ന നിലയില്‍ ബാബരി പ്രശ്‌നവും മുത്വലാഖ്, ബാബരി കേസ് വിധി തുടങ്ങിയവയുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ ബി ജെ പിയുടെ മുഖ്യചര്‍ച്ചാ വിഷയം. പഞ്ചഘട്ട തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലും കടന്നു വന്നു. പൗരത്വ ഭേദഗതിക്കെതിരായ സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്നു മോദി പ്രസംഗിച്ചത് ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു. ഇത് പാര്‍ട്ടിക്കു തിരിച്ചടിയാകുകയാണുണ്ടായത്. കോണ്‍ഗ്രസ്, ജെ എം എം മുന്നണി മുന്നോട്ടു വെച്ച പട്ടിണി, തൊഴിലില്ലായ്മ, ആദിവാസി മേഖലകളോടുള്ള അവഗണന തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വോട്ടര്‍മാരെ ആകര്‍ഷിച്ചത്.

പൊതുവിതരണ സംവിധാനത്തിന്റെ പാകപ്പിഴവ് മൂലം നിരന്തരം പട്ടിണി മരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്. സാമ്പത്തിക മാന്ദ്യവും കാര്‍ഷിക, തൊഴില്‍, വാണിജ്യ, വ്യവസായ മേഖലകളെ ബാധിച്ച മരവിപ്പും ക്രയശേഷിയിലുണ്ടായ തളര്‍ച്ചയുമെല്ലാം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിരിക്കണം. പശുവിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും ബി ജെ പിക്ക് വിനയായെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം 20 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇവരില്‍ 11 പേരും മുസ്‌ലിംകളായിരുന്നു. പശു സംരക്ഷണ സംഘത്തിന്റെ ആക്രമണമേറ്റായിരുന്നു ഇവരുടെ മരണങ്ങള്‍.
മോദിയുടെ മോഡിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് കാര്യമായ മങ്ങലേറ്റിരിക്കുന്നുവെന്നു കൂടി വ്യക്തമാക്കുന്നു ഝാര്‍ഖണ്ഡ് ഫലം. 2014ല്‍ മോദി തരംഗത്തിലാണ് സംസ്ഥാനത്ത് 37 സീറ്റുകള്‍ നേടി എ ജെ എസ് യുവിന്റെ സഹായത്തോടെ ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിച്ചത്. ഇത്തവണ മോദിയും അമിത് ഷായും റാലികളെ അഭിസംബോധന ചെയ്ത ഝാര്‍ഖണ്ഡിലെ മിക്ക മണ്ഡലങ്ങളും ബി ജെ പിക്ക് നഷ്ടപ്പെടുകയാണുണ്ടായത്. 18 റാലികളിലാണ് ഇരുവരും പങ്കെടുത്തത്. ഓരോരുത്തരും ഒമ്പതെണ്ണത്തില്‍ വീതം. ഇവയില്‍ 16 മണ്ഡലങ്ങളിലും ബി ജെ പിക്കു തോല്‍വിയായിരുന്നു. 2014ല്‍ ഏഴ് സംസ്ഥാനങ്ങള്‍ മാത്രം കൈവശമുണ്ടായിരുന്ന ബി ജെ പിയുടെ ആധിപത്യം 2018ല്‍ 21 സംസ്ഥാനങ്ങളിലേക്ക് ഉയര്‍ന്നത് മോദിപ്രഭാവം കൊണ്ടു കൂടിയായിരുന്നു.

ഒരു വര്‍ഷത്തിനിടെ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ബി ജെ പിക്ക് ഭരണം നഷ്ടമായിരുന്നു. 2017ല്‍ ഹിന്ദി മേഖലയിലെ സംസ്ഥാനങ്ങള്‍ മുഴുവന്‍ ബി ജെ പി ഭരണത്തിലായിരുന്നു. ജമ്മു കശ്മീരിലും സിക്കിമിലും നാല് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്ധ്രാപ്രദേശിലും ഭരണമോ, ഭരണപങ്കാളിത്തമോ ഉണ്ടായിരുന്നു. അന്ന് രാജ്യത്തിന്റെ 70 ശതമാനത്തോളമുണ്ടായിരുന്ന ബി ജെ പിയുടെ ഭരണ സാന്നിധ്യം ഝാര്‍ഖണ്ഡ് കൂടി കൈവിട്ടതോടെ 37 ശതമാനത്തിലേക്കും പാര്‍ട്ടിക്ക് ഭരണ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 15ലേക്കും ചുരുങ്ങി. ഹരിയാനയെ പോലെയുള്ള ചില സംസ്ഥാനങ്ങളില്‍ ബി ജെ പി ഭരണം കൈവശപ്പെടുത്തിയത് ജനാംഗീകാരത്തിന്റെ പിന്‍ബലത്തിലല്ല, എതിര്‍കക്ഷിയെ ചാക്കിട്ടു പിടിച്ചായിരുന്നു. ഝാര്‍ഖണ്ഡില്‍ കൂറുമാറ്റത്തിലൂടെ അധികാരം പിടിക്കാന്‍ പറ്റാത്ത പരുവത്തിലാണ് പാര്‍ട്ടിയുടെ നില. ഡല്‍ഹിയിലും ബിഹാറിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വന്നുകൊണ്ടിരിക്കെ പാര്‍ട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു ഝാര്‍ഖണ്ഡ് ഫലം. കപട ദേശീയതയും ഹിന്ദുത്വ അജന്‍ഡയും ഉപേക്ഷിച്ചു ജനകീയ വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണ, പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങേണ്ടതിന്റെ അനിവാര്യതയാണ് തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി നേതൃത്വത്തെ ഓര്‍മപ്പെടുത്തുന്നത്.

Latest