പൗരത്വ ഭേദഗതി നിയമത്തിനെതിരെ തൃശൂരിൽ ഇമാമുമാരുടെ മാര്‍ച്ച്

Posted on: December 25, 2019 9:09 pm | Last updated: December 26, 2019 at 4:10 pm

തൃശൂർ | കേന്ദ്ര ഭരണകൂടം ആസൂത്രിതമായി നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം പരിപാവനമായ ഇന്ത്യൻ ഭരണഘടനയെ തകർക്കുന്നതാണെന്നും കേന്ദ്ര ഭരണകൂടം ഇത്തരം കരിനിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് തൃശൂർ നഗരത്തിൽ എസ് വൈ എസ് ജില്ലാ കമ്മിറ്റി ഇമാമുമാരുടെ മാര്‍ച്ച് നടത്തി. ജില്ലയിലെ നൂറുകണക്കിന് മഹല്ലുകളിലെ ഇമാമുമാരും പണ്ഡിതരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.

മാര്‍ച്ചിന്‍റെ ഫ്ളാഗ് ഓഫ് കർമം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. ജനാധിപത്യ വിശ്വാസികൾ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകുമെന്നും ഭരണഘടന അനുശാസിക്കുന്നത് പോലെ ഇന്ത്യയിലെ പൗരൻമാർ ഇവിടെ തന്നെ ജീവിച്ച് മരിക്കുമെന്നും എം പി പറഞ്ഞു. 38 ശതമാനം ആളുകളുടെ പിന്തുണ നേടി മാത്രമാണ് നവ ഹിറ്റ്ലറും നവ മുസോളിനിയും ജനാധിപത്യ, ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതെന്നും മറുവശത്ത് ഭൂരിഭാഗം ഇന്ത്യക്കാരും ഇവരെ തള്ളിപ്പറയുന്നവരാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍,പി എസ് കെ മൊയ്തു ബാഖവി മാടവന, പി കെ ബാവ ദാരിമി, ചെറുതുരുത്തി മുസ്തഫ കാമില്‍ സഖാഫി, കൈപ്പമംഗലം സിറാജുദ്ദീന്‍ സഖാഫി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.