Connect with us

National

അലിഗഢില്‍ പോലീസ് സമരക്കാരെ നേരിട്ടത് ജയ്ശ്രീറാം വിളിച്ച്

Published

|

Last Updated

ലഖ്‌നോ| രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെ പോലീസ് നേരിട്ടത് ജയ്ശ്രീറാം വിളിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മുന്‍ ഐ എ എസ് ഓഫീസര്‍ ഹര്‍ഷ് മന്ദര്‍, പ്രെഫസര്‍ നന്ദിനി സുന്ദര്‍ എഴുത്തുകാരന്‍ നടാഷ ബദ്വാര്‍ എന്നിവരടക്കം 13 മനുഷ്യാവകാശ പ്രവര്‍ത്തര്‍ നടത്തിയ വസ്തുതാന്വേഷറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ക്യാമ്പസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ദൃക്‌സാക്ഷികളില്‍ നിന്നടക്കം മൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വിദ്യാര്‍ഥി സമരത്തെ ചോരിയില്‍ മുക്കിയ പോലീസ് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിയത്. യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചും ഭീകരവാദികളെ നേരിടുന്നതിന് സമാനമായിട്ടും യു പി പോലീസ് വിദ്യാര്‍ഥികളെ തല്ലിചതക്കുകയായിരുന്നു. പോലീസിന്റെ ക്രൂരമായ നടപടികളില്‍ നിന്ന് വിദ്യാര്‍ഥികളേയും മറ്റും സംരക്ഷിക്കുന്നതില്‍ നിന്ന് സര്‍വകലാശാലാ ഭരണകൂടം പരാജയപ്പെട്ടു.

ടിയര്‍ ഗ്യാസ് ഷെല്ലാണെന്ന് കരുതി പോലീസ് എറിഞ്ഞ സ്റ്റണ്‍ ഗ്രനേഡ് എടുത്ത വിദ്യാര്‍ഥിക്ക് കൈ നഷ്ടപ്പെട്ടു. ക്യാമ്പസിലുള്ള വാഹനങ്ങളെല്ലാം പോലീസ് അടിച്ച് തകര്‍ത്തു. വിദ്യാര്‍ഥികളെ തീവ്രവാദികളെന്നടക്കം ചില പോലീസുകാര്‍ വിളിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാല വൈസ് ചാന്‍സലറാണ് ക്യാമ്പസിലേക്ക് പോലീസിനെ വിളിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതിനിടെ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ഉത്തര്‍പ്രദേശില്‍ മരണപ്പെട്ടവരുടെ എണ്ണം 20 ആയി. ചിക്തസയിലുള്ള ഒരു യുവാവാണ് മരിച്ചത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ പ്രതികാര നടപടികള്‍ തുടരുകയാണ്. അലിഗഢില്‍ മാത്രം 1200 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതായാണ് റിപ്പോര്‍ട്ട്. യു പിയിലെ പല ഭാഗങ്ങളിലും വ്യാപക അറസ്റ്റുകള്‍ നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

Latest