Connect with us

National

ബി ജെ പിയില്‍ താന്‍ അനുഭവിക്കുന്നത് വേര്‍തിരിവും അവഗണനയും: ഷാസിയ ഇല്‍മി

Published

|

Last Updated

ന്യൂഡല്‍ഹി |  പാര്‍ട്ടിയില്‍ നിന്ന് തനിക്ക് അവഗണനയും വേര്‍തിരിവും നേരിടുന്നതായുള്ള പരാതിയുമായി ഡല്‍ഹി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാസിയ ഇല്‍മി. പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന ഓഫീസ് ഭാരവാഹികള്‍ക്ക് നല്‍കിയ ഓള്‍ ആക്‌സസ് പാസ് തനിക്ക് നല്‍കിയില്ല. കഴിഞ്ഞ ദിവസം രാംലീല മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലും അവഗണന നേരിട്ടതായി ഷാസിയ പറഞ്ഞു. പാര്‍ട്ടിയുടെ ഭാരവാഹികള്‍ക്കായുള്ള ഇന്റേണല്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഷാസിയ പരാതി ഉന്നയിച്ചത്. എന്നാല്‍ ഇത് പുറത്താകുകയായിരുന്നു.

താന്‍ പരാതി ഒരിക്കലും മാധ്യമങ്ങളിലൂടെ ഉന്നയിക്കാന്‍ ആഗ്രഹിച്ചില്ല, പക്ഷേ ഒരാള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് ചോര്‍ത്തിക്കളഞ്ഞു. ഇത്തരം പക്ഷപാതപരമായ സമീപനം താന്‍ ആദ്യമായല്ല അഭിമുഖീകരിക്കുന്നത്. കേന്ദ്ര നേതൃത്വം ഈ വിഷയം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. ഈ വിഷയം മതപരമായ കോണിലൂടെ കാണരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പകരം അത് സംസ്ഥാന നേതൃത്വത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഷാസിയ ഇല്‍മി പ്രതികരിച്ചു.

നേരത്തെ ഡല്‍ഹി ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന ഷാസിയ ഇല്‍മി 2015ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. നിലവില്‍ ഡല്‍ഹിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റിന് പുറമെ പാര്‍ട്ടിയുടെ മീഡിയ പാനലിസ്റ്റുകളുടെ ഭാഗവുമാണ്.