Connect with us

National

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ രാഹുലിനേയും പ്രിയങ്കയേും അനുവദിച്ചില്ല

Published

|

Last Updated

മീററ്റ് | മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയേയും അനുവദിച്ചില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാന്‍ മീററ്റിലേക്ക് പുറപ്പെട്ട ഇരുവരും സഞ്ചിരിച്ച കാര്‍ വഴിയില്‍ തടഞ്ഞ് പോലീസ് തിരിച്ചയച്ചു.

മൂന്നുപേരുടെ സംഘമായി തങ്ങള്‍ പൊയ്‌ക്കൊള്ളാമെന്ന് ഇരുവരും പറഞ്ഞെങ്കിലും പോലീസ് അനുവദിച്ചില്ല. പ്രിയങ്കയും രാഹുലും പ്രമോദ് തിവാരിയും മാത്രമേ പോകൂവെന്നും ഇത് നിരോധനാജ്ഞയുടെ ലംഘനമല്ലെന്നും അവര്‍ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഇതുസംബന്ധിച്ച വീഡിയോ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുറത്തുവിട്ടു. നിങ്ങളുടെ കൈയില്‍ എന്തെങ്കിലും ഉത്തരവുണ്ടോ എന്നു ചോദിച്ചെങ്കിലും അങ്ങനൊന്ന് പോലീസ് കാണിച്ചില്ലെന്നും തങ്ങളോടു തിരികെപ്പോകാന്‍ മാത്രമാണു പറഞ്ഞതെന്നും രാഹുല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ഉത്തര്‍പ്രദേശ് പോലീസ് നടത്തിയ വെടിവെപ്പില്‍ പതിനഞ്ചോളം ആളുകളാണ് കൊല്ലപ്പെട്ടത്. അതിനിടെ തങ്ങള്‍ ഒരു വെടിയുണ്ട പോലും ഉതിര്‍ത്തിട്ടില്ലെന്ന ഉത്തര്‍പ്രദേശ് ഡി ജി പിയുടെ വാദം പൊളിച്ച് ബിജ്‌നോര്‍ പോലീസ് മേധാവി നേരത്തേ രംഗത്തെത്തിയിരുന്നു. തങ്ങള്‍ സ്വയരക്ഷാര്‍ഥമാണ് ഇരുപതുകാരനായ ഒരാള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നായിരുന്നു ബിജ്‌നോര്‍ പോലീസ് മേധാവി പറഞ്ഞത്.