Connect with us

Articles

റോഹിംഗ്യന്‍ അനുഭവം ചൂണ്ടുപലകയാണ്

Published

|

Last Updated

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവരെ വേഷം കണ്ടാൽ തിരിച്ചറിയാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട മുസ്‌ലിംകളെ അദ്ദേഹം പണ്ട് പറഞ്ഞത് കാറോടിച്ചു പോകുമ്പോൾ ചക്രത്തിനടിയിൽ പെടുന്ന പട്ടിക്കുഞ്ഞുങ്ങളെ ശ്രദ്ധിക്കാറില്ലെന്നായിരുന്നു. മുസ്‌ലിംകൾക്ക് പോകാൻ ലോകത്ത് 100 മുതൽ 150 വരെ രാഷ്ട്രങ്ങളുണ്ടല്ലോ എന്ന് കഴിഞ്ഞ ദിവസം ആക്രോശിച്ചത് ബി ജെ പി മുൻ ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗാഡ്കരിയാണ്. മുസ്‌ലിംകൾ പോകേണ്ടവർ തന്നെയാണെന്ന് ഇതിനേക്കാൾ വ്യക്തമായി പറയാനൊക്കുമോ? പൗരത്വ ഭേദഗതി നിയമം പാസ്സാക്കുന്നതിന് മുമ്പ് അമിത് ഷാ നടത്തിയ ഒരു പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്. അതിൽ അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് കുടിയേറ്റക്കാരിൽ മുസ്‌ലിംകളോട് എങ്ങനെയാണ് പെരുമാറാൻ പോകുന്നതെന്ന്. ഹിന്ദുത്വ പ്രത്യയ ശസ്ത്രത്തിന്റെ അടിത്തറ തന്നെ ആട്ടിയോടിക്കലാണ്. ശത്രുക്കളെ പ്രഖ്യാപിക്കുക, അവരെ അന്യവത്കരിക്കുക, അതിനായി പ്രചണ്ഡ പ്രചാരണംനടത്തുക. ഒടുവിൽ ഉൻമൂലനം നടപ്പാക്കുക. ഇതാണ് പദ്ധതി.

ഇത് അവർ പഠിച്ചെടുത്തത് ഹിറ്റ്‌ലറിൽ നിന്നും മുസോളിനിയിൽ നിന്നുമാണ്. വായിച്ചു പഠിച്ചതല്ല, ബി എസ് മൂഞ്ചേ അവിടങ്ങളിൽ ചെന്ന് സ്വായത്തമാക്കിയതാണ്. അതുകൊണ്ട് ഇന്ത്യ സ്വതന്ത്രമാകും മുമ്പേ തുടങ്ങിയ ന്യൂനപക്ഷ അന്യവത്കരണത്തിന്റെ പല വഴികളിൽ ഒന്നുമാത്രമാണ് പൗരത്വം സംശയത്തിലാക്കുകയെന്നത്. മ്യാൻമറിലെ റോഹിംഗ്യൻ വംശഹത്യയുടെ വിവിധ ഘട്ടങ്ങൾ പഠിക്കുന്ന ഏതൊരാൾക്കും ഈ ദീർഘകാല പദ്ധതിയുടെ പരിണാമം വ്യക്തമാകും. ആത്യന്തികമായി ആട്ടിയോടിക്കലിലേക്കും കൂട്ടക്കൊലയിലേക്കും ഉൻമൂലനത്തിലേക്കും തന്നെയാണ് ഈ പദ്ധതി ചെന്നെത്തുകയെന്നും റോഹിംഗ്യൻ അനുഭവം പഠിപ്പിക്കുന്നു. മ്യാൻമർ സ്വതന്ത്ര രാഷ്ട്രമായപ്പോഴോ പട്ടാളം ഭരണം തുടങ്ങിയപ്പോഴോ ഒരു റോംഹിംഗ്യൻ മുസ്‌ലിം വിചാരിച്ചിട്ടില്ല ജീവഭയം കൊണ്ട് സ്വന്തം നാട് വിട്ട് പോകേണ്ടി വരുമെന്ന്. 1982ലെ പൗരത്വ നിയമം വരുമ്പോൾ പോലും അവർ കരുതിയത് രണ്ടാം കിട പൗരൻമാരായെങ്കിലും കഴിഞ്ഞു കൂടാമെന്നായിരുന്നു. വളരെ വേഗത്തിലാണ് കാര്യങ്ങൾ മാറിയത്. ബുദ്ധഭൂരിപക്ഷം എത്ര പൊടുന്നനേയാണ് ഭീകരഭാവം എടുത്തണിഞ്ഞത്. എത്ര വേഗത്തിലാണ് അവിടെ പൊതു പൗരസമൂഹം എന്നത് ഇല്ലാതായത്. അതുകൊണ്ട് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ കൂടുതൽ ശക്തമാക്കേണ്ടതും അതിലേക്ക് എല്ലാ മനുഷ്യരെയും അണിചേർത്തേണ്ടതും അനിവാര്യമാക്കുന്ന അനുഭവമാണ് റോഹിംഗ്യൻ ദുരന്തം മുന്നോട്ട് വെക്കുന്നത്.

റോഹിംഗ്യൻ മുസ്‌ലിംകൾക്ക് നേരെ നടക്കുന്ന ആക്രമണം എത്രമാത്രം വംശഹത്യാപരമാണ് എന്ന ചോദ്യത്തെ അഭിസംബോധന ചെയ്യുന്ന നിരവധി പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അവയിൽ ഏറ്റവും ആധികാരികമെന്നും സർവതല സ്പർശിയെന്നും വിശേഷിപ്പിക്കാവുന്നത് ലണ്ടൻ ക്യൂൻ മേരി സർവകലാശാലയുടെ ഭാഗമായുള്ള ഇന്റർനാഷനൽ സ്റ്റേറ്റ് ക്രൈം ഇനീഷ്യേറ്റീവ് (ഐ എസ് സി ഐ)നടത്തിയിട്ടുള്ളതാണ്. പ്രമുഖ ജെനോസൈഡ് ഗവേഷകൻ ഡാനിയൽ ഫിയർസ്റ്റീൻ 2014ൽ മുന്നോട്ട് വെച്ച വംശഹത്യയുടെ സാമൂഹിക പ്രയോഗം എന്ന ആശയത്തെ ആധാരമാക്കിയാണ് ഐ എസ് സി ഐയുടെ പഠനം. ~ഒരു സമൂഹത്തെ അപ്പടി ഉൻമൂലനം ചെയ്യാനുള്ള ആസൂത്രിത ശ്രമമെന്ന നിലയിൽ വംശഹത്യക്ക് ആറ് ഘട്ടങ്ങൾ ഉണ്ടെന്ന് ഫിയർസ്റ്റീൻ വിശദീകരിക്കുന്നു.

1- വെറുപ്പു സൃഷ്ടിക്കലും മനുഷ്യരേയല്ലെന്ന് ചിത്രീകരിക്കലും (stigmatization and dehumanisation): പല കോണിൽ നിന്ന് ഒരു സമൂഹത്തെ ഉന്നം വെച്ചുള്ള ആസൂത്രിത പ്രവർത്തനങ്ങൾ നടക്കുക എന്നതാണ് ഇത്. സാമൂഹിക സാഹചര്യത്തിൽ പൊറുപ്പിക്കാനാകാത്തവിധം ഈ സമൂഹത്തിന് നേരെ വെറുപ്പ് പടർത്തുകയാണ് ചെയ്യുക. ശക്തമായ വിദ്വേഷ പ്രചാരണം നടക്കും. അറപ്പുളവാക്കുന്ന ജീവിതമാണ് അവർക്കുള്ളതെന്ന് വരുത്തിത്തീർക്കും. ഭക്ഷണം, വസ്ത്രം, സംസ്‌കാരം, ജീവിത രീതി, ഭാഷാപ്രയോഗങ്ങൾ എല്ലാം ഈ ഘട്ടത്തിൽ പ്രശ്‌നവത്കരിക്കും. അധികാര കേന്ദ്രങ്ങൾ മാത്രമല്ല ഈ പ്രക്രിയയിൽ പങ്കെടുക്കുക. പലപ്പോഴും അധികാര കേന്ദ്രങ്ങൾ ഇത്തരത്തിലുള്ള ഒരു സൂചന നൽകുകയേ വേണ്ടൂ. അതിദേശീയതാ വാദത്തിൽ അഭിരമിക്കുന്ന ജനക്കൂട്ടം അത് ചെയ്ത് കൊള്ളും. നെഗറ്റീവ് അദർ സൃഷ്ടിക്കുകയാണ് ചെയ്യുക. ഭൂരിപക്ഷം “നാം” എന്നും ന്യൂനപക്ഷം “അവർ” എന്നും വിളിക്കപ്പെടും. വളരെ നിശ്ശബ്ദമായ പ്രചാരണങ്ങൾ സംഭവിച്ച് കൊണ്ടിരിക്കും. നേരിട്ട് പ്രതിരോധിക്കാനാകാത്ത വിധം ഗോപ്യമായിരിക്കും അത്.
ആരെയാണോ വംശഹത്യക്ക് വിധേയമാക്കേണ്ടത് അവരിൽ സാമൂഹിക വിരുദ്ധരെന്നും ദേശവിരുദ്ധരെന്നും മുദ്ര പതിക്കുകയെന്നതാണ് ഈ പ്രചാരണങ്ങളുടെ ആത്യന്തിക പരിണിതി. നാട്ടിലെ സകല പ്രശ്‌നങ്ങളുടെയും അടിസ്ഥാനഹേതുവായി ഇരകൾ അടയാളപ്പെടും. ഈ ഘട്ടത്തിന്റെ ഒടുവിൽ സംഭവിക്കുന്നത് വംശഹത്യക്ക് വിധേയമാക്കപ്പെടുന്ന മനുഷ്യർ മനുഷ്യ പ്രതിനിധാനത്തിന് പോലും അർഹരല്ലാതായിത്തീരുന്നു എന്നതാണ്.
2- പീഡനവും അക്രമവും ഭീകരതയും (harassment, violence and terror): ആദ്യ ഘട്ടം പിന്നിടുമ്പോൾ, വംശഹത്യക്ക് വിധേയമാകുന്ന മനുഷ്യരെ ആക്രമിക്കുകയെന്നത് ഒരു പ്രശ്‌നമല്ലാതായി മാറും. ക്രൂരമായ പീഡനങ്ങൾ അരങ്ങേറും. അത്തരം ആക്രമണങ്ങൾക്ക് സർക്കാർ തന്നെ പ്രേരണ നൽകും. ആദ്യ ഘട്ടം സോഷ്യൽ എൻജിനീയറിംഗിന്റേതായിരുന്നെങ്കിൽ രണ്ടാം ഘട്ടം ശാരീരികമായ ആക്രമണത്തിന്റെത് തന്നെയാണ്. ആൾക്കൂട്ടം നിരന്തരം ഭീകരാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കും. ഓരോ ആക്രമണവും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിജയിക്കും. ഈ ആക്രമണങ്ങൾ നടത്തുന്നവർ വീരൻമാരായി വാഴ്ത്തപ്പെടും. പുരുഷാധിപത്യത്തിന്റെ ആവിഷ്‌കാരം കൂടിയാകും അവ. കുടിവെള്ളം നിഷേധിക്കുക, വീടുകൾ ആക്രമിക്കുക, സ്ത്രീകളെ ശല്യം ചെയ്യുക, ഉപജീവനമാർഗങ്ങളിൽ തടസ്സം സൃഷ്ടിക്കുക തുടങ്ങിയ അലോസരങ്ങളാകും ആദ്യമുണ്ടാക്കുക.

ഇത് പീഡിത സമൂഹത്തെ നിശ്ശബ്ദരും അപകർഷതയുള്ളവരുമാക്കി മാറ്റും. ചിലർക്ക് ഒഴിഞ്ഞു പോകാനുള്ള പ്രവണതയും രൂപപ്പെടും. ഇരകൾക്കകത്ത് നിന്ന് തീവ്രവാദ പ്രവണതകൾ രൂപപ്പെട്ടേക്കാം. ഈ പ്രവണതകളെ ചൂണ്ടിക്കാണിച്ച് ഭൂരിപക്ഷം കൂടുതൽ അക്രമങ്ങൾ അഴിച്ചു വിടുകയാണ് ചെയ്യുക. ചെറു പലായനങ്ങൾ ഈ ഘട്ടത്തിൽ സംഭവിക്കും. അടുത്ത തലത്തിൽ കൂടുതൽ സംഘടിതമായ ആക്രമണങ്ങളിലേക്ക് നീങ്ങും. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇരകൾക്ക് എതിരാകുന്നതോടെ ഈ അതിക്രമങ്ങൾ ഭീകരത കൈവരിക്കും. ഇതിന്റെ രണ്ടാം ഭാഗത്ത് സർക്കാർ സംവിധാനങ്ങൾ നേരിട്ട് തന്നെ അതിക്രമങ്ങളിൽ പങ്കാളികളാകും.

3-ഒറ്റപ്പെടുത്തലും അകറ്റിനിർത്തലും (isolation and segrigation): നേരത്തെയുള്ള രണ്ട് ഘട്ടവും നടക്കുമ്പോൾ ഇരകൾ സാമൂഹിക സംവിധാനത്തിന്റെ ഭാഗമായി തന്നെയാണ് നിലകൊള്ളുന്നത്. എന്നാൽ ഈ ഘട്ടത്തിൽ അവർ അക്ഷരാർഥത്തിൽ അകറ്റി നിർത്തപ്പെടും. പൊതു ഇടങ്ങളിൽ അവർ പ്രത്യക്ഷപ്പെടുന്നതിനുള്ള സാധ്യതകൾ പരമാവധി കുറക്കും. കോൺസന്‍ട്രേഷൻ ക്യാമ്പുകളിലും ഇന്റേണലി ഡിസ്‌പ്ലേസ്ഡ് ക്യാമ്പുകളിലും അവർ പാർപ്പിക്കപ്പെടും. നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്കും ഗ്രാമത്തിലെ തന്നെ പുറമ്പോക്കിലേക്കും അവർ ആട്ടിയോടിക്കപ്പെടും. ഈ ഘട്ടത്തിലാണ് അഭയാർഥികളുടെ ഒഴുക്ക് ആരംഭിക്കുക.

സാമൂഹികാഘോഷങ്ങളിൽ ഇരകളെ പ്രവേശിപ്പിക്കില്ല. അയിത്തത്തിന്റെ തീവ്രമായ നിലയാകും ഉണ്ടാകുക. പൊതുവായി ആഘോഷിക്കപ്പെടുന്ന ഉത്‌സവങ്ങളിലേക്ക് ഭൂരിപക്ഷത്തിന്റെ മതസാംസ്‌കാരിക ചിഹ്നങ്ങൾ കടന്ന് വരും. അതോടെ ന്യൂനപക്ഷങ്ങൾക്ക് ആ സ്‌പേസ് പങ്കിടാൻ പറ്റാതാകും.

(അവസാനിക്കുന്നില്ല)

കാണുന്നില്ലേ ഇന്ത്യയുമായുള്ള സാമ്യം

നാല് പതിറ്റാണ്ടായി റോഹിംഗ്യാ മുസ്‌ലിംകളെ ദേശവിരുദ്ധരും ഇരുണ്ട അപരത്വവുമായി മുദ്ര കുത്താനുള്ള സംഘടിതമായ നീക്കങ്ങള്‍ നടന്നു വരികയായിരുന്നു. 1982ലെ പൗരത്വ നിയമം ഇതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവാണ്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest