Connect with us

National

വേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന ഇന്ത്യ ഇപ്പോള്‍ വലിയ സാമ്പത്തിക മാന്ദ്യത്തിലെന്ന് ഐ എം എഫ്

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യയുടെ സാമ്പത്തിക അവസ്ഥ പരിതാപകരമായ അവസ്ഥയിലാണെന്ന് വെളിപ്പെടുത്തി അന്താരാഷ്ട്ര നാണ്യ നിധി (ഐ എം എഫ്) റിപ്പോര്‍ട്ട്. നിക്ഷേപത്തിലും ഉപഭോഗത്തിലും വന്‍ ഇടിവ് വന്നിട്ടുണ്ട്. വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കണമെങ്കില്‍ കാതലായ നയവ്യതിയാനം അനിവാര്യമെന്ന് ഐ എം എഫ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി പാര്‍ലിമെന്റിലടക്കം ആവര്‍ത്തിച്ച് നിലപാടെടുക്കുന്നതിനിടെയാണ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലെന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെ പ്രസ്താവന.

സര്‍ക്കാറിനുള്ള ഭൂരിപക്ഷം സാമ്പത്തിക പരിഷ്‌കണ നടപടികള്‍ക്ക് വിനിയോഗിക്കണമെന്ന നിര്‍ദ്ദേശവും അന്താരാഷ്ട്ര നാണ്യ നിധി മുന്നോട്ടുവെക്കുന്നുണ്ട്. ഉടന്‍ പരിഹരിക്കപ്പെടുന്ന പ്രതിസന്ധിയാണ് എന്ന വിശ്വാസം ഐ എം എഫ് പ്രകടിപ്പിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കണം. സാമ്പത്തിക മേഖലയിലെ നയങ്ങള്‍ക്ക് വ്യക്തതയുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഇന്ത്യയിലെ ഐ എം എഫ് പ്രതിനിധി റനില്‍ സല്‍ഗാഡോ മുന്നോട്ട് വച്ചു. അടുത്ത മാസം പുറത്തിറക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഗണ്യമായി കുറയ്‌ക്കേണ്ടിവരുമെന്ന് മുഖ്യസാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗീതാ ഗോപിനാഥ് പ്രധാനമന്ത്രിയയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.