Connect with us

National

ഝാര്‍ഖണ്ഡിലെ സഖ്യ സര്‍ക്കാറിനായി ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും

Published

|

Last Updated

റാഞ്ചി |  ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകളോടെ അധികാരം പിടിച്ച മഹാസാഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് അവകാശം ഉന്നയിക്കും. ബി ജെ പിക്കേറ്റ വലിയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് ഗവര്‍ണറെ കണ്ട് ഇന്നലെ രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹത്തോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

30 സീറ്റുകള്‍ നേടിയ ഹേമന്ദ് സോറിന്റെ ജെ എം എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. മഹാസഖ്യത്തിലെ മറ്റ് ഘടകക്ഷികളായ കോണ്‍ഗ്രസിന് 16ഉം ആര്‍ ജെ ഡിക്ക് ഒരു സീറ്റുമാണുള്ളത്. കഴിഞ്ഞ തവണ 37 സീറ്റുകള്‍ നേടിയ ബി ജെ പിക്ക് ഇത്തവണ 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ബി ജെ പിക്ക് വലിയ നാണക്കേടാണ് സംഭവിച്ചത്. ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷം സത്യപ്രതിജ്ഞ നടപടികളിലേക്ക് കടക്കും. സത്യപ്രതിജ്ഞ ചടങ്ങുകള്‍ വലിയ ആഘോഷമാക്കി മാറ്റാനാണ് മാഹാസഖ്യത്തിന്റെ തീരുമാനം.

 

Latest