Connect with us

Gulf

അബുദാബി ടോള്‍ ജനുവരി രണ്ട് മുതല്‍ പ്രാബല്യത്തില്‍; ഓഫ് പീക്ക് സമയങ്ങളില്‍ വേണ്ട

Published

|

Last Updated

അബുദാബി | അബുദാബി നഗരത്തിലേക്ക് പ്രവേശിക്കുന്ന നാല് പാലങ്ങളിലും ജനുവരി രണ്ട് മുതല്‍ ടോള്‍ പ്രാബല്യത്തില്‍ വരുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതല്‍ വ്യാഴ്ച വരെ തിരക്കേറിയ സമയങ്ങളില്‍ രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴ് വരെയും മാത്രമേ ഫീസ് ഈടാക്കൂ. ഓഫ് പീക്ക് സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് 2 ദിര്‍ഹം നല്‍കേണ്ടിവരുമെന്ന് നേരത്തെ അറിയിച്ചിരുന്നു, അത് ഇപ്പോള്‍ റദ്ദാക്കി.

സ്വകാര്യ വാഹനങ്ങള്‍ക്ക് ഒരു ക്രോസിംഗിന് 4 ദിര്‍ഹമാണ് ടോള്‍ ഗേറ്റ് ഫീസ്, പ്രതിദിനം 16 ദിര്‍ഹമും നല്‍കണം. പ്രതിമാസ പാസ്സിന് ഒന്നാം വണ്ടിക്ക് 200 ദിര്‍ഹമും, രണ്ടാം വണ്ടിക്ക് 150 ദിര്‍ഹമും അതിന് ശേഷമുള്ള ഓരോ വണ്ടിക്കും 100 ദിര്‍ഹമും നല്‍കണം. സ്വകാര്യ വാഹനങ്ങളിലെ യാത്ര ഒഴിവാക്കി പൊതുഗതാഗതം ഉപയോഗിക്കണമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു.

ടോള്‍ സംവിധാനം ആരംഭിക്കുന്നതിന് മുന്നോടിയായി 200 പുതിയ ബസ് റൂട്ടുകളാണ് ആരംഭിച്ചത്. ഇതിനായി 327 അധിക ബസ് അബുദാബി ഗതാഗത വകുപ്പ് നിരത്തിലിറക്കി. പ്രായം 60 കഴിഞ്ഞ മുതിര്‍ന്ന സ്വാദേശികള്‍, നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍, പരിമിതമായ വരുമാനമുള്ള സ്വദേശികള്‍, വിരമിച്ച സ്വദേശികള്‍ എന്നിവരോടൊപ്പം അബുദാബിയില്‍ ലൈസന്‍സുള്ള ടാക്‌സികള്‍, പബ്ലിക് ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവരെ ടോള്‍ നിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഉപയോക്തൃ അക്കൗണ്ടുകള്‍ സ്വയമേവ സൃഷ്ടിക്കപ്പെട്ടതായും ദുബൈ ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ അബുദാബി ഗതാഗത വകുപ്പ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ മാസത്തിലാണ് തലസ്ഥാനത്ത് ടോള്‍ ഗേറ്റ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 15 മുതല്‍ നാല് ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായെങ്കിലും ടോള്‍ ജനുവരി മുതല്‍ മാത്രമേ പ്രവര്‍ത്തനം ആരംഭിക്കുകയുളൂവെന്ന് അബുദാബി ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച അബുദാബി ടോള്‍ ഗേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നിരവധി വാഹനയാത്രികര്‍ പരാതിപ്പെട്ടു.

Latest