മനോഹരം ഈ ഫ്രീസർ ഗ്രാമം

ജലത്തിന്റെ കട്ട പിടിക്കാത്ത പാളി, ഉറങ്ങുന്ന ഭൂമി എന്നും അറിയപ്പെടുന്നു. മഞ്ഞുകാലം ജലത്തിലെ മീനുകൾ കട്ട പിടിക്കാത്ത വെള്ളത്തിലാണ് ചെലവിടുക. ഒരു തണുപ്പ് കാലം മുഴുവൻ ഐസ് പാളികൾക്കിടയിൽ അവ ജീവിച്ചിരിക്കും.
Posted on: December 23, 2019 2:23 pm | Last updated: December 23, 2019 at 2:23 pm

സൈബീരിയയിലെ ഒരു ഗ്രാമമാണ് ഓയിമ്യാകോൺ. ലോകത്ത് ഏറ്റവും കൂടുതൽ തണുപ്പുള്ള ജനവാസ നഗരം. ഇവിടെ മനോഹരമായ ഒരു നദി ഒഴുകുന്നു, ഈ ഗ്രാമത്തിന്റെ പേരാണ് നദിക്കും. ജലത്തിന്റെ കട്ട പിടിക്കാത്ത പാളി, ഉറങ്ങുന്ന ഭൂമി എന്നും അറിയപ്പെടുന്നു. മഞ്ഞുകാലം ജലത്തിലെ മീനുകൾ കട്ട പിടിക്കാത്ത വെള്ളത്തിലാണ് ചെലവിടുക. ജീവനോടെ ഒരു തണുപ്പ് കാലം മുഴുവൻ ഐസ് പാളികൾക്കിടയിൽ അവ ജീവിച്ചിരിക്കും. തണുപ്പ് കാലത്ത് മൈനസ് 72 ഡിഗ്രി വരെ ടെംമ്പറേച്ചർ താഴാറുണ്ട്. ഇവിടത്തെ മാർക്കറ്റിൽ സർക്കാർ സ്ഥാപിച്ച ഡിജിറ്റൽ തെർമോ മീറ്റർ മൈനസ് 62 ഡിഗ്രി ആയതോടെ അത് പ്രവർത്തനം നിലച്ചു. ഇന്നത്തെ താപനില ആയിരിക്കില്ല നാളെ, കൂടിയും കുറഞ്ഞുമിരിക്കും. ഇവിടുത്തെ വെള്ളം ഒരിക്കലും ഐസാകില്ല എന്നതാണ് അതിശയകരം.

റൈൻഡിയർ വളർത്തലുകാരുടെ ഇടത്താവളമായിരുന്നു ഈ സ്ഥലം. ചൂട് വെള്ളം വരുന്ന ഒരു ഉറവ ഇവിടെ ഉണ്ടായിരുന്നു. അവിടെ നിന്നും വെള്ളം ശേഖരിക്കാനാണ് ഇടയന്മാർ ഗ്രാമത്തിൽ എത്തിയിരുന്നത്. അവർ പിന്നീട് ഇവിടേക്ക് കുടിയേറിത്താമസിക്കാൻ ആരംഭിച്ചു. ഇപ്പോൾ അഞ്ഞൂറോളം ആളുകളാണ് ഇവിടെ യുള്ളത്. വളരെ കരുതലോടെയാണ് ഇവിടെ ജനങ്ങൾ തണുപ്പ് കാലം അതിജീവിക്കുക. പേനയിലെ മഷി കട്ടപിടിക്കുക, മുഖം വലിഞ്ഞു മുറുകി മുറിയുക, ബാറ്ററികൾ വേഗം ചാർജ് തീരുക, അതിനാൽ വാഹനങ്ങൾ എൻജിൻ ഓൺ ചെയ്തു വെച്ചിരിക്കും. ചിലർ തണുപ്പ് കാലം വണ്ടിക്കുള്ളിലാണ് താമസം. ഇലക്ട്രോണിക് സാധനങ്ങൾ, മൊബൈൽ ഫോൺ എന്നിവ വീടിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നാൽ കൂടുതൽ സമയം പുറത്തെടുത്ത് പ്രവർത്തിപ്പിക്കാൻ കഴിയില്ല. ആളുകൾ മരിച്ചാൽ അടക്കം ചെയ്യണമെങ്കിൽ തീ കത്തിച്ച് ആദ്യം മഞ്ഞുരുക്കിക്കളയണം. കുഴിക്കുംതോറും മഞ്ഞുവീണു നിറയും. രണ്ടും മൂന്നും ദിവസങ്ങൾ കൽക്കരി കത്തിച്ച് വേണം കുഴിയെടുക്കുവാൻ. അടക്കം ചെയ്തു കഴിഞ്ഞാലും മൃതദേഹം അഴുകുവാനും താമസമാണ്. ആളുകൾ എപ്പോഴും ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് വീടിനുള്ളിലായിരിക്കും. ബാത്റൂമുകളെല്ലാം പുറത്തായിരിക്കും. അല്ലെങ്കിൽ പൈപ്പുകൾ കട്ട പിടിച്ചുപോകും. തണുപ്പ് കാലമായാൽ ദിവസം 21 മണിക്കൂറെങ്കിലും ഈ ഗ്രാമം ഇരുട്ടിലായിരിക്കും. താപനില മൈനസ് 40 കടന്നാൽ മാത്രം ഇവിടെ സ്‌കൂളുകൾ അടക്കും. പോസ്റ്റ് ഓഫീസ്, ബേങ്ക്, എയർപോർട്ട് റൺവേ എന്നിവയും ഇവിടെയുണ്ട്.


വിചിത്ര ഭക്ഷണരീതി

ഇവിടെ ഉള്ളവർക്ക് മാംസാഹാരത്തോടാണ് പ്രിയം. വിവിധതരം മത്സ്യം, ഹിമകാലമാൻ ഇവയാണ് ആഹാരം. തണുത്ത് മരവിച്ച ആഹാരമാണ് കൂടുതൽ ഇഷ്ടം. ചിലരൊക്കെ കുടിക്കുന്നത് കുതിരയുടെ രക്തമാണ്. കടുത്ത തണുപ്പായതിനാൽ ധാന്യങ്ങളും പച്ചക്കറികളും ഇവിടെ വളരില്ല. പ്രത്യേകതരം തുകൽ സഞ്ചിയിൽ മാനുകളുടെ മാംസം മണ്ണിലാക്കി കുഴിച്ചു മൂടും. അഴുകി പുഴു പുറത്തേക്ക് വരുമ്പോൾ ഈ പുഴുക്കളെ ഭക്ഷണമാക്കും. ഇങ്ങനെ കഴിക്കുമ്പോൾ അധികം ഊർജമാണെത്രേ ലഭിക്കുക. കൂടുതൽ കലോറിയുള്ള മാംസം കഴിച്ചാൽ മാത്രമേ തണുപ്പ് കാലം അതിജീവിക്കാൻ കഴിയുകയുള്ളൂ.

തണുപ്പോട് തണുപ്പ്

മാർക്കറ്റിൽ മീനുകൾ വിൽപ്പനക്കായി വെച്ചിരിക്കുന്നു, ഐസായി അത് കുത്തിച്ചാരി വെച്ചിരിക്കുന്നു. കനത്ത കമ്പിളി വസ്ത്രമാണ് പലരും ധരിച്ചിരിക്കുന്നത്. മുഖം കുറച്ച് മാത്രം കാണാം. മുഖം മറച്ചില്ലെങ്കിൽ ഐസ് വീണ് കൺപീലികൾ കട്ട പിടിച്ച് അടഞ്ഞുപോകും. അസ്ഥി മരവിക്കുന്ന തണുപ്പിലും ചിലർ വെള്ളത്തിൽ കുളിക്കുന്നു. കണ്ടപ്പോഴേ ജീവൻ പകുതി പോയ അവസ്ഥ. മഞ്ഞ് മൂടിയ നദിയിൽ ഐസ് പാളികൾ വകഞ്ഞുമാറ്റി അതിൽ ചൂണ്ടയിട്ട് വലിയ മീനുകൾ ചിലർ പിടിച്ചുകൊണ്ടിരിക്കുന്നു. നായാട്ട് ഇവരുടെ ഇഷ്ട വിനോദമാണ്. മുയൽ, കൊക്കുകൾ, കരടി, ചെന്നായ മുതലായ മൃഗങ്ങളെ വേട്ടയാടിപ്പിടിക്കുക, ഭക്ഷിക്കുക, വിൽക്കുക, കൂടാതെ മീൻപിടിത്തവും ഇവരുടെ ഹരമാണ്. അവശ്യസാധങ്ങൾ എത്തിക്കുന്നത്. വലിയ ട്രക്കുകളിലാണ്. മഞ്ഞിലും ചെളിയിലും റോഡിൽ നിന്നും തെന്നി നീങ്ങി വലിയ കുഴികളിൽ വീണ് മിക്കപ്പോഴും വണ്ടികൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.

എങ്ങനെ പോകാം

തണുപ്പിനെ ചെറുക്കാനുള്ള സകല സാമഗ്രികളുമായിട്ട് മാത്രമേ ഇവിടേക്ക് പോകാനാകൂ. കുറേയേറെ സന്ദർശകർ ഇവിടെ വരാറുണ്ട്. ഇവിടേക്ക് പോകുക എന്നത് നിസ്സാര കാര്യമല്ല. തണുപ്പിനെ അതിജീവിക്കാൻ കഴിയുന്നവർക്ക് പോകാം. മോസ്‌കോയിൽ നിന്നും ഏഴ് മണിക്കൂർ ഫ്‌ളൈറ്റിൽ യാത്ര ചെയ്ത് ഈ പറഞ്ഞ സ്ഥലത്ത് നിന്നും 500 മൈൽ അകലെ ലാൻഡ് ചെയ്താൽ അവിടെ നിന്നും രണ്ട് ദിവസം വാനിൽ കയറി യാത്ര ചെയ്യണം. ഇംഗ്ലീഷ് ഭാഷ കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. ഹലോ എന്ന് പറഞ്ഞാൽ പോലും അവർക്ക് അറിയില്ല. ഓയിമ്യാകോൺ എന്ന സ്ഥലത്തും നിന്നും നാലായിരത്തോളം കിലോമീറ്ററുകൾ മാറിയാണ് ജോലി സ്ഥലം. അവിടെ നിന്നും 900 കിലോമീറ്റർ അകലെ യാക്കുട്‌സ്‌ക് എന്ന സ്ഥലത്തുള്ള ഒരു വ്യക്തിയുമായി എനിക്കിവിടെ പരിചയം ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ യാക്കുറ്റ്‌സ് എന്ന നഗരത്തിൽ എത്തുകയും അവിടെ നിന്നും യാത്ര തിരിക്കുകയുമായിരുന്നു. തണുപ്പ് കാലം ഞാൻ ജോലി ചെയ്യുന്നിടത്ത് ശരാശരി മൈനസ് 40, 45 ഡിഗ്രിയാണ് തണുപ്പ്. അതിനാൽ അവിടെ ചെന്നാൽ തണുപ്പ് അത്ര കാര്യമായിട്ട് ബാധിക്കില്ലെന്ന് എനിക്ക് തോന്നി. പക്ഷേ ബാഗിൽ കുറച്ച് ആപ്പിൾ, വാഴപ്പഴം മിച്ചം ഉണ്ടായിരുന്നത് ചെന്നപ്പോൾ ഐസായി. അതെല്ലാം കല്ലിൽ വെച്ച് അടിച്ച് പൊട്ടിക്കുകയായിരുന്നു. പത്ത് മിനുട്ട് നടന്നപ്പോൾ തന്നെ ശരീരം തളർന്നതുപോലെ. കൂടെയുള്ള ആളുകളുടെ സഹായം കൊണ്ട് ഭക്ഷണം കിട്ടി. പാതി വേവിച്ച മാംസം, മീൻ രുചി നോക്കാതെ കഴിച്ചു. കുതിരയുടെ രക്തം എനർജി നൽകുമെന്ന് പറഞ്ഞ് ഒരു ഗ്ലാസ് തന്നു, ചുണ്ടിലേക്ക് അടുപ്പിച്ചതും മനം മറിഞ്ഞു. നിർബന്ധിപ്പിച്ച് കുടിപ്പിച്ചു. അവിടെയുള്ളവരെ സമ്മതിക്കണം. കൺപീലികൾ നനഞ്ഞ് കട്ടപിടിക്കുന്നത് ഇടക്കിടക്ക് തുടച്ചുകൊണ്ടിരുന്നു. നെറ്റി മൊത്തമായും കവർ ചെയ്യാത്ത തൊപ്പിയാണ് ഉപയോഗിച്ചത്. അതിനാൽ നെറ്റിത്തടം തണുപ്പ് കാരണം മരവിച്ച് വിണ്ടു കീറുന്നത് പോലെയും വേദന അനുഭവപ്പെട്ടു. എങ്ങോട്ട് നോക്കിയാലും കാഴ്ച അവ്യക്തമാണ്. ഇടക്ക് വീശിയടിക്കുന്ന കാറ്റിൽ മണൽകാറ്റുപോലെയാണ് മഞ്ഞു ശരീരത്തിൽ പതിയുന്നത്. സംസാരിക്കാൻ ശ്രമിച്ചു, വാക്കുകൾ പതറിപ്പോകുന്നു. മുഖം കോടിപ്പോകുന്നത് പോലെ. രണ്ട് ഫോൺ കൈയിൽ കരുതിയിരുന്നു. ഏകദേശം മുപ്പതോളം ചിത്രങ്ങൾ ഫോണിൽ പകർത്തി. കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് ഫോണും പ്രവർത്തനം നിലച്ചു. സ്‌ക്രീനിൽ ടച്ച് ചെയ്തു. അപ്ലിക്കേഷൻ ഒന്നും വർക്ക് ചെയ്യുന്നില്ല. മരവിച്ചതിനാൽ കൈകൾ കൊണ്ട് ഒരു വസ്തു എടുത്താൽ പോലും ഊർന്നു പോകും. പ്രത്യേക തരം അവസ്ഥയാണത്.

അവിടെയുള്ളവരുടെ എനർജി എത്രത്തോളം ഉണ്ടെന്ന് അവരുടെ ജീവിതം കണ്ട് മണിക്കൂറുകൾ കൊണ്ടു മനസ്സിലാക്കാൻ സാധിച്ചു. നമുക്കൊന്നും ഒരു ദിവസം പോലും അവിടെ ചെലവിടാൻ കഴിയില്ല. കാലാവസ്ഥ, ഭക്ഷണം ഇവയൊന്നും പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ ഉൾക്കൊള്ളില്ല എന്നതാണ് വാസ്തവം.

സൈബീരിയ ഏറെ പ്രത്യേകതയുള്ളയിടമാണ്.സാഖാ റിപ്പബ്ലിക് എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യയുടെ വിസ്തൃതി കാണും. റഷ്യയുടെ 57% ഭൂമിയുടെ 10% സൈബീരിയയാണ്. കുറെയൊക്കെ കഥകൾ നമുക്ക് അറിയാം, സാർ ചക്രവർത്തിമാരുടെ കാലത്തെ ക്രൂരതകൾ. ഇതിനെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയ സ്റ്റാലിൻ, ലെനിൻ എന്നിവരെ ഇവിടേക്ക് നാട് കടത്തിയിട്ടുണ്ട്. ലെനിൻ മൂന്ന് വർഷം സൈബീരിയയിൽ കഴിഞ്ഞിട്ടുണ്ട്. സ്റ്റാലിൻ പലവട്ടം. ആറ് തവണ ആ മനുഷ്യൻ ഇവിടെനിന്നും രക്ഷപ്പെട്ടു. അന്ന് തടവുകാരെ നടത്തിക്കൊണ്ടാണ് പോയിരുന്നത്. മൂന്ന് വർഷത്തോളമെടുക്കും നടന്നെത്താൻ.. അവരിൽ മരിച്ചു വീഴുന്നവർ, അവരെ ചവിട്ടി കടന്നു പോയവർ. പിന്നീടുള്ള അവരുടെ കഠിന- ദുരിതജീവിതവും. ഇവരെയെല്ലാം അടക്കം ചെയ്ത മണ്ണിനുമേലെ നടക്കുമ്പോൾ ഹൃദയം പിടയ്ക്കും.