Connect with us

National

ഝാര്‍ഖണ്ഡില്‍ കാവിക്കൊടി താഴ്ന്നു; മഹാസഖ്യം അധികാരത്തിലേക്ക്

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡില്‍ രഘുബര്‍ ദാസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിനെ ജനകീയ കോടതിയിലൂടെ മറിച്ചിട്ട് മഹാസഖ്യം അധികാരത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ ജെ എം എം, കോണ്‍ഗ്രസ്, ആര്‍ ജെ ഡി പാര്‍ട്ടികളുടെ സഖ്യം 41 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ ബി ജെ പി 29 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിഭക്ഷത്തിന് വേണ്ടത് 41 സീറ്റാണ്. മഹാസഖ്യം ഇതിനകം ആ സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇവരെ പിന്തുണക്കാന്‍ സാധ്യതയുള്ള എന്‍ സി പി, സി പി ഐ എം എല്‍ പാര്‍ട്ടികള്‍ ഓരോ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.

29 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായങ്കിലും നിലവിലെ ഭരണകക്ഷിയായി ബി ജെ പിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാന രാഷ്ട്രീയത്തിലുപരി ദേശീയ രാഷ്ട്രീയമായിരുന്നു ബി ജെ പി പ്രധാനമായും പ്രചാരണ ആയുധമാക്കിയിരുന്നത്. ബാബരി മസ്ജിദ് വിഷയത്തില്‍ ലഭിച്ച അനുകൂല കോടതി വിധിയും കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതും പൗരത്വ ഭേദഗതി നിയമവുമെല്ലാം ബി ജെ പി പ്രചാരണ ആയുധമാക്കി. ഝാര്‍ഖണ്ഡിലെ പ്രധാന വോട്ടര്‍മാരായ ഗോത്ര വിഭാഗക്കാര്‍ക്കിടയില്‍ ഈ വിഷയങ്ങളെല്ലാം ഉയര്‍ത്തി വര്‍ഗീയ ദ്രുവീകരണത്തിനും ബി ജെ പി ശ്രമിച്ചു.

ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍വെച്ചാണ് പൗരത്വ വിഷയത്തില്‍ പ്രതിഷേധം നടത്തുന്നവരെ മോദി വര്‍ഗീയമായി ആക്രമിച്ചത്. അക്രമികളുടെ വേഷം കണ്ടാല്‍ തിരിച്ചറിയാം എന്നായിരുന്നു മോദിയുടെ പരാമര്‍ശം. അയോധ്യയില്‍ അംബരചുമ്പിയായ രാമക്ഷേത്രം നിര്‍മിക്കാന്‍ ഓരോ ഇഷ്ടിക തരണമെന്ന് ആവശ്യപ്പെട്ട് യോഗി ആദ്യത്യനാഥ് ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ചു. മോദിയും അമിത് ഷായും ചേര്‍ന്ന് പത്തിലതികം പൊതുയോഗങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ പ്രസംഗിച്ചത്. കേന്ദ്രത്തിന്റെ എല്ലാ സ്വാധീനങ്ങളും പ്രചാരണത്തിനായി ഉപയോഗിച്ചു. കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാനത്ത് കേന്ദ്രീകരിച്ച് കരുക്കല്‍ നീക്കി. എന്നാല്‍ ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ ബി ജെ പിയുടെ വിഭജന, വര്‍ഗീയ നയങ്ങളെ തള്ളി മാഹാസഖ്യത്തിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു.

ബി ജെ പിയുടെ ശക്തി കേന്ദ്രമായ ഗോത്ര മേഖലയില്‍ വലിയ തിരിച്ചടിയാണ് ഇത്തവണ അവര്‍ക്കുണ്ടായത്. ഖനി വ്യവസായികള്‍ക്ക് അനുകൂലമായുള്ള ഭരണകൂട നയങ്ങളും സ്വന്തം മണ്ണില്‍ നിന്നും കുടിയറക്ക് ഭീഷണി നേരിടുന്നതും ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ബി ജെ പിയോട് എതിര്‍പ്പ് വളര്‍ത്തി. ഒപ്പം ഗോത്ര വിഭാഗത്തില്‍പ്പെട്ട ഹേമ്‌നദ് സോറല്‍ മാഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതും ഇവരെ സ്വാധീനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ സഖ്യത്തിലായിരുന്ന ജെ വി എമ്മുമായി പിരിഞ്ഞ് ഒറ്റക്ക് മത്സരിച്ചതും ബിജെ പിക്ക് തിരിച്ചടിയായി. നാല് സീറ്റുകളിലാണ് ജെ വി എം സ്ഥാനാര്‍ഥികള്‍ മുന്നിട്ട് നില്‍ക്കുന്നത്. കൂടാതെ ബി ജെ പിയെ പിന്തണക്കാന്‍ സാധ്യതയുണ്ടായിരുന്ന എ ജെ എസ് യു രണ്ട് സീറ്റിലും മുന്നിലെത്തി. കര്‍ഷകര്‍ക്കിടയിലുണ്ടായിരുന്ന വലിയ ഭരണവിരുദ്ധ വികാരവും പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്ന വിമത ഭീഷണിയും ബി ജെ പിയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി. മുഖ്യമന്ത്രി രഘുബര്‍ ദാസ് ജെംഷ്ഡപൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മുവായിരത്തോളം വോട്ടുകള്‍ക്ക് പിന്നിട്ട് നില്‍ക്കുകയാണ്. ബി ജെ പി വിമത നേതാവായ സരയൂ റായിയാണ് അവിടെ ലീഡ് ചെയ്യുന്നത്.

ബി ജെ പിയെ സംബന്ധിച്ചിടത്തോളം ദേശീയതലത്തില്‍ തന്നെ ഉണ്ടാകുന്ന വലിയ ഒരു തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രണ്ടാമതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നിലും ബി ജെ പി അധികാരത്തില്‍ നിന്ന് പുറത്തായിരിക്കുകയാണ്. നേരത്തെ മഹാരാഷ്ട്ര, ഹരിയാന ഭരണമാണ് ബി ജെ പിക്ക് നഷ്ടപ്പെട്ടത്. ഝാര്‍ഖണ്ഡിലെ തോല്‍വിയോടെ രാജ്യത്ത് ബി ജെ പി ഭരണം 16 സംസ്ഥാനങ്ങളിലായി ചുരുങ്ങി. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ 58 ശതമാനം ജനസംഖ്യയുടെ സംസ്ഥാന ഭരണം ബി ജെ പി ഇതര പാര്‍ട്ടികളുടെ കൈകളിലായി.

ഇപ്പോള്‍ ബി ജെ പിയും സഖ്യകക്ഷികളും ഭരിക്കുന്ന 16ല്‍ ഏഴും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും അടക്കമുള്ള ചെറിയ സംസ്ഥാനങ്ങളാണ്. വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ പലതിലും അവിടുത്തെ പ്രബല പ്രാദേശിക കക്ഷികളുടെ ഒപ്പം ജൂനിയര്‍ പങ്കാളി എന്നാ നിലയിലാണ് ബി ജെ പിയുടെ സ്ഥാനം. 2017ല്‍ 21 സംസ്ഥാനങ്ങളിലായിരുന്നു ബി ജെ പി ഭരണം ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോല്‍ 16 ആയി ചുരുങ്ങിയത്.

---- facebook comment plugin here -----

Latest