Connect with us

Gulf

ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണം 2024 ല്‍ 81 ശതമാനം വര്‍ധിച്ച് 0.98 കോടിയാകും

Published

|

Last Updated

അബൂദബി | ജി സി സി യിലേക്ക് എത്തുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നു. 2024 ല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണം 81 ശതമാനം വര്‍ധിച്ച് 0.98 കോടിയാകും. കോളിയേഴ്‌സ് ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സഞ്ചാരികളുടെ എണ്ണം 2018 ലെ 54 ലക്ഷത്തില്‍ നിന്ന് 81 ശതമാനം വര്‍ധിച്ച് 2024 ല്‍ 98 ലക്ഷമായേക്കും. കോളിയേഴ്‌സ് ഇന്റര്‍നാഷണല്‍, അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് എ ടി എമ്മുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ബിസിനസ്, ജോലി സ്ഥലം, ഒഴിവുസമയ ആവശ്യങ്ങള്‍ ചെലവഴിക്കല്‍ എന്നിവക്കൊപ്പം ഇന്ത്യയുടെ മൊത്തം സഞ്ചാരികളില്‍ 20 ശതമാനത്തിലധികം പേരും 2024 ഓടെ ജി സി സിയിലേക്ക് വരുമെന്ന് പ്രവചിക്കുന്നു.

2019 ല്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ മൊത്തം എത്തിയവരില്‍ 10 ശതമാനം ഇന്ത്യയില്‍ നിന്നുള്ളവരാണ്. എ ടി എം വളര്‍ച്ചക്ക് ഇത് സാക്ഷ്യം വഹിച്ചു- എ ടി എമ്മിന്റെ എക്‌സിബിഷന്‍ ഡയറക്ടര്‍ ഡാനിയേല്‍ കര്‍ട്ടിസ് പറഞ്ഞു. ഇന്ത്യന്‍ മധ്യവര്‍ഗം മൊത്തം ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്ന് ശതമാനം അല്ലെങ്കില്‍ 40 ലക്ഷത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 2013 നും 2030 നും ഇടയില്‍ നാലിരട്ടിയാകും. 2018 ല്‍ യു എ ഇ 20.89 ലക്ഷം ഇന്ത്യന്‍ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്തു. ഈ കണക്ക് 2024 ഓടെ 50.29 ലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സി എ ജി ആറില്‍ 11 ശതമാനം വര്‍ധനയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനൊപ്പം, ഇന്‍ബൗണ്ട് ടൂറിസത്തിനായുള്ള ദുബൈയുടെ ഉറവിട വിപണികളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2019 ആദ്യ പകുതിയില്‍ 10 ലക്ഷം ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ എമിറേറ്റിലെത്തി.

ഇന്ത്യയില്‍ നിന്നും എത്തുന്നവരുടെ എണ്ണത്തില്‍ യു എ ഇയില്‍ താരതമ്യേന വളര്‍ച്ചയുണ്ടെങ്കിലും സഊദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ 2018 നും 2024 നും ഇടയില്‍ യഥാക്രമം 10 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ നിയന്ത്രണങ്ങളില്‍ ഇളവ്, അധിക എയര്‍ലൈന്‍ റൂട്ടുകള്‍, ബിസിനസ് അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍, യു എ ഇ, ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാഹസിക, പരിസ്ഥിതി ടൂറിസത്തിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി എന്നിവയാണ് ജി സി സി പുതുതലമുറ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളര്‍ച്ചക്ക് പ്രേരണ നല്‍കുന്നത്. വിനോദയാത്ര, ടൂറിസം ചെലവ് 2018 ല്‍ 2140 കോടി ഡോളറില്‍ നിന്ന് 2024 ഓടെ 3930 കോടി ഡോളറായി ഉയരും.

യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2018 ല്‍ ജി സി സിയിലേക്കുള്ള ഒരു യാത്രക്ക് ശരാശരി 1,100 ഡോളര്‍ ഇന്ത്യന്‍ യാത്രക്കാര്‍ ചെലവഴിച്ചു. ബിസിനസും പരിചയസമ്പന്നരായ വിനോദസഞ്ചാരികളും ഒരു യാത്രക്ക് കുറഞ്ഞത് 15 ശതമാനം കൂടുതല്‍ ചെലവഴിക്കാന്‍ സാധ്യതയുണ്ട്.

Latest