Connect with us

Articles

നന്ദി ജാമിഅ, ഈ നാന്ദി കുറിക്കലിന്

Published

|

Last Updated

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമാണ് ജാമിഅ മില്ലിയ്യ സര്‍വകലാശാലക്ക് രൂപം നല്‍കിയത്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തെ പിന്തുണക്കുകയോ അവര്‍ നിയന്ത്രിക്കുകയോ ചെയ്യുന്ന സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള പ്രതിരോധമായിട്ടാണ് ജാമിഅ മില്ലിയ്യ പിറവികൊള്ളുന്നത്. മഹാത്മാ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആവേശത്തിലായിരുന്ന മുഹമ്മദലി ജൗഹര്‍ അടക്കമുള്ള ദേശീയ നേതാക്കളുടെ വിയര്‍പ്പുണ്ട് ജാമിഅ മില്ലിയ്യയുടെ പിറവിക്ക് പിന്നില്‍. അന്ന് ഈ സ്ഥാപനത്തിന്റെ സ്ഥാപകരും ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ഥികളും ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടിയത് ഒരു ചരിത്രമാണ്. എന്നാല്‍ ഇപ്പോള്‍ അതേ ക്യാമ്പസ് ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായകമാകാന്‍ പോകുന്ന ഒരു മഹാവിപ്ലവത്തിനു കൂടി തുടക്കമിട്ടിരിക്കുന്നു. ഭരണഘടന വെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ അതിന്റെ സംരക്ഷണത്തിനായി ആ ക്യാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും തെരുവിലിറങ്ങി ഉറക്കെ വിളിക്കുന്നു. രാജ്യത്തെ ക്യാമ്പസുകളും തെരുവുകളും ആ വിളി ഏറ്റെടുക്കുന്നു. ഇപ്പോള്‍ ഭരണകൂടത്തിനെതിരെയുള്ള രോഷപ്രകടനമായി അത് രാജ്യം മുഴുക്കെ നിറഞ്ഞു നില്‍ക്കുന്നു.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ വന്ന സാഹചര്യത്തില്‍ തന്നെ ജാമിഅ മില്ലിയ്യയടക്കമുള്ള ക്യാമ്പസുകളില്‍ പ്രതിഷേധം രൂപപ്പെട്ടുവന്നിരുന്നു. ബില്‍ ലോക്സഭ പാസ്സാക്കി. ശേഷം മതേതരത്വ വിശ്വാസികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്ന രാജ്യസഭയും കടന്നുപോയി. തൊട്ടുപിറ്റേന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്‍ നിയമമാക്കി മാറ്റിയതോടെ രാജ്യമാകെ പ്രതിഷേധമുയര്‍ന്നു. ഈ സന്ദര്‍ഭത്തിലാണ് ജാമിഅ മില്ലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ ബില്ലിനെതിരെ പ്രതിഷേധവുമായി പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിക്കുന്നത്. പാര്‍ലിമെന്റ് മാര്‍ച്ച് പോലീസ് തടയുകയായിരുന്നില്ല. മറിച്ച് ഭരണകൂടത്തിന്റെ കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നേരിടുകയായിരുന്നു. പ്രതിഷേധ മാര്‍ച്ച് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു സംഘര്‍ഷഭരിതമാക്കി. പോലീസ് തന്നെ സര്‍ക്കാര്‍ ബസുകള്‍ക്ക് തീവെക്കുകയും ചെയ്തു. ഇതിലും കലിപ്പ് തീരാതെ വന്നപ്പോള്‍ സര്‍വകലാശാലയുടെ ഗേറ്റ് തള്ളിത്തുറന്ന് കാണുന്ന വിദ്യാര്‍ഥികളെ മുഴുവന്‍ തല്ലിച്ചതച്ചു. ജാമിഅ മില്ലിയ്യയുടെ ലൈബ്രറിയും ഇതോടു ചേര്‍ന്നുള്ള വായനാമുറിയും തല്ലിത്തകര്‍ത്തു.

ഇവിടെയിരുന്നു പുസ്തകം വായിച്ചിരുന്ന വിദ്യാര്‍ഥികളെ മര്‍ദിച്ചു. കൈയില്‍ കിട്ടിയ വിദ്യാര്‍ഥികളെ മുഴുവന്‍ കസ്റ്റഡിയിലെടുത്തു. ജാമിഅ സര്‍വകലാശാലയുടെ മുസ്്ലിം നാമം ഉപയോഗിച്ച് പോലീസ് അതിക്രമത്തെ ന്യായീകരിക്കാനായിരുന്നു ഭരണകൂട തീരുമാനം.
എന്നാല്‍ രാജ്യത്തെ ക്യാമ്പസുകള്‍ ആ രാത്രിയില്‍ വെറുതെയിരുന്നില്ല. ജെ എന്‍ യുവിലെ വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ ജെ എന്‍ യുവിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും അംബേദ്കര്‍ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ തെരുവുകളിലിറങ്ങി. അവര്‍ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്തു. പോലീസ് അതിക്രമത്തിനെതിരെ തൊണ്ടപൊട്ടി വിളിച്ചു. കസ്റ്റഡിയിലെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും വിട്ടയക്കും വരെ അവര്‍ പോലീസ് ആസ്ഥാനത്തിനുമുന്നിലിരുന്നു മുദ്രാവാക്യം വിളിച്ചു. രാത്രി മൂന്ന് മണിയോടെ പോലീസ് വിദ്യാര്‍ഥികളെ വിട്ടയച്ചു. പിറ്റേന്നു നേരം പുലര്‍ന്നതോടെ രാജ്യം വന്‍ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രാജ്യത്തെ മുഴുവന്‍ ക്യാമ്പസുകളും ഇളകി മറിഞ്ഞു. ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ക്യാമ്പസുകളും തെരുവുകളും തുടരെത്തുടരെ ഒച്ചവെച്ചു കൊണ്ടിരിക്കുന്നു. ജെ എന്‍ യു, ഡല്‍ഹി, അംബേദ്കര്‍, വിവിധ ഐ ഐ ടികള്‍, എയിംസുകള്‍, ഹൈദരാബാദ് സര്‍വകലാശാല, ഇഫ്ലു, പോണ്ടിച്ചേരി, മദ്രാസ് സര്‍വകലാശാല, മുംബൈയിലെ വിവിധ സര്‍വകലാശാലകള്‍, യു പിയിലെ സര്‍വകലാശാലകള്‍, കോളജുകള്‍…ആ നിര നീളുന്നു. രാജ്യത്തെ എല്ലാ തെരുവുകളിലും ഒരേ മുദ്രാവാക്യമായി. ഇപ്പോള്‍ ഭരണകൂടത്തിന് നിയന്ത്രിക്കാനാകാത്ത വിധം അത് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

തെരുവിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങളെ നേരിടാന്‍ ഭരണകൂടം പ്രതിഷേധ മേഖലകളിലേക്കുള്ള യാത്രാ സൗകര്യങ്ങളും ഇന്റര്‍നെറ്റ് സംവിധാനവും നിരോധിക്കുകയാണ് ചെയ്യുന്നത്. ഇവയെല്ലാം മറികടന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാനായി തെരുവിലെത്തുന്നു. ഇന്നലെ ഡല്‍ഹിയില്‍ കണ്ടത് ഇതായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് ജന്തര്‍മന്ദറില്‍ അരങ്ങേറിയത്. ഇവിടെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ റദ്ദാക്കുകയും മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും ചെയ്തെങ്കിലും കിലോമീറ്ററുകള്‍ നടന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാനായി ജന്തര്‍മന്ദറില്‍ എത്തി. ജാമിഅ സമര സമിതി ആഹ്വാനം ചെയ്ത ചെങ്കോട്ട മാര്‍ച്ചും പോലീസ് ഇതേ രീതിയിലാണ് പ്രതിരോധിച്ചത്. എന്നിട്ടും നൂറുകണക്കിന് പേരാണ് ചെങ്കോട്ടയുടെ പരിസരങ്ങളില്‍ ഒത്തു ചേര്‍ന്നത്. വിദ്യാര്‍ഥി പ്രതിഷേധങ്ങളെ നേരിടാന്‍ ഭരണകൂടത്തിന്റെ ഈ തന്ത്രങ്ങള്‍ മതിയാകില്ലെന്നു ഇപ്പോഴെങ്കിലും ഭരണകൂടത്തിന് ബോധ്യമായിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ലോകത്ത് ഒരു ഭരണകൂടവും വിദ്യാര്‍ഥി പ്രതിഷേധങ്ങളെ മറികടന്നു പോയിട്ടില്ലെന്ന ചരിത്രം ഇവിടെ ഒരിക്കലൂടെ പുലരാന്‍ പോകുകയാണ്.