Connect with us

National

മംഗളൂരുവില്‍ പ്രതിഷേധത്തിനിടെ വെടിയേറ്റ രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

മംഗളൂരു | പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്‌ നേരെ മംഗളൂരുവില്‍ പോലീസ് വെടിവെപ്പും ലാത്തിച്ചാര്‍ജും. സംഘര്‍ഷത്തിനിടെ വെടിയേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. ജലീല്‍, നൗഷിന്‍ എന്നീ യുവാക്കളാണ് മരിച്ചത്. മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് മരണം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മുന്‍ മേയര്‍ അശ്‌റഫ് അടക്കം നാല് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

പ്രതിഷേധം കണക്കിലെടുത്ത് മംഗളൂരുവില്‍ പോലീസ് നേരത്തെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധനാജ്ഞ അവഗണിച്ച്  ആയിരക്കണക്കിന് ആളുകള്‍ കമ്മീണര്‍ ഓഫീസര്‍ ഓഫീസിലേക്ക് മാര്‍ച്ചുമായി എത്തുകയായിരുന്നു. ഇവരെ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രതിഷേധക്കാര്‍ക്ക് നേരെ ആദ്യം ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. ഇതില്‍വെടിയേറ്റ രണ്ട് പേരാണ് മരിച്ചത്. എന്നാല്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്.

സംഘര്‍ഷത്തിന് പിന്നാലെ മംഗളൂരുവിലെ അഞ്ച് പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നാളെ രാത്രി വരെ കൂടി നിരോനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ റോഡ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ ഉണ്ടായതോടെയാണ് പോലീസ് നിരോധനാജ്ഞ ആദ്യം പ്രഖ്യാപിച്ചത്. മംഗളൂരു നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് നഗരത്തിനകത്തും പുറത്തും കര്‍ശന സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പോലീസ് തടഞ്ഞു പരിശോധിക്കുന്നുണ്ട്. മുന്‍കരുതലെന്ന നിലയില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരേയും മംഗലാപുരത്ത് വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ അര്‍ധസൈന്യത്തേയും രംഗത്തിറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

Latest