Connect with us

Travelogue

സാഹസികമായൊരു വനയാത്ര

Published

|

Last Updated

ചില വനസഞ്ചാരങ്ങൾ എവിടെയോ കാത്തിരിക്കുന്നതോ മറഞ്ഞിരിക്കുന്നതോ ആയ ഒരു ജീവജാലത്തെ തേടിയാകാം. മറ്റു ചിലതാകട്ടെ ഒന്നിനെയും തിരഞ്ഞുള്ളതായിരിക്കില്ല. കാടിനെ മനസ്സിലും ശരീരത്തിലും ഒരു ഉന്മാദമാക്കിതീർക്കാനുള്ള യാത്രയായിരുന്നു ഞങ്ങളുടെത്. കാടിന്റെ ഇരുൾ വീണുകിടന്ന ഗഹനതകളിൽ ജീവിതത്തിനും മരണത്തിനുമിടക്ക് കഴിഞ്ഞ നിമിഷങ്ങൾ. എല്ലായിപ്പോഴും അദൃശ്യനായി നിലകൊള്ളുന്നവന്റെ കാരുണ്യത്താൽ ജീവിതത്തിലേക്ക് തിരികെ നടന്ന അപൂർവ നിമിഷം

വാൽപ്പാറയിൽ നിന്ന് വാഴച്ചാലിലേക്കുള്ള കാട് യാത്ര. കൊടും കാട്. കനത്ത മഴയാൽ നേരത്തെ തന്നെ ഇരുട്ട് വീണുതുടങ്ങിയിരിക്കുന്നു. ഉച്ചക്ക് ശേഷം യാത്ര പുറപ്പെടുമ്പോൾ തന്നെ രണ്ടുപേരെ കാട്ടാന വാൽപ്പാറയിൽ ചവിട്ടുകൊന്ന വാർത്തയാണറിഞ്ഞത്. വാഹനങ്ങളൊക്കെ തടയുന്നുണ്ട്. നാട്ടുകാർ ആകെ ഇളകിയിരിക്കുകയാണ്.
നിസ്സഹായരായി വനം വകുപ്പും. നടുക്കുന്ന വാർത്തകളൊന്നും അനുഭവങ്ങളാകരുതേ എന്ന പ്രാർഥനയോടെ ഞങ്ങൾ വാഴച്ചാലിലേക്ക് പോന്നു.
കാടാകെ ആനകളുടെ ഗന്ധമാണ്. കടന്നുപോകുന്ന തേയിലത്തോട്ടങ്ങളിലും കാട്ടിടങ്ങളിലൊക്കെ അവ നിലയുറപ്പിച്ചപോലെ. വൃക്ഷത്തണലുകൾ തേടിയോ നീരുറവകൾ തേടിയോ ആവാം ആനകൾ ചിതറിയിറങ്ങുന്നത്. പക്ഷേ നഷ്ടമാകുന്ന മനുഷ്യജീവനുകളെക്കുറിച്ചോർക്കുമ്പോൾ ഒരു വിങ്ങൽ .
നല്ല മഴയുണ്ട്. മഴയും മരവും ഒന്നിച്ചുപെയ്യുമ്പോൾ കാട്ടിലൂടെയുള്ള യാത്ര വല്ലാത്തൊരു ഫീൽ തരും.
വാഴച്ചാലിലെത്താൻ ഇനിയും പത്ത് കിലോമീറ്ററുകൾ കൂടി പോകണം. പൊടുന്നനെ ഞങ്ങളുടെ കാറിന് അഭിമുഖമായി ഇടുങ്ങിയ റോഡിലൂടെ രണ്ടാനകൾ പാഞ്ഞടുത്തു. ഛിന്നം വിളിച്ച് മുന്നോട്ടുവന്ന കാട്ടാനയുടെ മുന്നിൽ ഞങ്ങൾ മരണം കാത്തുകിടന്നു. അപ്പുറത്തെവിടെയോ വീണ്ടും ശബ്ദത്തോടെ മുള ഒടിഞ്ഞു. പിടിയാനയും കുട്ടിയുമാണ്.

കൊമ്പനാനയെക്കാൾ പേടിക്കേണ്ടത് കൂടെ കുഞ്ഞുള്ള പിടിയാനയെയാണെന്ന് എവിടെയോ വായിച്ചതോർത്തു. കാറിനുള്ളിൽ ഞങ്ങൾ മുളം കൂമ്പുകൾപോലെ നേരിയ ശബ്ദമുണ്ടാക്കി. കാനനങ്ങളിലെ ഹരിതാഭമായ സ്മൃതികളിൽ അഞ്ച് ജീവനുകൾ അവസാനിക്കുമെന്ന് തോന്നി. പച്ചമുളയിലകളുടെയും തണ്ടിന്റെയും ഇളകിയ മണ്ണും മുളം കൂമ്പും ചേർന്ന ഗന്ധങ്ങൾ ഞാനനുഭവിച്ചു.
പൊടുന്നനെ കാറിന് തൊട്ടുമുന്നിലെത്തിയത്. അതോടെ ശ്വാസം പോലും നിശ്ചലമായി . ഞാനാകട്ടെ ആ സമയം മരണം മുന്നിൽ കണ്ടു. അത് ഞങ്ങൾക്ക് നേരെ പാഞ്ഞുവരികയാണ്. പൊടുന്നനെ കാറിൽ നിന്നറിങ്ങി ഓടാമെന്നുവെച്ചാൽ ആനയാകെ പരിഭ്രമിച്ചേക്കാം. ഏതാനും നിമിഷത്തേക്ക് ഹൃദയവേഗം നിലച്ചു. കാട്ടാനയും കുട്ടിയും കാറിനുനേരെ ചീറിയടുത്തതും ഞങ്ങൾ കൂട്ടത്തോടെ നിലവിളിച്ചു. .
മുന്നോട്ടുവന്ന ആന പൊടുന്നനെ നിന്നു. എന്നിട്ട് തുമ്പിക്കൈ കാറിനുനേരെ മെല്ലെ ഉയർത്തി. പിന്നെ ഒരു ചുവടുകൂടി മുന്നോട്ടുവെച്ചു.

ഞാനെന്റെ ശ്വാസനിശ്വാസങ്ങളിലും ശരീരത്തിൽ ആകെത്തന്നെയും ആനയുടെ ഗന്ധം തിരിച്ചറിയുന്ന നിമിഷങ്ങളിലായിരുന്നു.
ആന രണ്ടുചുവടുകൾകൂടി മുന്നോട്ടുവെച്ച് തുമ്പിക്കൈ ഒന്നു നീട്ടിയാൽ ഞങ്ങൾ അതിലൂടെ മുളംകാടുകൾക്കും മുകളിലൂടെ ആകാശത്തേക്കുയരുവാൻ അധികം താമസമില്ല എന്നറിയാം.
കാറിന്റെ ബോണറ്റിന് മുകളിലേക്ക് കാലുയർത്തി വന്ന ആന ആരോ ഓടിച്ചിട്ടതുപോലെ പെട്ടെന്ന് കാട്ടിലേക്ക് തന്നെ തിരിഞ്ഞു.

അത് തിരികെ പോയി മരങ്ങളോട് ചേർന്നു നിന്നു .ഒപ്പം കുട്ടിയാനയും. പിന്നെ തുമ്പിക്കൈ ഉയർത്തി മുളം തണ്ടുകൾ തേടി .ചെവികൾ വീശുവാൻ ആരംഭിച്ചു. എന്നിൽ നിന്നും ഞാനറിയാതെ ഒരു ദീർഘനിശ്വാസം. ഞാനുടനെ മറന്നുപോയ മൊബൈൽ അവനുനേരെ തിരിച്ചു.
ആ നിമിഷം മൊബൈലിൽ ഒരു ക്ലിക്ക്.
ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നു. മിണ്ടാൻ വയ്യ ആർക്കും.
നിശബ്ദതയുടെ ശബ്ദം കാതുകളിൽ കേൾക്കാം.
അക്രമാസക്തരായ ആ രണ്ടു ആനകളുടെ പിറകിൽ മറ്റൊരു കാർ വന്നിരുന്നു. അവർ വാൽപ്പാറയിലേക്ക് പോകുന്ന ടൂറിസ്റ്റുകാരെന്ന് തോന്നുന്നു. ഹോണടിച്ചതോടെയാവണം കൂട്ടം തെറ്റിയ ആനകൾ ഞങ്ങൾക്ക് മുന്നിലേക്ക് ഓടിയടുത്തത്. മറ്റു ആനക്കൂട്ടങ്ങൾ മരക്കൂട്ടങ്ങളിലുണ്ട് .
വന്യജീവികളോടുള്ള ഓരോ മുഖാമുഖങ്ങളും സ്‌നേഹ ഭാഷണങ്ങളാക്കണം . അതില്ലാതാവുമ്പോഴാണ് വന്യമൃഗങ്ങൾ മനുഷ്യർക്ക് നേരെ തിരിയുന്നത്.

അവിശ്വസനീയമെന്ന് ചിലപ്പോൾ തോന്നിക്കാമെങ്കിലും കാട്ടുയാത്രകൾ അങ്ങനെ ചില സ്വപ്‌നസമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ്‌ക്കൊണ്ടേയിരിക്കുന്നു.
അപകടം നടക്കുന്നതിന്റെ കുറച്ച് മുമ്പ് ആനക്കൂട്ടത്തെക്കുറിച്ച് അതുവഴിവന്ന യാത്രക്കാർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ആനയെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജീവൻ തന്നെ അപകടപ്പെടുന്ന തരത്തിൽ കാണുമെന്ന് ഒരിക്കലും കരുതിയില്ല. അഴകാർന്ന ഒരു ആനയെ പ്രതീക്ഷിച്ചു. പുഴയിൽനിന്നും ആസ്വദിച്ചു ദാഹമകറ്റുന്ന ഒരു കൊമ്പൻ. അല്ലെങ്കിൽ ഒരമ്മയും കുഞ്ഞും അതൊക്കെയാണ് കാടകങ്ങളിൽ കാത്തിരുന്നത്.

വാൽപ്പാറയിൽനിന്ന് ഉച്ചക്ക് ശേഷം മലമ്പാതയിലൂടെ യാത്ര തുടങ്ങുമ്പോൾ ചായ കുടിക്കാൻ കയറിയൊരു കടയുണ്ട്. ഒരു പെട്ടിക്കട. കടക്കാരൻ ഉസ്മാൻക്കയാണ് രണ്ടു ദിവസമായി ആനയുടെ ശല്യം പറഞ്ഞത്. മൂപ്പരുടെ കടയും കുറച്ച് ദിവസം മുമ്പ് ആനകൾ തകർത്തിരുന്നു. കോട്ടക്കൽ സ്വദേശിയായ ഉസ്മാൻക്ക വർഷങ്ങളായി ഇവിടെയാണ് താമസം. കാട്ടാനകൾ മാത്രമല്ല സിംഹമൊഴിച്ചുള്ള എല്ലാ മൃഗങ്ങളും അവിടെയുണ്ടെന്നാണ് അയാൾ പറയുന്നത് .
വാൽപ്പാറയിൽനിന്ന് വാഴച്ചാലിലേക്കുള്ള പാത മുപ്പത് വർഷങ്ങൾക്ക് മുമ്പ് പുളിയിലപ്പാറ കഴിഞ്ഞാൽ കാടൊരു ഹരിത ഗുഹപോലെയായിരുന്നു. സൂര്യപ്രകാശം പോലും വീഴാത്ത പാത. ഇപ്പോഴും കുറെയൊക്കെ അങ്ങനെത്തന്നെ. പലയിടത്തും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു റോഡുകൾ . വല്ലപ്പോഴും കടന്നുപോകുന്ന വിരലിലെണ്ണാവുന്ന വാഹനങ്ങൾ. ചിലപ്പോൾ വാൽപാറയിലെ തേയിലത്തോട്ടങ്ങളിൽ നിന്നും തേയില കയറ്റിവരുന്ന ലോറികളോ സമയവും കാലവും തെറ്റിപ്പോകുന്ന ഒരു ട്രാൻസ്‌പോർട്ട് ബസോ കാണും.

കാട് എപ്പോഴും നിശബ്ദമായിരിക്കും. കാട്ടാനക്കൂട്ടങ്ങൾ ഈറ്റ ഗുഹകളിൽ കൊമ്പുകോർക്കുകയും ഷോളയാറിൽ മുങ്ങിനിവരുകയും ചെയ്യുന്നതുകാണാം. ആനയുടെ കൂടുതൽ ആക്രമണ കഥകൾ കടക്കാരൻ പറയുന്നുണ്ട്. ജീവൻ തിരികെ തന്ന ദൈവത്തിന് വീണ്ടും സ്തുതിച്ചു. പാതിവഴിയിൽ ഇല്ലാതാകുമായിരുന്ന യാത്രയെ സന്തോഷത്തോടെ പൂരിപ്പിച്ചതിന്.

Latest