Connect with us

Articles

പോലീസിന് ഇടപെടാമോ; എത്രമാത്രം?

Published

|

Last Updated

ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസിന്റെ കടന്നാക്രമണം ആഗോളതലത്തില്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. പ്രതിഷേധങ്ങളിലും സമരങ്ങളിലും പോലീസ് ഇടപെടലിന് ഇന്ത്യന്‍ ഭരണഘടനയും നിയമവും എന്തൊക്കെ അനുമതിയാണ് നല്‍കുന്നത്?

ഭരണഘടനയില്‍

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നു. അനുഛേദം 19(1)(എ), 19(1)(ബി) തുടങ്ങിയവ ആശയപ്രകാശനത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യവും ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേൡക്കാനുള്ള അവകാശവും നല്‍കുന്നു. അനുഛേദം 19(2), 19(3) എന്നിവയുടെ പരിധിയിലുള്ള ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ അവകാശം അനുസരിച്ച് രാജ്യത്തിന്റെ പരമാധികാരവും ദേശീയോദ്ഗ്രഥനവും, രാജ്യസുരക്ഷ, വിദേശ രാജ്യങ്ങളുമായി സൗഹൃദ ബന്ധം, ക്രമസമാധാനം തുടങ്ങിയ താത്പര്യങ്ങളില്‍ യുക്തിസഹമായ നിയന്ത്രണത്തിന് വിധേയമാണ്.

സി ആര്‍ പി സിയിലും
ഐ പി സിയിലും

പ്രതിഷേധവും നിയമവിരുദ്ധ സമ്മേളിക്കലും കൈകാര്യം ചെയ്യുന്നതിന് സി ആര്‍ പി സി, ഐ പി സി, 1861ലെ പോലീസ് നിയമം എന്നിവ പ്രകാരം പോലീസിന് അവകാശം നല്‍കുന്നുണ്ട്. സി ആര്‍ പി സി 129- 132 വകുപ്പുകള്‍ പ്രകാരം പോലീസ് സേനയെ ഉപയോഗിച്ച് ഒത്തുകൂടിയവരെ പിരിച്ചുവിടാം. ആഭ്യന്തര കലഹത്തിന്റെ സമയത്താണ് സായുധ സേനയെ ഉപയോഗിക്കാന്‍ സാധിക്കുക. സി ആര്‍ പി സി 129ാം വകുപ്പ് പ്രകാരം, നിയമവിരുദ്ധ ഒത്തുകൂടലോ ക്രമസമാധാനത്തിന് പ്രശ്‌നമുണ്ടാക്കുന്ന അഞ്ചിലോ അതില്‍ കൂടുതലോയുള്ളവരുടെ ഒത്തുകൂടലോ പിരിച്ചുവിടാന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനോ ഒരു പോലീസ് സ്റ്റേഷന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥനോ ഉത്തരവിടാം. അതിനനുസരിച്ച് അംഗങ്ങളെ പിരിച്ചുവിടേണ്ടത് ഒത്തുകൂടലിന് വിളിച്ചവരുടെ ഉത്തരവാദിത്വമാണ്. ഉത്തരവിന് ശേഷവും പിന്തിരിഞ്ഞു പോയില്ലെങ്കില്‍, പിന്തിരിയാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനോ പോലീസ് ഉദ്യോഗസ്ഥനോ ബലം പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാം. ഇതിന് പുരുഷ സേനാംഗങ്ങളുടെ സഹായം തേടാം. എന്നാല്‍ സായുധ സേനയിലെ ഉദ്യോഗസ്ഥനോ അംഗമോ ആകരുത്. ഒത്തുകൂടിയവരെ അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വെക്കുകയോ ചെയ്യാം. ഇവരെ നിയമമനുസരിച്ച് ശിക്ഷിക്കുകയുമാകാം.

സി ആര്‍ പി സി 130

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സായുധ സേനയെ ഉപയോഗിക്കാനുള്ള അധികാരം സി ആര്‍ പി സി 130ാം വകുപ്പാണ് നല്‍കുന്നത്. കുറഞ്ഞ സേനയെ ഉപയോഗിക്കാന്‍ തക്കവിധമുള്ള ജനക്കൂട്ടമുണ്ടാകണം. മാത്രമല്ല, വ്യക്തിക്ക് പരുക്കോ സ്വത്തിന് നാശനഷ്ടമോ വേണം. ഇത്തരം ഘട്ടങ്ങളില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും അറസ്റ്റോ തടങ്കലോ ഉപയോഗിക്കുകയും ചെയ്യാം.
നിയമവിരുദ്ധ ഒത്തുകൂടല്‍, ഈ കുറ്റവുമായി ബന്ധപ്പെട്ട ശിക്ഷ, ബാധ്യത, ഉത്തരവാദിത്വം എന്നിവയാണ് ഐ പി സി 141- 158 വകുപ്പുകള്‍ വിശദീകരിക്കുന്നത്. കുറ്റവാസനയുള്ള ശക്തികളാല്‍ ഭയപ്പെടുത്താനോ പ്രകടിപ്പിക്കാനോ ഏതെങ്കിലും നിയമം നടപ്പാക്കുന്നതിനെയോ നിയമ നടപടിയെയോ ചെറുക്കുകയോ എന്തെങ്കിലും കുറ്റമോ കൈയേറ്റമോ നടത്തുകയോ ചെയ്യാന്‍ ഉദ്ദേശിച്ച് അഞ്ചോ അതിലധികമോ പേര്‍ ഒത്തുകൂടുന്നതിനെയാണ് നിയമവിരുദ്ധ മേളിക്കല്‍ എന്ന് ഐ പി സി 141ാം വകുപ്പ് നിര്‍വചിക്കുന്നത്. നിയമവിരുദ്ധ ഒത്തുകൂടല്‍ കാരണം ബലപ്രയോഗമോ അക്രമമോ ഉണ്ടായാല്‍ ഒത്തുകൂടിയ എല്ലാവരും കലാപമുണ്ടാക്കിയെന്ന കുറ്റകൃത്യത്തില്‍ പങ്കാളികളാകുമെന്ന് ഐ പി സി 146ാം വകുപ്പ് പറയുന്നു.


കോടതികളില്‍

സേനയെ ഉപയോഗിക്കുന്നതിന് മുമ്പ് മൂന്ന് ഉപാധികള്‍ നിറവേറ്റണ്ടതുണ്ടെന്ന് 1979ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
1. അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയുള്ള നിയമവിരുദ്ധ ഒത്തുകൂടലാകണം, അല്ലെങ്കില്‍ ക്രമസമാധാനത്തെ ബാധിക്കാന്‍ തക്കവിധമുള്ള അഞ്ചോ അതിലധികം പേരുടെയോ ഒത്തുചേരലാകണം.
2. പിരിഞ്ഞു പോകാന്‍ ജനക്കൂട്ടത്തിന് ഉത്തരവ് നല്‍കണം.
3. ഉത്തരവ് നല്‍കിയിട്ടും ജനക്കൂട്ടം പിരിഞ്ഞു പോകാതിരിക്കണം.

ഐക്യരാഷ്ട്രസഭയില്‍

ബലപ്രയോഗവും ആയുധവും ഉപയോഗിക്കുന്നതിന് മുമ്പ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അക്രമരഹിത മാര്‍ഗങ്ങള്‍ നിയമപാലകര്‍ അവലംബിക്കണമെന്ന് കുറ്റകൃത്യം തടയല്‍, കുറ്റവാളികളെ കൈകാര്യം ചെയ്യല്‍ എന്നിവയെ സംബന്ധിച്ചുള്ള 1990ലെ ഹവാന യു എന്‍ സമ്മേളനം പ്രമേയം പാസ്സാക്കിയിട്ടുണ്ട്. സമാധാനവഴികള്‍ നിഷ്ഫലമാണെങ്കിലാണ് ബലപ്രയോഗവും ആയുധമുപയോഗവും നടത്തേണ്ടത്. ബലപ്രയോഗവും ആയുധവും ഒഴിവാക്കാന്‍ തന്നെയാണ് നിയമപാലകര്‍ പരമാവധി ശ്രദ്ധിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ഗൗരവവും പ്രവര്‍ത്തനത്തിന്റെ നിയമാനുസൃത ലക്ഷ്യവും കാണേണ്ടത് അനിവാര്യമാണ്. നാശനഷ്ടവും പരുക്കും കുറക്കുകയും മനുഷ്യ ജീവനെ മാനിക്കുകയും സംരക്ഷിക്കുകയും എന്ന ലക്ഷ്യത്തിലധിഷ്ഠിതമാകണം ഇത്തരം പ്രവര്‍ത്തനങ്ങള്‍. നിയമപാലകരുടെ ബലപ്രയോഗവും ആയുധമുപയോഗവും അനിയന്ത്രിതമോ ദുരുപയോഗമോ ചെയ്യുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇത്തരം ഉദ്യോഗസ്ഥരെ നിയമമനുസരിച്ച് ശിക്ഷിക്കണമെന്നും യു എന്‍ പ്രമേയത്തില്‍ പറയുന്നു.