Connect with us

National

നിയമം നടപ്പാക്കുന്നത് എനിക്കൊന്ന് കാണണം; അമിത് ഷായെ വെല്ലുവിളിച്ച് മമത

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ബംഗാളിലെങ്ങും ബി ജെ പി വിരുദ്ധ വികാരമായി പടര്‍ത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. തുടര്‍ച്ചയായി മൂന്നാം ദിനവും ആയിരങ്ങളെ അണിനിരത്തി മാര്‍ച്ച് നടത്തിയ മമത കേന്ദ്ര സര്‍ക്കാറിനും ആഭ്യന്തരമന്തി അമിത് ഷാക്കുമെതിരെ ഇന്ന് ആഞ്ഞടിച്ചു. ബി ജെ പി നേതാവ് മാത്രമല്ല രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്ന്കൂടിയാണ് താനെന്ന് അമിത് ഷാ ഓര്‍ക്കണമെന്ന് മമത ആവശ്യപ്പെട്ടു. രാജ്യത്തിന് തീയിടലല്ല, തീയണക്കലാണ് ആഭ്യന്തരമന്ത്രിയുടെ ജോലി. സ്വന്തം പാര്‍ട്ടി നേതാക്കളെ നിയന്ത്രിക്കണം. രാജ്യത്തെ സംരക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാകണം. നിങ്ങള്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് എനിക്ക് കാണണമെന്നും മമത വെല്ലുവിളിച്ചു.

രാജ്യം മുഴുവന്‍ കരുതല്‍ തടങ്കലാക്കി മാറ്റുകയാണ് ബി ജെ പി ലക്ഷ്യം. ബി ജെ പിയുടെ ആഗ്രഹം രാജ്യത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ല. “സബ്ക സാത് സബ്ക വികാസ്” എന്നാണ് ബി ജെ പി പറയുന്നതെങ്കിലും എല്ലാവര്‍ക്കും ദുരിതമാണ് നല്‍കുന്നതെന്നും മമത ആരോപിച്ചു.

ആയിരക്കണക്കിനാളുകളാണ് ഇന്ന് ഹൗറാ മൈതാനത്തു നിന്നാരംഭിച്ച മമതയുടെ റാലിയില്‍ അണിചേര്‍ന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും നടന്ന റാലിക്ക് സമാനമായിരുന്നു ഇന്നത്തേയും റാലി.