Connect with us

National

നിര്‍ഭയ പ്രതികളുടെ വധശിക്ഷ നീളും: മരണ വാറണ്ട് ഉടനില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  സുപ്രീം കോടതി വധശിക്ഷ വിധിച്ച നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കും ദയാഹരജി ഊള്‍പ്പെടെയുള്ള നിയമനടപടി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതി സമയം അനുവദിച്ചു. പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാവ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി പ്രതികള്‍ക്ക് നിയമാനുസൃതമുള്ള ആനുകൂല്ല്യം നല്‍കിയത്. ദയാഹരജി സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പുതിയ നോട്ടീസ് പുറപ്പെടുവിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. നിര്‍ഭയയുടെ മാതാവിന്റെ ഹരജി അടുത്തമാസം ഏഴിന് കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപ്പരിശോധന ഹരജി ഇന്ന് തള്ളിയ സുപ്രീം കോടതി വധശിക്ഷ ശരിവെച്ചിരുന്നു. പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹരജി ഇതിന് പിന്നാലെ വിചാരണ കോടതി പരിഗണിച്ചപ്പോള്‍ മരണവാറണ്ട് അടക്കമുള്ള ഉത്തരവുകള്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാനാകൂവെന്ന് കോടതി അറിയിക്കുകയായിരുന്നു.

നിങ്ങളോട് സഹതാപമുണ്ടെന്ന് നിര്‍ഭയയുടെ മാതാവിനോട് പറഞ്ഞ കോടതി പ്രതികള്‍ക്ക് അവരുടേതായ അവകാശങ്ങളുണ്ടെന്നും വ്യക്തമാക്കി. എവിടെപോയാലും പ്രതികളുടെ അവകാശങ്ങളെക്കുറിച്ചാണ് ഞങ്ങളോട് പറയുന്നതെന്നും ഞങ്ങള്‍ക്കും അവകാശങ്ങളില്ലേ എന്നും നിര്‍ഭയയുടെ അമ്മ കണ്ണീരോടെ പറഞ്ഞു. നിങ്ങളെ കേള്‍ക്കാനും പിന്തുണയ്ക്കാനുമാണ് കോടതിയുള്ളതെന്നും പക്ഷേ, നിയമങ്ങള്‍ പിന്തുടരാന്‍ ബാധ്യസ്ഥരാണെന്നുമായിരുന്നു കോടതിയുടെ മറുപടി.

 

Latest