Connect with us

Kerala

പൗരത്വ നിയമ ഭേദഗതി: ഗവര്‍ണര്‍ സംസാരിക്കുന്നത് ബി ജെ പിയുടെ ഭാഷയില്‍: കെ പി എ മജീദ്

Published

|

Last Updated


കോഴിക്കോട് |
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ നടത്തിയ പ്രസ്താവന ബി ജെ പിയുടെ സ്വരത്തിലുള്ളതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കേരളം ഒറ്റക്കെട്ടായാണ് പൗരത്വ ഭേദഗതി ബില്ലിനോട് പ്രതികരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും ആ വികാരത്തിനൊപ്പമാണ്. സംസ്ഥാനങ്ങളുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. കേന്ദ്രം പാസ്സാക്കുന്ന നിയമങ്ങളെല്ലാം അപ്പടി അനുസരിക്കണമെന്ന ഗവര്‍ണറുടെ തിട്ടൂരം കേരളത്തില്‍ വിലപ്പോകില്ല. ഏകാധിപത്യ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. പൗരത്വ ബില്ലിനെതിരായ സമരങ്ങളില്‍ സജീവമായ കേരളത്തിലെ ജനങ്ങള്‍ ഗവര്‍ണറുടെ വാദങ്ങളെ അംഗീകരിക്കില്ല.

നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഗവര്‍ണര്‍ പ്രസ്താവിച്ചത്. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ ഗവര്‍ണറുടെ ഔദാര്യത്തിന്റെ ആവശ്യമില്ല. പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യങ്ങളെ നിഷേധിക്കുന്നതാണ്. മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. കേരളത്തിലെ ജനങ്ങളെ നയിക്കാന്‍ ഇവിടെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ, മത നേതാക്കളുണ്ട്. സംഘ്പരിവാറിന്റെ ഇഷ്ടപുത്രന്മാരുടെ അഭിപ്രായം മുഖവിലക്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.