അമിത് ഷായുടെ വാക്കുകള്‍ ആളിപ്പടരുന്ന പ്രക്ഷോഭത്തെ തണുപ്പിക്കാന്‍ വേണ്ടിയുള്ള തന്ത്രം: ഇ ടി മുഹമ്മദ് ബഷീര്‍ എം പി

Posted on: December 15, 2019 12:48 pm | Last updated: December 15, 2019 at 12:48 pm


കോഴിക്കോട് | പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം ആലോചിക്കാമെന്ന അമിത് ഷായുടെ വാക്കുകള്‍ ആളിപ്പടരുന്ന പ്രക്ഷോഭത്തെ തണുപ്പിക്കാന്‍ വേണ്ടിയുള്ള തന്ത്രം മാത്രമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രഖ്യാപനം അനുകൂലമായ പ്രതികരണമാവാന്‍ ഒരു ന്യായവുമില്ലെന്നും ഇ ടി ബഷീര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ പ്രതിഷേധം വ്യാപകമായതിന് പിന്നാലെ പുതിയ നിയമം തിരിച്ചടിക്കുന്നുവെന്ന് കൃത്യമായി അമിത് ഷാക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം തങ്ങളുടെ വോട്ട് ബേങ്കിനെ തന്നെ ഇത് ഗൗരവമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് അദ്ദേഹത്തിന് ഇക്കാര്യം പറയേണ്ടി വന്നത്.

പുതിയ നിയമത്തിലെ വിവേചനം ലളിതമായി പരിഹരിക്കാവുന്നതെയുള്ളൂ. ക്രിസ്മസിന് ശേഷം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് അദ്ദേഹം പറയുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നടക്കം ഉണ്ടായ പ്രതിഷേധങ്ങളെ ചെറുത്ത് നില്‍ക്കാന്‍ മറ്റു വഴികളില്ലെന്ന് ബി ജെ പി മനസ്സിലാക്കി. അവിടങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ബി ജെ പിക്ക് പേടി ഉണ്ടാക്കിയിട്ടുണ്ട്. പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാനുള്ള സൂത്രമായേ അമിത് ഷായുടെ പ്രഖ്യാപനത്തെ കാണേണ്ടതുള്ളൂ എന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.