Connect with us

Articles

എല്ലാ പ്രക്ഷോഭങ്ങളും ഒരു പോലെയല്ല

Published

|

Last Updated

പൗരത്വ ഭേദഗതി ബില്‍ നിയമമായതോടെ രാജ്യത്താകെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ബി ജെ പിയെയും കേന്ദ്ര സര്‍ക്കാറിനെയും ഏറ്റവും കൂടുതല്‍ അലട്ടുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമാസക്ത പ്രക്ഷോഭമാണ്. മറ്റിടങ്ങളിലേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇവ. രാജ്യത്തെ ജനാധിപത്യവാദികളെ ഒരു നിലക്കും ആവേശഭരിതരാക്കാവുന്ന ഉള്ളടക്കമല്ല അവക്കുള്ളത്. ഇന്ന് രാജ്യത്ത് ശക്തിയാര്‍ജിക്കേണ്ട പോരാട്ടം മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ളതാണ്. പൗരത്വത്തിന്റെ അടിസ്ഥാനം മതമായി മാറുകയെന്ന അട്ടിമറിയാണല്ലോ അരങ്ങേറിയത്. ഭരണഘടനയുടെ 14, 15, 21, 25 വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് പൗരത്വ ഭേദഗതി നിയമത്തിലുടെ നടന്നിരിക്കുന്നത്. അത് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ദീര്‍ഘകാല അജന്‍ഡയുടെ പൂര്‍ത്തീകരണമാണ്.

ആരായിരിക്കണം ഇന്ത്യന്‍ പൗരന്‍ എന്നതിന് ഗോള്‍വാള്‍ക്കറും സവര്‍ക്കറും നല്‍കുന്ന ഉത്തരമാണ് തിടുക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ നീക്കം അല്‍പ്പം വേഗത്തിലായെന്നേയുള്ളൂ, സംഘ്പരിവാറിന് രാഷ്ട്രീയ മേല്‍ക്കൈ ലഭിക്കുമ്പോള്‍ ഈ ദിശയില്‍തന്നെ നീങ്ങുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. അതിനാണ് അവര്‍ ഗാന്ധിയെ കൊന്നത്, ബാബരി മസ്ജിദ് തകര്‍ത്തത്, ഗുജറാത്ത് വംശഹത്യ നടത്തിയത്, അനേകായിരം കലാപങ്ങള്‍ക്ക് അഗ്നി പകര്‍ന്നത്. ഈ ദീര്‍ഘകാല പ്രവര്‍ത്തന പദ്ധതിയുടെ വിളവാണ് പാകമാകും മുമ്പേ കൊയ്യുന്നത്.

മതരാഷ്ട്രത്തിലേക്കുള്ള അത്യന്തം അപകടകരമായ ചുവടുവെപ്പാണ് പൗരത്വ ഭേദഗതി ബില്ല്. അതുകൊണ്ടാണ് ബുദ്ധിയുള്ള മുഴുവന്‍ മനുഷ്യരും തെരുവിലിറങ്ങുന്നത്. മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം ഈ ജനാധിപത്യ ഐക്യനിരയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍, വടക്കു കിഴക്കന്‍ മേഖലയിലെ പ്രക്ഷോഭങ്ങള്‍ക്ക് വംശീയ ഉള്ളടക്കമാണ് ഉള്ളത്. അപകടകരമായ കുടിയേറ്റവിരുദ്ധതയാണ് അവര്‍ക്ക്. പൗരത്വ ഭേദഗതി മൂലം കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യക്കാരാക്കാന്‍ പോകുന്ന ഹിന്ദുക്കളടക്കമുള്ളവരെ നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് അവര്‍ ആക്രോശിക്കുന്നത്. ഗുവാഹത്തിയില്‍ ബി ജെ പി ഓഫീസിന് തീയിട്ടു. പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു. മേഘാലയയിലും മിസോറാമിലും ത്രിപുരയിലുമെല്ലാം ആയുധമേന്തിയ യുവാക്കള്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകർക്കുകയാണ്. അമിത് ഷാ തന്നെയാണ് അവരുടെ ഉന്നം. പ്രതിഷേധം തണുപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം ബി ജെ പി നടത്തുന്നുണ്ട്. ഏശുന്നില്ലെന്ന് മാത്രം.

അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ പുറത്തായ ബംഗാളി ഹിന്ദുക്കളെ സംരക്ഷിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന്റെ അടിയന്തര ലക്ഷ്യം. വര്‍ഗീയ വിഭജനവും മുസ്‌ലിംകളെ രണ്ടാം നിര പൗരന്‍മാരാക്കലും മുസ്‌ലിം രാഷ്ട്രങ്ങളിലെല്ലാം വര്‍ഗീയ വിവേചനം നിലനില്‍ക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കലുമെല്ലാം ദീര്‍ഘകാല ലക്ഷ്യങ്ങളാണ്.

പ്രാഥമിക ലക്ഷ്യത്തില്‍ തന്നെ ബി ജെ പി പരാജയപ്പെട്ടുവെന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭം വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന സംശയങ്ങളും ആശങ്കകളും പ്രതിഷേധങ്ങളും അടിസ്ഥാനരഹിതമല്ലെന്നാണ്് ബി ജെ പി നേതാവും അസം സ്പീക്കറുമായ ഹിതേന്ദ്ര നാഥ് ഗോസ്വാമി വ്യക്തമാക്കിയത്. രാജ്യസഭയില്‍ ബില്ല് പാസ്സായപ്പോള്‍ തന്നെ അതിനെതിരെ പറയണമെന്ന് തോന്നിയതാണ്. എന്നാല്‍, സ്പീക്കര്‍ പദവിയിലിരിക്കുന്ന താന്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ജനവികാരം ഇത്രയും ശക്തമായ സാഹചര്യത്തില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ അഭിപ്രായം തുറന്ന് പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അസമിന്റെ സ്വത്വം തകര്‍ക്കുന്ന ഒന്നിലും താന്‍ കൂട്ടു നില്‍ക്കില്ല. അസമില്‍ ബി ജെ പിയിലേക്ക് വന്ന പ്രമുഖ നടന്‍ രാജിവെച്ചു. ചിലയിടങ്ങളില്‍ ബി ജെ പി കമ്മിറ്റികള്‍ പിരിച്ചുവിടേണ്ടി വരെ വന്നു.

1971ലെ യുദ്ധകാലത്ത് ബംഗ്ലാദേശില്‍ നിന്ന് അസം അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് ഒരുപാട് പേര്‍ കുടിയേറിയെന്നും ഇത് സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും വാദിച്ച്, കറകളഞ്ഞ അസം വംശജരെന്ന് അവകാശപ്പെടുന്ന ചില തീവ്രവലതുപക്ഷ സംഘങ്ങള്‍ അക്രമാസക്ത പ്രക്ഷോഭം തുടങ്ങിയതോടെയാണ് അസമിലെ പൗരത്വം പ്രശ്‌നവത്കരിക്കപ്പെടുന്നത്. വല്ലാത്ത സമ്മര്‍ദശക്തിയുണ്ടായിരുന്നു ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (ആസു) അടക്കമുള്ള ഗ്രൂപ്പുകള്‍ക്ക്. 1951ലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കണമെന്ന തീരുമാനത്തില്‍ ഭരണകര്‍ത്താക്കള്‍ എത്തുന്നത് അങ്ങനെയാണ്.

അഭയാര്‍ഥികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമായതോടെ 1982ല്‍ കേന്ദ്ര സര്‍ക്കാറും അസം പ്രക്ഷോഭകാരികളും തമ്മിലുണ്ടാക്കിയ ഉടമ്പടി മൂന്ന് തീരുമാനങ്ങളെടുത്തു- 1961നു മുമ്പ് അസമില്‍ എത്തിയവര്‍ക്ക് പൗരത്വം നല്‍കുക, 1961നും 71നും ഇടയില്‍ എത്തിയവരുടെ കാര്യം പിന്നീട് തീരുമാനിക്കുക, 1971നു ശേഷം എത്തിയവരെ നാടുകടത്തുക. ഇതിനു ശേഷം വന്ന സര്‍ക്കാറുകള്‍ 1990കളിലും 2015 വരെയും ഈ തീരുമാനങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ ശ്രമിച്ചില്ല. നാഷനല്‍ സിറ്റിസണ്‍ രജിസ്റ്റര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 2015ല്‍ സുപ്രീം കോടതി ഉത്തരവിട്ടു. 2016ല്‍ അസമില്‍ ബി ജെ പി അധികാരത്തില്‍ വന്നതോടെ ഈ ദിശയിലുള്ള നടപടികള്‍ വേഗത്തിലായി.

1951ലെ സെന്‍സസില്‍ ഉള്‍പ്പെട്ടവര്‍, 1971 മാര്‍ച്ച് 25ന് മുമ്പുള്ള വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍, ഇവരുടെ പിന്മുറക്കാര്‍, 1966 ജനുവരി ഒന്നിന് ശേഷവും 1971 മാര്‍ച്ച് 25ന് മുമ്പും കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടു കൂടി അസമിലേക്ക് വന്നവര്‍, അസമിലെ ആദിമ നിവാസികള്‍ തുടങ്ങിയവര്‍ക്കാണ് അസം പൗരത്വ പട്ടികയില്‍ ഇടം നേടാനാകുക. രേഖകളില്ലാതെ നേരത്തേ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയവരെ “ഡി” വിഭാഗത്തില്‍ (സംശയാസ്പദ വോട്ടര്‍മാര്‍) ഉള്‍പ്പെടുത്തും.

അന്തിമ പൗരത്വ രജിസ്റ്റര്‍ വന്നപ്പോള്‍ പുറത്തായ 19 ലക്ഷം പേരില്‍ മഹാഭൂരിപക്ഷവും അനധികൃത കുടിയേറ്റക്കാരാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ഇന്ന് തെരുവിലുള്ളത്. അവരുടെ ചെവിയില്‍ വേദമോതിയിട്ടു ഒരു കാര്യവുമില്ല. പേടിപ്പിച്ച് നിര്‍ത്താനുമാകില്ല. മുസ്‌ലിംകളെ ഒഴിവാക്കുകയെന്ന ക്രൂരതയൊന്നും ഇവരുടെ രോഷത്തിന് ശമനൗഷധമാകില്ല. പുറത്തുള്ള ഒരാളെയും ഞങ്ങള്‍ അടുപ്പിക്കില്ല. ഈ ലൈനിലാണ് കാര്യങ്ങള്‍.

ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ട ഇക്കൂട്ടര്‍ ഇങ്ങനെ തിരിഞ്ഞുനില്‍ക്കുന്നത് ബി ജെ പിക്ക് സഹിക്കുന്നില്ല. എന്‍ ആര്‍ സി പ്രസിദ്ധീകരിച്ചപ്പോള്‍ അസം തീവ്ര സംഘടനകള്‍ നയം വ്യക്തമാക്കിയതാണ്. പൗരത്വ പട്ടിക കൂടുതല്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് അസമിലെ “യഥാര്‍ഥ പൗരന്‍”മാരുടെ സംഘടന രംഗത്തുവന്നുകഴിഞ്ഞു. പട്ടികയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അസമിലെ യഥാര്‍ഥ പൗരന്‍മാരെന്ന് അവകാശപ്പെടുന്ന വിവിധ വര്‍ഗ, വിഭാഗങ്ങളുടെ സംയുക്ത കൂട്ടായ്മയാണ് അസം സാന്‍മിലിത മഹാസംഘ (എ എസ് എം).

1971 മാര്‍ച്ച് 25ന് പകരം 1951 അടിസ്ഥാന വര്‍ഷമായി പരിഗണിച്ച് പട്ടിക തയ്യാറാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇക്കാര്യത്തില്‍ തങ്ങള്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി പ്രസ്താവിക്കുന്നത് വരെ എങ്ങനെ ഇത് അന്തിമ പട്ടികയായി അംഗീകരിക്കാനാകുമെന്ന് എ എസ് എം ചോദിക്കുന്നു. ഇതും പറഞ്ഞ് വാളോങ്ങി നില്‍ക്കുന്നവര്‍ക്ക് മുമ്പിലേക്കാണ് അമിത് ഷായുടെ “നവ പൗരന്‍മാര്‍” വരാന്‍ പോകുന്നത്.

ഭേദഗതിയില്‍ നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളെ ഒഴിവാക്കി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഒരു പക്ഷേ അമിത് ഷാക്ക് കഴിഞ്ഞേക്കാം. പക്ഷേ, തീവെക്കപ്പെട്ട ബി ജെ പി ഓഫീസുകളുടെ ചിത്രം ഒന്ന് വിളിച്ചു പറയുന്നു. നിങ്ങൾ ഇളക്കി വിട്ടവര്‍ ഒരു നാള്‍ നിങ്ങള്‍ക്ക് നേരെ തന്നെ തിരിയും. ഇത് ചരിത്രത്തിന്റെ മനോഹരമായ പകരം വീട്ടലാണ്. ബ്രിട്ടീഷ് രാജില്‍ ഇന്ത്യയും പാക്കിസ്ഥാനും അഫ്ഗാനും ബംഗ്ലാദേശുമെല്ലാം ഒറ്റ ഭൂവിഭാഗമായിരുന്നുവല്ലോ. അതുകൊണ്ട് ഈ പ്രദേശങ്ങളില്‍ നിന്ന് അസമിലെ ചായത്തോട്ടങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ തൊഴിലാളികളെ കൊണ്ടുവന്നു. ആദ്യം പുരുഷന്‍മാരും പിന്നീട് സ്ത്രീകളും വന്നു. പിന്നെ കുടുംബങ്ങളും. അവര്‍ ഇവിടെ താമസിച്ചു. ജീവിതം പടുത്തുയര്‍ത്തി.

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ മനുഷ്യര്‍ അന്യരാണെന്ന് ആക്രോശിച്ച് അസം മേഖലയിലെ തദ്ദേശീയരെന്ന് അവകാശപ്പെടുന്നവര്‍ കലാപം തുടങ്ങിയപ്പോള്‍ ആ തീയിലേക്ക് എണ്ണയൊഴിച്ചവരാണ് സംഘ്പരിവാറുകാര്‍.
അന്ന് ആളെക്കൊല്ലാനിറങ്ങിയ അതേ ആസു (ആള്‍ അസം സ്റ്റുഡന്റ്‌സ് യുനിയന്‍)വാണ് ഇന്ന് ബി ജെ പിയുടെ ഓഫീസ് കത്തിക്കുന്നത്, പോലീസിനെ ആക്രമിക്കുന്നത്. ബോഡോ തീവ്രവാദമടക്കമുള്ള മണ്ണിന്‍ മക്കള്‍ വാദം ശക്തമായ 1983 മുതല്‍ അസമില്‍ 14,000 മുസ്‌ലിംകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 1993ലും 94ലും 97ലുമെല്ലാം കലാപങ്ങള്‍ നടന്നു.

നെല്ലി കലാപം ഇതില്‍ ഏറ്റവും ഭീകരമായിരുന്നു. അന്ന് മാത്രം 3,500പേര്‍ കൊല്ലപ്പെട്ടു. വോട്ടര്‍പ്പട്ടികയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തി തുടങ്ങിയ അക്രമാസക്ത പ്രക്ഷോഭമാണ് ആ കൂട്ടക്കൊലയിലേക്ക് നയിച്ചത്. കേന്ദ്രത്തിലും സംസ്ഥാനത്തും അന്ന് കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നത്. ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ എന്ന തീവ്രവലതുപക്ഷ സംഘടന അന്നുയര്‍ത്തിയ മുദ്രാവാക്യം ബംഗാളി സംസാരിക്കുന്നവരെ മുഴുവന്‍ പുറത്താക്കണമെന്നായിരുന്നെങ്കിലും ആക്രമിക്കപ്പെട്ടത് മുസ്‌ലിംകളായിരുന്നു.

അമിത് ഷായെ പ്രതിസന്ധിയിലാക്കുന്നുവെന്ന കാരണം കൊണ്ട് വേണമെങ്കില്‍ അസമിലെ സമരാഗ്നിയുടെ പടം ഒന്നാം പേജില്‍ കൊടുക്കുകയും ടൈംലൈനിൽ നിറക്കുകയും ചെയ്യാം. അതിനപ്പുറത്തേക്ക് ചെല്ലുമ്പോള്‍ സംഘ്‌രാഷ്ട്രീയത്തെപ്പോലെ തന്നെ ഇവയെയും ശക്തമായി എതിര്‍ക്കേണ്ടി വരും. പൗരത്വ ഭേദഗതി ബില്‍ വല്ലാത്തൊരു കെണിയാണ്. അത് മനുഷ്യരില്‍ സൃഷ്ടിക്കുന്ന ആധി ആരൊക്കെയാണ് മുതലെടുക്കുകയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മുസ്‌ലിംകള്‍ മാത്രമായി ക്ഷോഭിക്കേണ്ട ഒരു വിഷയമല്ല ഇത്. കൂടെക്കൂട്ടാവുന്നവരെ മുഴുവന്‍ കൂട്ടിയാകണം പ്രതിരോധം. കേരളത്തില്‍ പേരില്ലാ ഹര്‍ത്താലുകള്‍ നടക്കണമെന്നും അരാജക മുദ്രാവാക്യങ്ങള്‍ മുഴങ്ങണമെന്നും വ്യാപക അക്രമം അരങ്ങേറണമെന്നും സംഘ്പരിവാര്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ പ്രക്ഷോഭങ്ങളും പ്രക്ഷോഭങ്ങളല്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest