Connect with us

Editorial

ശബരിമലയും കോടതിയുടെ ഒഴിഞ്ഞുമാറ്റവും

Published

|

Last Updated

തന്ത്രപരമായ ഒഴിഞ്ഞു മാറ്റമാണ് ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് യുവതികള്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതിയുടെ വിധിപ്രസ്താവം. “നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ദര്‍ശനം നടത്തിക്കോളൂ. പ്രാര്‍ഥിച്ചോളൂ, ഞങ്ങള്‍ക്കതില്‍ ഒരു പ്രശ്‌നവുമില്ല. എന്നാല്‍, സുരക്ഷ ഉറപ്പാക്കണമെന്നു ഉത്തരവിറക്കാനാകില്ല” എന്നായിരുന്നു രഹ്‌നയും ബിന്ദു അമ്മിണിയും നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ചിന്റെ പ്രതികരണം. “വളരെ വൈകാരികമായ അന്തരീക്ഷമാണ് ശബരിമലയില്‍ നിലനില്‍ക്കുന്നത്. ആയിരം വര്‍ഷമായി നിലനില്‍ക്കുന്ന ആചാരമാണ് ഇത്. വിഷയം വിശാല ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്. ആത്യന്തിക വിധി നിങ്ങള്‍ക്കനുകൂലമെങ്കില്‍ തീര്‍ച്ചയായും അന്ന് നിങ്ങള്‍ക്ക് ഞങ്ങള്‍ സംരക്ഷണം നല്‍കുമെ”ന്നാണ് പരമോന്നത കോടതിയുടെ നിലപാട്. അതേസമയം, യുവതീപ്രവേശത്തിനു അനുമതി നല്‍കുന്ന ഉത്തരവിന് സ്റ്റേ നല്‍കാന്‍ ബഞ്ച് വിസമ്മതിക്കുകയും ചെയ്തു.

2018 സെപ്തംബര്‍ 28 ലെ വിധി പ്രസ്താവത്തിലൂടെ സുപ്രീംകോടതി തന്നെയാണ് ശബരിമല ദര്‍ശനത്തിന് യുവതികള്‍ക്ക് പ്രേരണയും ആവേശവും നല്‍കിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ചവിട്ടാമെന്നായിരുന്നു ഭരണഘടനാ ബഞ്ചിന്റെ അന്നത്തെ വിധി. യുവതികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ലിംഗ വിവേചനവും അവരെ തരംതാഴ്ത്തലും പ്രാര്‍ഥന നടത്താനുള്ള ഹൈന്ദവ സ്ത്രീകളുടെ അവകാശം നിഷേധിക്കലുമാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഒഴികെയുള്ള നാല് പേരും നിരീക്ഷിക്കുകയും ചെയ്തു. ദര്‍ശനം വിലക്കിക്കൊണ്ടുള്ള 1991ലെ കേരള ഹൈക്കോടതിയുടെ ഉത്തരവും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീപ്രവേശനം വിലക്കിയിരുന്ന 1965ലെ കേരള ക്ഷേത്രപ്രവേശന ചട്ടത്തിലെ മൂന്ന് (ബി) ചട്ടവും കോടതി റദ്ദാക്കുകയും ചെയ്തു. പുരുഷാധിപത്യമാണ് പ്രവേശന വിലക്കിനുള്ള മൂലകാരണമെന്നും ആള്‍ക്കൂട്ട ധാര്‍മികതയെ അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുമത വിശ്വാസത്തിന്റെ പ്രധാനഭാഗമായ ക്ഷേത്രദര്‍ശനത്തിനും പ്രാര്‍ഥനക്കും സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന് നാല് ജഡ്ജിമാരും ഏകസ്വരത്തില്‍ പറയുകയും ചെയ്തു.

കോടതി ഉത്തരവിന്റെ വെളിച്ചത്തിലാണ് കഴിഞ്ഞ വര്‍ഷം ചേര്‍ത്തല സ്വദേശിനി ലിബിയും ആക്ടിവിസ്റ്റ് രഹനയും മാധ്യമപ്രവര്‍ത്തക കവിത ജക്കാലയും കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയും കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൊല്ലം ചാത്തന്നൂര്‍ സ്വദേശി മഞ്ജുവും ആന്ധ്ര ഗുണ്ടൂര്‍ സ്വദേശികളായ വാസന്തിയുമെല്ലാം മലകയറാന്‍ എത്തിയത്. എന്നാല്‍, സംഘ്പരിവാറിന്റെ എതിര്‍പ്പ് കാരണം ഇവര്‍ക്കെല്ലാം ദര്‍ശനം നടത്താന്‍ സാധിക്കാതെ തിരിച്ചുപോരേണ്ടി വന്നു. നേരത്തേ ലിംഗനീതിയെക്കുറിച്ചും ആള്‍ക്കൂട്ട ആക്രമണം അംഗീകരിക്കാനാവില്ലെന്നും ശക്തമായ ഭാഷയില്‍ പറഞ്ഞ കോടതി സംഘ്പരിവാര്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടി സന്ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്കനുകൂലമായി ഉത്തരവിറക്കാനാകില്ലെന്ന് ഇപ്പോള്‍ പറയുന്നതിലെ ഔചിത്യം മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ആള്‍ക്കൂട്ടത്തെ കോടതിയും ഭയപ്പെടുന്ന സ്ഥിതി സംജാതമായാല്‍ ജനങ്ങൾ എങ്ങനെ നീതിപീഠത്തിൽ പ്രതീക്ഷ അര്‍പ്പിക്കും?

മതങ്ങളെയും ആചാരങ്ങളെയും തള്ളിപ്പറയുന്നതാണ് പുരോഗമനമെന്ന വിചാരം പൊതുമണ്ഡലത്തെ പിടികൂടിയ ഇന്നത്തെ സാഹചര്യത്തില്‍ ശബരിമല യുവതീപ്രവേശത്തിനനുകൂലമായ വിധി വ്യാപകമായി സ്വാഗതം ചെയ്യപ്പെടുമെന്നാണ് കരുതപ്പെട്ടിരുന്നത്. കോടതിയും അതായിരിക്കും നിനച്ചത്. വിധി വരുന്നതിന് മുമ്പ് കേന്ദ്ര ഭരണകക്ഷിയായ ബി ജെ പിയും അവരെ നിയന്ത്രിക്കുന്ന ആര്‍ എസ് എസും യുവതീ പ്രവേശത്തിന് അനുകൂലവുമായിരുന്നു. എന്നാല്‍, വിധി വന്നതോടെ സവര്‍ണ ബോധം പൊതുബോധത്തെ ഹൈജാക്ക് ചെയ്യുകയും കാര്യങ്ങളാകെ മാറിമറിയുകയുമാണ് ചെയ്തത്. അതോടെ ബി ജെ പിയും ആര്‍ എസ് എസും കോണ്‍ഗ്രസുമെല്ലാം നിലപാട് മാറ്റി. ശബരിമലയും പരിസരവും സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിലേക്ക് നീങ്ങി. കോടതിവിധി നടപ്പാക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത ഇടത് സര്‍ക്കാറിന് പോലും അതിന് മുന്നില്‍ പകച്ചുനില്‍ക്കാനേ ആയുള്ളൂ. ആചാരത്തോടുള്ള ആഭിമുഖ്യമായിരുന്നില്ല, രാഷ്ട്രീയ മുതലെടുപ്പായിരുന്നു പലരുടെയും ലക്ഷ്യം. സുപ്രീം കോടതിയുടെ സ്വരത്തില്‍ വന്ന മാറ്റത്തിന് സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിലെ ഗതിമാറ്റവുമായി ബന്ധമുണ്ടാകുമോ? ഭരണഘടനാ തത്വങ്ങളെയും അടിസ്ഥാന നിയമ തത്വങ്ങളെയും മറികടന്ന് പൊതുബോധം വിധികളെ സ്വാധീനിക്കുന്ന ധാരാളം അനുഭവങ്ങള്‍ ഇന്ത്യന്‍ ജൂഡീഷ്യറിയിലുണ്ടായിട്ടുണ്ടെന്ന് ഈയിടെ സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉള്‍പ്പെടെയുള്ള പ്രസ്തുത മേഖലയിലെ പലരും ചൂണ്ടിക്കാട്ടിയതാണ്.

മതപരമായി അതിവൈകാരികതയുള്ള വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് ഭരണഘടനാ ബഞ്ചിലെ വനിതാ അംഗമായ ഇന്ദു മല്‍ഹോത്ര 2018ലെ വിധിയിലെ തന്റെ വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയതാണ്. ബഹുസ്വര സമൂഹമായ ഇന്ത്യയില്‍ യുക്തിരഹിതമായ ആചാരങ്ങള്‍ക്കുപോലും സ്വാതന്ത്ര്യം അനുവദിക്കേണ്ടതാണെന്ന് ഭരണഘടനാ വകുപ്പുകളുടെ പിന്‍ബലത്തില്‍ അവര്‍ സമര്‍ഥിച്ചിരുന്നു. യുവതികളെ മലകയറാന്‍ അനുവദിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. അക്രമ സാധ്യതയുള്ളതിനാല്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കാനാവില്ലെന്ന കഴിഞ്ഞ ദിവസത്തെ കോടതി വിധി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വാക്കുകളെയാണ് ഓര്‍മിപ്പിക്കുന്നത്. നേരത്തേ ആള്‍ക്കൂട്ട ധാര്‍മികതയെ അംഗീകരിക്കില്ലെന്ന് കടുത്ത ഭാഷയില്‍ പറഞ്ഞ കോടതി ഇപ്പോള്‍ അതിനു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്.