National
ഭയപ്പെടേണ്ട സാഹചര്യമില്ല, ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കില്ല: പ്രധാന മന്ത്രി

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമുള്‍പ്പടെയയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കില്ലെന്നും സംസ്‌കാരത്തെ ഇല്ലാതാക്കില്ലെന്നും ഉറപ്പ് നല്‍കുന്നുവെന്ന് ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തില്‍ മോദി വ്യക്തമാക്കി.
“പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത് കൊണ്ട് അസമിലെ സഹോദരങ്ങള്‍ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ അവകാശങ്ങളും മനോഹരമായ സംസ്‌കാരവും ആര്‍ക്കും അപഹരിക്കാനാവില്ല. അസം ജനതയുടെ രാഷ്ട്രീയം, ഭാഷ, സംസ്‌കാരം, ഭൂമി അവകാശങ്ങള്‍ തുടങ്ങിയവ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഞാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്”- മോദി പറഞ്ഞു.
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കിയതോടെ അസമിലു മറ്റും കനത്ത പ്രക്ഷോഭമാണ് നടക്കുന്നത്. ഇന്ന് ഉള്‍ഫയുടെ നേതൃത്വത്തില്‍ നടക്കുന്ന ബന്ദ് തുടരുകയാണ്.
ഗുവാഹത്തിയിലും ദിബ്രുഗറിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. മൂന്നിടങ്ങളിലായി രണ്ട് കമ്പനി സൈന്യത്തെ വിന്യസിച്ചു. അസമിനു പുറമെ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം ശക്തമാണ്. 5000 അര്‍ധ സൈനികരെ കേന്ദ്ര സര്‍ക്കാര്‍ മേഖലയിലേക്ക് അയച്ചു.
അക്രമത്തിന് പ്രചോദനമേകാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്്.