Connect with us

National

ബാബ്‌രി കേസ് വിധി: പുനപ്പരിശോധനാ ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ബാബ്‌രി മസ്ജിദ് കേസിലെ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇരുപതോളം ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെയുടെ ചേംബറില്‍ അഞ്ചംഗ ബഞ്ച് ഉച്ചക്ക് ഒന്നരക്കു ശേഷമാകും ഹരജി പരിഗണിക്കുക.
അഖിലേന്ത്യ മുസ്ലി വ്യക്തി നിയമ ബോര്‍ഡ്, നിര്‍മോഹി അഖാര, ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ്, വിശ്വഹിന്ദു പരിഷത്ത് സംഘടകളുടെതുള്‍പ്പടെയുള്ള ഹരജികളാണ് പരിഗണനക്കെടുക്കുന്നത്.

മുസ്ലിങ്ങള്‍ക്ക് മസ്ജിദ് നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന ഉത്തരവ് പുനപ്പരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷതിന്റെ ഹരജിയിലെ ആവശ്യം. കേസില്‍ കക്ഷികളല്ലാത്ത 40 അക്കാദമിക വിദഗ്ധരും വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് കാട്ടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്നതിന് തെളിവൊന്നും ഇല്ലെന്നാണ് ഇവരുടെ വാദം.

സമാധാനാന്തരീക്ഷം തടസ്സപ്പെടുത്തുന്നതിനല്ല തങ്ങളുടെ ശ്രമമെന്നും മറിച്ച് സമാധാനം നീതിക്ക് അനുയോജ്യമായ രീതിയിലാകണം നടപ്പിലാക്കേണ്ടത് എന്നതാണ് നിലപാടെന്നും പല ഹരജികളിലും ഊന്നിപ്പറഞ്ഞിട്ടുണ്ട്. തൃപ്തികരമല്ലാത്ത വിധിക്കു ശേഷവും സമാധാനം നിലനിര്‍ത്താന്‍ തങ്ങള്‍ക്കു സാധിച്ചിട്ടുണ്ടെങ്കിലും അക്രമത്തിന്റെയും ന്യായരഹിതവും പക്ഷപാത പൂര്‍ണവുമായ ഇടപെടലുകളുടെയും ഇരകളാകേണ്ടി വന്നതായി മുസ്‌ലിം വിഭാഗങ്ങളുടെ ഹരജിയില്‍ വ്യക്തമാക്കുന്നു.

Latest