Connect with us

Gulf

വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങളും പാചക രീതികളുമായി അബൂദബി ഭക്ഷ്യമേളക്ക് ശുഭാരംഭം

Published

|

Last Updated

അബൂദബി | മേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യമേള സിയാല്‍ ഉപ പ്രധാനമന്ത്രിയും, പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബൂദബി അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു. അബൂദബി വിമാനത്താവളങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിലെ മന്ത്രി അഹമ്മദ് ജുമ അല്‍ സാബി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സയൂദി, ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് സായിദ് ഹാരിബ് അല്‍ മിഹെയ്രി, ബഹ്റൈന്‍ കാര്‍ഷിക വികസന വിഭാഗം മേധാവി ശൈഖ മറാം ബിന്‍ത് ഈസ അല്‍ ഖലീഫ, അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് മുബാറഖ് അല്‍ മസ്റോയി, ഭക്ഷ്യസുരക്ഷാ വകുപ്പ് ചെയര്‍മാന്‍ മുഗീര്‍ ഖാമിസ് അല്‍ ഖൈലി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിവിധ രാജ്യങ്ങളിലെ പവലിയനുകള്‍ സന്ദര്‍ശിച്ചു കമ്പനി പ്രതിനിധികളുമായി ആശയവിനിമയം നടത്തി. ഭക്ഷണം, പാനീയം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ വിദഗ്ധന്മാരുമായി ചര്‍ച്ച നടത്തിയ ശൈഖ് മന്‍സൂര്‍ അവരുടെ നൂതന ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച് ചോദിച്ചറിഞ്ഞു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ഭക്ഷണ നിര്‍മാണ രംഗങ്ങളിലെ നൂതന രീതികള്‍, ഉപകരണങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഭക്ഷ്യ പാനീയങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യ, കൊറിയ, ജപ്പാന്‍, മൊറോക്കോ, സഊദി അറേബ്യ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരാണ് തനത് ഭക്ഷണപദാര്‍ഥങ്ങളും പുത്തന്‍ കണ്ടെത്തലുകളും നിര്‍മാണ രീതികളുമായി സിയാലില്‍ പങ്കെടുക്കുന്നത്.

ബേക്കിംഗ്, സ്റ്റീമിംഗ്, റോസ്റ്റിംഗ് തുടങ്ങി വ്യത്യസ്ത ഇനം പാചകരീതികളുടെ തത്സമയ അവതരണവും ചോക്കലേറ്റുകളുടെയും കേക്കുകളുടെയും അലങ്കാര രീതികളുമെല്ലാം പ്രദര്‍ശിപ്പിപ്പിച്ചത് സന്ദര്‍ശകര്‍ക്കും കൗതുകക്കാഴ്ചയായി. സന്ദര്‍ശകര്‍ക്ക് പാചകക്കൂട്ടുകളും പാചകരീതികളും നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള സൗകര്യവും മേളയിലുണ്ട്. ഡെസേര്‍ട്ട്, കേക്കുകള്‍ എന്നിവക്കായി നടത്തുന്ന പാചക മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാചക വിദഗ്ധരാണ് പങ്കെടുക്കുന്നത്. മേളയോട് അനുബന്ധിച്ച് ഐസില്‍ ശില്‍പങ്ങള്‍ ഒരുക്കുന്ന മത്സരവും നടക്കുന്നുണ്ട്. വലിയ ബ്ലോക്കുകളായി മുറിച്ച ഐസില്‍ വ്യത്യസ്തങ്ങളായ രൂപങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

അബൂദബിയിലെ വിവിധ ഫാമുകളില്‍ വിളയിച്ച പഴങ്ങളും പച്ചക്കറികളും ജൈവ പച്ചക്കറികളും പാലും പാലുത്പന്നങ്ങളും മേളയിലുണ്ട്. അബൂദബി ഭക്ഷ്യസുരക്ഷാ വകുപ്പ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഫാര്‍മേഴ്‌സ് സര്‍വീസ് സെന്റര്‍, ബിസിനസ് സെന്റര്‍ തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളും ലുലുവിന്റെ പ്രത്യേക സ്റ്റാളും സിയാലിലുണ്ട്. ലുലുവിന്റെ സ്റ്റാളില്‍ പുതിയ ഉത്പന്നങ്ങളുടെയും ജൈവ പച്ചക്കറികളുടെയും പ്രദര്‍ശനം നടന്നു. ഷുഗര്‍ ഫ്രീയും ഓര്‍ഗാനിക്കുമായ ഉത്പന്നങ്ങളാണ് ഇപ്പോള്‍ വിപണി കൂടുതല്‍ ആവശ്യപ്പെടുന്നതെന്നും ലുലുവിന്റെ പുതിയ നിരവധി ഉത്പന്നങ്ങളാണ് വിപണിയിലെത്തിയിട്ടുള്ളതെന്നും ഗ്രൂപ്പ് എം ഡി എം. എ യൂസഫലി പറഞ്ഞു. മേളയോടനുബന്ധിച്ച് ഈന്തപ്പന പ്രദര്‍ശനവും നടക്കുന്നുണ്ട്. മേഖലയിലെ ഏറ്റവും മികച്ച ഈന്തപ്പഴവും ഈന്തപ്പനത്തൈകളും സന്ദര്‍ശകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

Latest