Connect with us

Gulf

ലുലു 2000 ടണ്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കും

Published

|

Last Updated

അബുദാബി | യു എ ഇയിലെ കാര്‍ഷിക മേഖലയുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ലു ലു ഗ്രൂപ്പ് അബുദാബിയില്‍ നിന്നും 2000 ടണ്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കും. ഇത് സംബന്ധിച്ച കരാറില്‍ ലുലു ഗ്രൂപ്പും അബുദാബി കൃഷി വകുപ്പും തമ്മില്‍ ഒപ്പ് വെച്ചു.

അബുദാബി കൃഷി വകുപ്പിനെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ജനറല്‍ സയ്യിദ് അല്‍ ബാഹ്‌രി സാലെം അല്‍ അമേരിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസുഫലിയുമാണ് യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പ് വെച്ചത്. യു എ ഇ കാലാവസ്ഥ വകുപ്പ് മന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി മറിയം അല്‍ മെഹെരി എന്നിവരും സന്നിഹിതരായിരുന്നു. അബുദാബിയില്‍ നടക്കുന്ന ഭക്ഷ്യ പ്രദര്‍ശനമായ സിയാല്‍ മിഡില്‍ ഈസ്റ്റിനോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്.

പ്രാദേശിക വിപണിയെയും കര്‍ഷകരെയും ലുലുവുമായുള്ള കരാര്‍ ഏറെ സഹായിക്കുമെന്ന് അബുദാബി കൃഷി വകുപ് ഡയറക്ടര്‍ ജനറല്‍ സയ്യിദ് അല്‍ അമേരി പറഞ്ഞു. ഉല്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താന്‍ ലുലു ഗ്രൂപ്പുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ യിലെ കാര്‍ഷിക മേഖലയെയും കര്‍ഷകരെയും പിന്തുണയ്ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രാദേശിക വിപണിയില്‍ നിന്നും നേരിട്ട് ഗുണമേന്മയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിച്ച് വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മിതമായ വിലയില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഉള്‍പ്പെടെ മുപ്പതിലേറെ രാജ്യങ്ങള്‍ നാല് ദിവസത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി